വിശുദ്ധ മദര്‍ തെരേസയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനകള്‍  

വിരലുകളിൽ കോർത്തിട്ട ജപമാലയാലും അധരങ്ങളിൽ നിന്ന് ഒഴിയാത്ത പ്രാർത്ഥനകളാലും അപരനിൽ ക്രിസ്‌തുവിനെ കാണുന്നതിനുള്ള ആഴമായ ആത്മീയതയാലും ലോകത്തെ കീഴടക്കിയ വ്യക്തിയാണ് കൽക്കട്ടയിലെ വി. മദർ തെരേസ. മനുഷ്യത്വം നഷ്ടപ്പെടുന്ന ഒരു ലോകത്ത്, ദൈവസ്നേഹത്തെ അന്യനിലേയ്ക്ക് ഒഴുക്കുന്നത് ജീവിതം കൊണ്ട് കാണിച്ചുതന്ന വിശുദ്ധ.

മദർ തെരേസയ്ക്ക് ഇത് എങ്ങനെ സാധിച്ചു എന്നു ചോദിച്ചാൽ അതിനുത്തരം, മദറിന് ദൈവവുമായി അത്രത്തോളം ആഴമായ ബന്ധം ഉണ്ടായിരുന്നതു കൊണ്ടായിരുന്നു എന്ന് കണ്ടെത്തുവാൻ കഴിയും. വേദനിക്കുന്നവന്റെ മുറിവുകളിൽ, ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്തുവാൻ മദറിന് കഴിഞ്ഞതുകൊണ്ടു മാത്രമാണ് പാവങ്ങളുടെ അമ്മയായി മാറുവാൻ മദറിന് കഴിഞ്ഞത്.

ഇനി അതെങ്ങനെ സാധിക്കും. അതിന് ക്രിസ്തുവിനെ കണ്ടെത്തുവാൻ അടങ്ങാത്ത ഒരു ദാഹം വേണം. ഈ ദാഹം മദർ തെരേസയ്‌ക്കു ലഭിച്ചത് ആഴമായ പ്രാർത്ഥനാജീവിതത്തിൽ നിന്നാണ്. മദര്‍ തെരേസയുടെ പ്രാർത്ഥനാജീവിതം നമുക്ക് വലിയ പ്രചോദനവും പ്രേരണയും നൽകുന്നുണ്ട്. ജപമാല, കുരിശിന്‍റെ വഴി, ലൊറേറ്റ മാതാവിന്‍റെ ജപമാല, ഈശോയുടെ തിരുഹൃദയ ജപമാല എന്നിവ മദര്‍ തെരേസയ്ക്ക് പ്രിയപ്പെട്ട പ്രാര്‍ത്ഥനകളായിരുന്നു. ഒപ്പം നമ്മുടെ ജീവിതവളര്‍ച്ചയ്ക്ക് അനിവാര്യമായ മറ്റു ചില പ്രാര്‍ത്ഥനകളും മദറിന്റെ അനുദിന പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുന്നു. അവ താഴെ കൊടുക്കുന്നു.

ക്രിസ്തുവിന് സാക്ഷ്യം നല്‍കുവാനുള്ള അനുഗ്രഹത്തിനായിട്ടുള്ള പ്രാര്‍ത്ഥന: 

വാ. കര്‍ദ്ദിനാള്‍ ന്യൂമാന്‍ എഴുതിയ പ്രാര്‍ത്ഥന

പ്രിയപ്പെട്ട ഈശോയേ, ഞങ്ങള്‍ എവിടെപ്പോയാലും അങ്ങയുടെ സൗരഭ്യം പരത്തുവാൻ ഇടയാക്കണമേ. അവിടുത്തെ ആത്മാവിനാലും ജീവനാലും ഞങ്ങളുടെ ആത്മാവ് നിറഞ്ഞു കവിയട്ടെ. ഞങ്ങളും ഞങ്ങള്‍ക്കുള്ളവയും നിന്‍റെ കാന്തിയാല്‍ തിളങ്ങട്ടെ. ഞങ്ങളിലൂടെ അവിടുത്തെ സ്നേഹവും കാരുണ്യവും ലോകം മുഴുവനും പ്രസരിക്കട്ടെ. ലോകം ഞങ്ങളെ കാണുമ്പോള്‍ അങ്ങയെ ഓര്‍ക്കാന്‍ ഇടവരട്ടെ.

ഈശോയേ, ഞങ്ങളുടെ കൂടെ ആയിരിക്കണമേ. അങ്ങനെ നിന്‍റെ പ്രകാശത്തില്‍ ഞങ്ങളും പ്രശോഭിതരാകട്ടെ. ഓ പ്രകാശമായ ഈശോയേ, എല്ലാം നിന്നില്‍ നിന്നും വരുന്നു. നിന്റേതല്ലാത്തതായി ഒന്നുമില്ല. മറ്റുള്ളവര്‍ നിന്നിലൂടെ പ്രകാശിക്കട്ടെ. നീ സ്നേഹിച്ച വലിയ വഴികളെയോര്‍ത്ത് ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. വാക്കുകളേക്കാള്‍ ഉപരി ജീവിതം കൊണ്ട് ഞങ്ങള്‍ നിന്നെ സ്തുതിക്കട്ടെ. സ്നേഹത്തിന്‍റെ യഥാര്‍ത്ഥ മുഖം നിന്നില്‍ കണ്ടെത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

വി. ഫ്രാന്‍സിസ് അസീസ്സിയുടെ സമാധാന പ്രാര്‍ത്ഥന

ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ.

ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ. എന്തെന്നാൽ, കൊടുക്കുമ്പോഴാണ് ഞങ്ങൾക്കു ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങൾ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേയ്ക്ക് ജനിക്കുന്നത്.

കര്‍ത്താവിന്റെ യോഗ്യതയില്‍ വളര്‍ത്തുന്നതിനായുള്ള പ്രാര്‍ത്ഥന

വി. പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ പ്രാര്‍ത്ഥന

ലോകം മുഴുവനും വിശപ്പിനാലും ദാരിദ്രത്താലും വേദനിക്കുന്നവര്‍ക്കു വേണ്ടി ജീവിക്കുവാന്‍ കര്‍ത്താവേ, ഞങ്ങളെ യോഗ്യരാക്കണമേ. ഞങ്ങളുടെ കരങ്ങള്‍ വഴി അന്നന്നു വേണ്ട ആഹാരം അവര്‍ക്ക് നല്കണമേ. അങ്ങനെ അവിടുത്തെ സ്നേഹവും സന്തോഷവും ഞങ്ങള്‍ പങ്കുവയ്ക്കട്ടെ.

വി. ബെര്‍ണാഡിന്‍റെ പ്രാര്‍ത്ഥന

എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന് നിന്‍റെ സഹായം തേടി നിന്‍റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് നീ ഓര്‍ക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ട് നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച് കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമ്മേന്‍.

മിശിഹായുടെ ദിവ്യത്മാവിനോടുള്ള പ്രാര്‍ത്ഥന

മിശിഹായുടെ ദിവ്യാത്മാവേ, എന്നെ ശുദ്ധീകരിക്കണമേ. മിശിഹായുടെ ശരീരമേ, എന്നെ രക്ഷിക്കേണമേ. മിശിഹായുടെ തിരുരക്തമേ, എന്നെ ലഹരി പിടിപ്പിക്കണമേ. മിശിഹായുടെ തിരുവിലാവിലെ വെള്ളമേ, എന്നെ കഴുകണമേ. മിശിഹായുടെ കഷ്ടനുഭവമേ, എന്നെ ധെര്യപ്പെടുത്തണമേ.

നല്ല ഈശോ, എന്‍റെ അപേക്ഷ നീ കേള്‍ക്കേണമേ. അങ്ങയെ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചു കൊള്ളണമേ. അങ്ങില്‍ നിന്നും പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കരുതേ. ദുഷ്ടശത്രുവില്‍ നിന്നും എന്നെ കാത്തുകൊള്ളണമേ. എന്‍റെ മരണനേരത്തില്‍ എന്നെ അങ്ങേ പക്കലേയ്ക്ക് വിളിക്കേണമേ. അങ്ങേ പരിശുദ്ധന്മാരോടു കൂടെ നിത്യമായി അങ്ങയെ സ്തുതിക്കുന്നതിന്, അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് നീ കല്പിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.