സീറോ മലങ്കര നവംബർ 04 ലൂക്കാ 6: 37-42 അന്യരെ വിധിക്കരുത്

ഒരുപാട് നല്ല ഉപദേശങ്ങളുടെ ഒരു സമാഹാരമാണ് ഇന്നത്തെ സുവിശേഷഭാഗം. യേശുവിന്റെ അനുയായികളെ തിരിച്ചറിയുന്നതിനുള്ള എളുപ്പമാർഗമാണ്, അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നത്. കാരുണ്യത്തിന്റെയും ദൈവികനന്മകളുടെയും പ്രതിരൂപങ്ങളായിരിക്കണം തന്റെ ശിഷ്യർ എന്ന് യേശു ആഗ്രഹിക്കുന്നു. കരുണ എന്നത് ദൈവത്തിന്റെ ‘ബലഹീനത’ ആയതിനാൽ മറ്റുള്ളവരോട് കരുണ കാണിക്കുന്നവർക്ക്‌ ദൈവത്തിൽ നിന്നും ധാരാളമായി അത് ലഭിക്കും. ഇത്, ശത്രുക്കളെ സ്നേഹിക്കുക എന്ന ക്രിസ്തുവിന്റെ നൂതനകൽപനയുടെ ഭാഗം തന്നെയാണ്. സ്‌നേഹത്താലും കാരുണ്യത്താലും ലോകത്തെ കീഴടക്കുന്ന ഒരു പുതിയ വ്യവസ്ഥിതിയുടെ തുടക്കമാണിത്. അതുപോലെ തന്നെ പാപികളെയും ചുങ്കക്കാരെയും തങ്ങളുടെ സുഹൃദ്വലയത്തിൽ നിന്നും അകറ്റിനിർത്തിയ അന്നത്തെ മനോഭാവത്തിനെതിരെയുള്ള ഒരു വെല്ലുവിളിയും. അപ്രായോഗികമെന്നു ലോകം കരുതുന്ന ഇത്തരം സുകൃതങ്ങൾ തങ്ങളുടെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കി കാണിക്കുമ്പോൾ അവിടെയൊക്കെ ദൈവത്തെ സന്നിഹിതമാകാൻ ക്രിസ്തുശിഷ്യനു സാധിക്കുന്നു.

ഇവിടെ ക്ഷമിക്കുക എന്നതുകൊണ്ട് യേശു അർഥമാക്കുന്നത്, ക്ഷമിക്കുന്നവൻ തന്റെ പ്രതിയോഗിയെ തനിക്കെതിരെയുള്ള കടപ്പാടിൽ നിന്നും മോചിപ്പിക്കുന്നു എന്നതാണ്. പഴയനിയമത്തിൽ ജൂബിലിവർഷങ്ങളിൽ മാത്രം നടപ്പാക്കിയിരുന്ന ഈ രീതി ക്രിസ്തുശിഷ്യൻ അനുദിനം നടപ്പാക്കണം. ചെളിക്കുണ്ടിൽ വീണുകിടക്കുന്നവനെ നോക്കിച്ചിരിക്കാൻ ആർക്കും സാധിക്കും. അവിടെ നിന്ന് അവനെ കൈപിടിച്ചുയർത്താൻ ഹൃദയത്തിൽ നന്മയുണ്ടായിരിക്കണം. ഈ പറഞ്ഞ സുകൃതങ്ങളൊക്കെ ദൈവികപ്രവൃത്തി ആയതിനാൽ ദൈവത്തിന്റെ അളവില്ലാത്ത അനുഗ്രഹങ്ങൾ മറ്റുള്ളവരോട് കരുണ കാണിക്കുന്നവരുടെ മേൽ ഉണ്ടാകുമെന്നാണ് യേശു പറയുന്നത്.

യേശുവിനെ അനുധാവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ യേശുകേന്ദ്രീകൃതമായ ഒരു പുതിയ ഭ്രമണപഥത്തിലൂടെ യാത്ര ചെയ്യാൻ ഒരുക്കമുള്ളവരായിരിക്കണം. ഈ ഗ്രഹപഥത്തിന് പുറത്തുപോകാതിരിക്കണമെങ്കിൽ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഇത്തരം നിയമങ്ങൾ അനുസരിക്കണം. ‘കുരുടൻ കുരുടനെ നയിക്കുക’ എന്നത് വിശ്വാസവും ഉൾക്കാഴ്ചയുമില്ലാതെ യേശുവിന്റെ പേരും പറഞ്ഞ് മറ്റുള്ളവരെ നേർവഴിക്കു നയിക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചാണ്. അതുകൊണ്ടാണ് ഉടൻ തന്നെ ഗുരുശിഷ്യബന്ധത്തെക്കുറിച്ചും യേശു ഇവിടെ പറയുന്നത്. ഒരുപാട് ഗുരുക്കന്മാരുള്ള ഇന്നത്തെ ലോകത്തിൽ എല്ലാത്തരത്തിലുമുള്ള അന്ധകാരത്തെയും എടുത്തുകളയാൻ കഴിയുന്ന യഥാർഥ ഗുരുവായ യേശുവിനെ അനുധാവനം ചെയ്യാൻ നമുക്കു സാധിക്കണം. മറ്റുള്ളവരുടെമേൽ കരുണ ചൊരിഞ്ഞ് യേശുവിൽ നിന്ന് ഒരുപാട് കരുണയ്ക്ക് അർഹരാകുന്നവരായി നമുക്കിന്നു മാറാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍