ബെയ്‌റൂട്ട് സ്ഫോടനം: ഇരകളായവരെ സഹായിക്കുവാനായി അടിയന്തിര പദ്ധതിയുമായി കാരിത്താസ്

ബെയ്‌റൂട്ടിൽ സ്ഫോടനം നടന്നതിന്റെ പശ്ചാത്തലത്തിൽ ഇരകളായ ആളുകൾക്ക് സഹായങ്ങളെത്തിക്കുവാനും മറ്റും അടിയന്തിരപദ്ധതികൾക്ക് രൂപം കൊടുത്ത് കാരിത്താസ് ലബനോൻ. ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. സംഭവം നടന്ന സമയം മുതൽ കാരിത്താസ് പ്രവർത്തകർ പരിക്കേറ്റവർക്ക് സഹായമായും മറ്റും രംഗത്തുണ്ട്.

“സ്ഥിതി ഗുരുതരമാണ്. ഇത്രയും വലിയൊരു സാഹചര്യം ഞങ്ങൾ അനുഭവിക്കുന്നത് ഇതാദ്യമാണ്. ബുദ്ധിമുട്ടുള്ള എല്ലാവരെയും സഹായിക്കുന്നതിനായി ഞങ്ങൾ പ്രവർത്തനങ്ങൾ തുടരും” കാരിത്താസ് ലബനോനിന്റെ ഡയറക്ടർ റിത റയീം വെളിപ്പെടുത്തി. സ്‌ഫോടനത്തിൽ ഇതുവരെ നൂറു പേര് കൊല്ലപ്പെട്ടു കഴിഞ്ഞു. അതീവ ഗുരുതരനിലയിൽ കഴിയുന്നവർ ഏറെയാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.

“അടിസ്ഥാനപരമായി ഇത് വലിയൊരു ദുരന്തമാണ്. നാലായിരം പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. അത് ബെയ്റൂട്ടിനെയും സമീപപ്രദേശങ്ങളെയും പിടിച്ചുകുലുക്കി. ബെയ്‌റൂട്ട് ഇപ്പോൾ നേരിടുന്ന അരാജകത്വം വളരെ വലുതാണ്” കാരിത്താസിന്റെ യുവജന പ്രവർത്തകൻ വെളിപ്പെടുത്തി. കാണാതായ ആളുകളെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും തിരഞ്ഞുപിടിക്കുക, സ്ഫോടനം നടന്ന പ്രദേശങ്ങളിൽ ആളുകൾക്ക് ഭക്ഷണമെത്തിക്കുക, വൈദ്യസഹായം ലഭ്യമാക്കുക, അവശിഷ്ടങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ പ്രവർത്തികൾ ഏകോപിപ്പിച്ചു കൊണ്ടുപോവുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് കാരിത്താസ് പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.