പ്രസംഗം: നോമ്പുകാലം ഏഴാം ഞായർ മാർച്ച് 29, ദുഃഖവെള്ളി

ദിവ്യകാരുണ്യ ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരെ,

IESUS NAZARENUS REX IUDAEORUM ദുഃഖവെള്ളിയുടെ അലയടികളുമായി കുരിശിലേക്ക് ഒന്നുനോക്കിയാല്‍ ആ കുരിശിന്റെ മുകളിലായി തൂങ്ങിയാടുന്ന എഴുത്താണ് INRI – IESUS NAZARENUS REX IUDAEORUM. യൂദന്മാരുടെ രാജാവായ നസ്രായന്‍ ആയ ഈശോ. നിഷ്‌കളങ്കമായ ഒരു ജീവിതത്തെ യഹൂദനിയമത്തിന് ശിക്ഷിക്കാന്‍ ഒരു കാരണം ആവശ്യമായിരുന്നു. ആ കാരണമാണ് INRI.

എന്താണ് യഥാര്‍ഥത്തില്‍ ഈ ദുഃഖവെള്ളി? ചരിത്രങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം ദൈവം മനുഷ്യനെ ശിക്ഷിക്കുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലാദ്യമായി മനുഷ്യന്‍ ദൈവത്തെ ശിക്ഷിച്ചതിന്റെ ഓര്‍മ്മയല്ലേ ഈ ദുഃഖവെള്ളി! കുഞ്ഞുനാളിലൊക്കെ ഒരുപക്ഷേ നാം ചിന്തിച്ചിരിക്കാം എന്തിനാണീശോയേ, നീ പടയാളികളാല്‍ ഒരു കുറ്റവാളിയെപ്പോലെ പിടിക്കപ്പെട്ടത്? ഒറ്റപ്പറച്ചില്‍ പോരായിരുന്നോ നിന്നെ ബന്ധിച്ച ചങ്ങലകള്‍ തകര്‍ന്നുവീ ഴില്ലായിരുന്നോ? എന്തിനാണ് ഈശോയേ, നീ പീലാത്തോസിന്റെയും ന്യായാധിപസംഘത്തിന്റെയും മുമ്പില്‍ വാക്ചാതുര്യം കൊണ്ട് വിജയം നേടാ തിരുന്നത്? ഉപവസിച്ചിരുന്ന നിന്നെ പരീക്ഷിക്കാന്‍ വന്ന പിശാചിനെ വചനം കൊണ്ടു കീഴടക്കിയ നിനക്ക് പീലാത്തോസൊക്കെ എത്ര നിസ്സാരമായിരുന്നു? എന്തിനാണ് ഈശോയേ, നിന്നെ മുള്‍ക്കിരീടം ധരിപ്പിച്ചപ്പോഴും ചാട്ടകൊണ്ട് അടിച്ചപ്പോഴുംവേദന കൊണ്ടു നീറിയത്? ജന്മനാ രോഗിയായിരുന്നവരെ സുഖപ്പെടുത്തിയ നിനക്ക് വേദനകളില്‍നിന്ന് ഓടിയകലാന്‍ മേലായിരുന്നോ? എന്തിനാണ് ഈശോയേ, മരക്കുരിശില്‍ നിന്നെ തറച്ചപ്പോഴും നീ സ്വയം രക്ഷിക്കുന്നതു കാണാന്‍ നിന്നവരുടെ മുമ്പില്‍ ഒരു പരാജിതനെപ്പോലെ എല്ലാം സഹിച്ചു നിന്നുകൊടുത്തത്? മരിച്ചവനെ പ്പോലും ഉയര്‍പ്പിച്ചവനെ, ഓടിയകലാന്‍ മേലായിരുന്നോ നിന്റെ മരണത്തിന്റെയും വേദനകളുടെയും മുമ്പില്‍നിന്ന്. നിന്നെ ‘സീറോ’ ആയി കണ്ടവരുടെ മുമ്പില്‍ ഒരു ‘സൂപ്പര്‍ ഹീറോ’ ആയി നിനക്ക് തീരാമായിരുന്നല്ലോ.
ഇത്തരം ചോദ്യങ്ങളില്‍ മനസ്സ് നിറഞ്ഞുനില്‍ക്കുമ്പോള്‍ എല്ലാ പീഡാനുവ വെള്ളിയിലും ഈശോ നമ്മോടു പറയുന്നുണ്ട്, എല്ലാ കുരിശുകള്‍ക്കും ഒരു അര്‍ഥമുണ്ടെന്നും എല്ലാ വേദനകള്‍ക്കും ഒരു ദൈവികപദ്ധതിയുണ്ടെന്നും എല്ലാ സഹനങ്ങള്‍ക്കും ഒരു കാരണമുണ്ടെന്നും.

ജീവിതത്തിലെ ചില രോഗങ്ങള്‍ക്കു മുന്‍പില്‍, ചില സഹനങ്ങള്‍ക്കു മുമ്പില്‍, ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ക്കു മുമ്പില്‍ നാം പ്രാര്‍ഥിക്കുന്നത്, ദൈവമേ എന്നോട് എന്തിങ്ങനെ? ഒന്ന് മാറ്റിത്തന്നൂടെ എന്റെ വേദനകള്‍, ഒന്നു മാറ്റിത്തന്നൂടെ ഈ കടബാധ്യതകള്‍, ഒന്ന് മാറ്റിത്തന്നൂടെ ഈ ബലഹീനതകള്‍, രോഗങ്ങള്‍, ജീവിതപ്രാരാ ബ്ധങ്ങള്‍ എല്ലാം.നമ്മുടെ ജീവിതത്തിന്റെ കുരിശുകള്‍ മാറണമെന്നു നാം പ്രാര്‍ഥിക്കുമ്പോള്‍ സ്വയമേ മാറ്റാമായിരുന്ന ജീവിതസഹനങ്ങളെ ദൈവഹിതമായി സ്വീകരിച്ച ഒരു മനുഷ്യനാണ് ഈശോ.

പ്രിയമുള്ളവരേ, ദുഃഖവെള്ളിയാഴ്ച ഈശോ നമ്മെ പഠിപ്പിക്കുന്ന ആദ്യപാഠം അതാണ്. എല്ലാ സഹനങ്ങളിലും ഒരു ദൈവികപദ്ധതി കണ്ടെത്തണമെന്ന്. ഗത്സമെനില്‍, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ എന്നു പ്രാര്‍ഥിച്ച ഈശോ, നമുക്കും മാതൃകയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ സഹനത്തിന്റെവേളകളില്‍ നമുക്കും പ്രാര്‍ഥിക്കാം, ദൈവമേ, എന്റെ ഹിതമല്ല നിന്റെ ഹിതം മാത്രം എന്റെ ജീവിതത്തില്‍ നടക്കണമെ എന്ന്.

ഈ ദുഃഖവെള്ളിയില്‍ നമ്മുടെ മനസ്സില്‍ ഒരുപക്ഷേ നിറയുന്ന രണ്ടാമത്തെ ചോദ്യം, എന്തിനാണ് ഈശോ മരിച്ചത് എന്നാണ്. ഇതിന്റെ ഉത്തരം യോഹ. 15:13-ല്‍ നിന്നും നമുക്ക് കണ്ടെത്താനാകും. സ്‌നേഹിതര്‍ക്കുവേണ്ടി ജീവനര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ആര്‍ക്കുവേണ്ടി ഒരു മനുഷ്യന്‍ ജീവനര്‍പ്പിക്കുന്നു അവര്‍ അവന്റെ സ്‌നേഹിതന്‍ ആണെന്ന്.
മനുഷ്യവര്‍ഗത്തെ മുഴുവന്‍ സ്‌നേഹിതരായി കണ്ടുകൊണ്ട് സ്വന്തം ജീവിതം നല്‍കിയതാണ് ഈശോ ചെയ്ത കാര്യം. യഹൂദനിയമമനുസരിച്ച്, ചെയ്ത പാപങ്ങള്‍ക്കു പരിഹാരമായി ബലിയര്‍പ്പിക്കപ്പെടണം എന്നതായിരുന്നു ആചാരം.

പഴയ നിയമത്തില്‍ നാം കാണുന്നുണ്ട്, പാപപരിഹാരബലികളും ദഹനബലികളുമെല്ലാം അര്‍പ്പിക്കുന്നത്. കുഞ്ഞാടുകളും കാളക്കുട്ടികളുമെല്ലാം യഹൂദനിയമപ്രകാരം ബലിയായിത്തീര്‍ന്നവയാണ്. എന്നാല്‍ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി എന്നേക്കുമായി ഒരു ബലിയര്‍പ്പിക്കണമായിരുന്നു. അതിനായി ദൈവം തയ്യാറാക്കിയത് സ്വന്തം പുത്രനായ ഈശോയെത്തന്നെ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആടുകളും കാളകളും ബലിയര്‍പ്പിക്കപ്പെട്ടിരുന്ന കാലത്ത് ഇനി ഒരു ഉറുമ്പുപോലും ബലിയായി മാറേണ്ട, മറിച്ച് ബലിയാകാന്‍ ഈശോ തന്നെ വന്നിരിക്കുന്നു. അതായത് നമ്മുടെയെല്ലാം പാപങ്ങള്‍ക്കുവേണ്ടി ഈശോയാകുന്ന കുഞ്ഞാട് മുറിക്കപ്പെട്ട ദിനമാണ് ദുഃഖവെള്ളി.

ഈശോയാണ് പുതിയ നിയമത്തിന്റെ ബലിമൃഗമെന്ന് നിസ്സംശയം നമുക്കു പറയാം. കാരണം, അതിന് തെളിവ് ബൈബിള്‍തന്നെ നല്‍കുന്നുണ്ട്. യൂദാസ് 30 വെള്ളിക്കാശാണ് ഈശോയ്ക്ക് ഇട്ട വില എന്നാണ് മത്തായിയുടെ സുവിശേഷത്തില്‍ നാം ധ്യാനിക്കുന്നത്. അതായത്, കൊലയ്ക്കായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ആടുകളെ നോക്കാന്‍ നിയമിക്കപ്പെടുന്ന ഇടയന്റെ കൂലിയാണ് 30 ഷെക്കല്‍. ഒരു കാള ഒരു അടിമയെ കുത്തിമുറി വേല്‍പ്പിച്ചാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥനു നല്‍കേണ്ട നഷ്ടപരിഹാരത്തുകയാണ് 30 ഷെക്കല്‍. അതായത്, ഒരു മൃഗത്തിന്റെ കൂലിക്ക് ചേര്‍ത്തുവയ്ക്കാവുന്ന കൂലി. പെസഹാക്കുഞ്ഞാടിന്റെ അസ്ഥികള്‍ തകരരുത് എന്ന നിയമവും ഈശോയുടെ അസ്ഥികള്‍ തകര്‍ക്കാതെ പാര്‍ശ്വം മാത്രം കുത്തിത്തുളയ്ക്കുമ്പോള്‍ വീണ്ടും ഈശോയാകുന്ന പെസഹാക്കുഞ്ഞാടിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇങ്ങനെ എനിക്കും നിനക്കുംവേണ്ടി ഒരു മനുഷ്യന്‍ ഒരു കുറ്റവും ചെയ്യാതെ കുരിശില്‍ നിസ്സഹായനായിക്കിടക്കുമ്പോള്‍ ഈശോ പറയുന്നത് ഇത്രമാത്രം. ”ഞാന്‍ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ക്കും സ്‌നേഹിക്കാനാവട്ടെ.” ”ഞാന്‍ സ്‌നേഹിതനുവേണ്ടി ഇല്ലാതായതുപോലെ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുവേണ്ടി ഇല്ലാതാവാന്‍ കഴിയട്ടെ.”

പ്രിയമുള്ളവരേ, കുടുംബങ്ങളിലും ഭാര്യഭര്‍തൃ ബന്ധങ്ങളിലും ജോലിസ്ഥലങ്ങളിലുമെല്ലാം നിന്റെ സഹോദരനുവേണ്ടി, ഭാര്യയ്ക്കുവേണ്ടി, മക്കള്‍ക്കുവേണ്ടിയൊക്കെ ഇല്ലാതാവാന്‍ നമുക്കാവണം. കുറവുകളെ മനസ്സിലാക്കി അവര്‍ക്കുവേണ്ടി ഇല്ലാതാവാന്‍, അവരുടെ സങ്കടങ്ങള്‍ കേട്ട് അവര്‍ക്കുവേണ്ടി ഇല്ലാതാവാന്‍, സാമീപ്യവും സാന്നിധ്യവും സമയവുമൊക്കെ കൊടുത്ത് അവര്‍ക്കുവേണ്ടി സ്വയം ഇല്ലാതാവാന്‍ ഈ ദിനം ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു.
ദുഃഖവെള്ളിയുടെ ഈ ദിനത്തില്‍ ഈ രണ്ടു കാര്യങ്ങള്‍ നമ്മുടെ മനസ്സിലിരിക്കട്ടെ. ആദ്യത്തേത് ജീവിതത്തിന്റെ എല്ലാ സഹനങ്ങളിലും ദൈവഹിതം തിരിച്ചറിയാന്‍ നമുക്കാവണം. രണ്ടാമത്തേത് മറ്റുള്ളവര്‍ക്കുവേണ്ടി ഇല്ലാതായ ഈശോയെപ്പോലെ നമ്മുടെ ജീവിതത്തിലും മറ്റുള്ളവര്‍ക്കു വേണ്ടി സഹനങ്ങളിലൂടെ ഇല്ലാതാവാന്‍ നമുക്ക് കഴിയണം.

ഓര്‍ക്കണം, ദുഃഖവെള്ളി ഒരിക്കലും ഒരു ഫുള്‍സ്‌റ്റോപ്പ് അല്ല, മറിച്ച് ഒരു കോമയാണ്. ഫുള്‍ സ്‌റ്റോപ്പില്‍ എല്ലാം തീര്‍ന്നു എന്നാണ് അര്‍ഥം; എന്നാല്‍ കോമയില്‍ ഇനിയും ചിലത് ബാക്കിയുണ്ടെന്നും. അങ്ങനെയെങ്കില്‍ ദുഃഖവെള്ളി ഓര്‍മ്മിപ്പിക്കുന്നത് ഇതിവിടെ തീരുന്നില്ല എന്നാണ്. വേദനകളുടെയും സഹനത്തിന്റെയുമെല്ലാം ഒരു കോമ ഇട്ടിട്ട് മൂന്നു ദിവസങ്ങള്‍ക്കുശേഷം ഒരു ഉയിര്‍പ്പുണ്ട്. അന്നാണ് പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കാണുന്നത്, ഒരു ഫുള്‍സ്‌റ്റോപ്പ് കാണുന്നത്. അതിനാല്‍ ദുഃഖത്തിന്റെ ഈ ദിവസത്തിലും പ്രതീക്ഷയുടെ മൂന്നാം ദിനത്തിനായി നമുക്ക് കാത്തിരിക്കാം.ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡീക്കന്‍ മിജോ കൊല്ലന്റെകിഴക്കേതില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.