ഒഡീഷയിൽ വീണ്ടും ക്രൈസ്തവർക്കു നേരെ ആക്രമണം

ഹിന്ദു മതമൗലികവാദികളുടെ ആക്രമണത്തെ തുടർന്ന് ഒഡീഷയിലെ ക്രൈസ്തവർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തെ നിരസിക്കാതെ ജീവിക്കുന്നതിനാൽ മതമൗലികവാദികൾ എത്തുകയും ക്രൈസ്തവ വിശ്വാസികളായ ജനങ്ങളുടെ വീടുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലെ സികപായിൽ ജൂൺ എട്ടിനായിരുന്നു ആക്രമണം.

40 കുടുംബങ്ങൾ ഉള്ള സ്ഥലത്ത് എട്ടു കുടുംബങ്ങൾ മാത്രമേ ക്രൈസ്തവ വിശ്വാസികളായി ഉണ്ടായിരുന്നുള്ളൂ. അടുത്ത നാടുകളിൽ നിന്നെത്തിയ ഒരു സംഘം അക്രമികൾ, ക്രിസ്ത്യൻ കുടുംബങ്ങളുടെ സാന്നിധ്യം അനുവദിച്ചുകൊടുക്കാനാകില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു വീടുകളിൽ കയറി ആക്രമണം നടത്തിയത്. അടുത്തുള്ള ഇടങ്ങളിൽ വെള്ളമെടുക്കാൻ ചെന്ന സ്ത്രീകളെ ഇതിനു മുൻപും വിരട്ടിയോടിച്ചിട്ടുണ്ട്. വീടുകൾക്ക് വൻതോതിൽ നാശനഷ്ടം സംഭവിച്ചതിനാലും അപകടഭീതിയുള്ളതിനാലും രക്ഷപ്പെട്ടവർ ഇപ്പോൾ കാടുകളിലാണ് അഭയം തേടിയിരിക്കുന്നത്.

“ഞങ്ങളുടെ വീടുകൾ അവർ നശിപ്പിച്ചേക്കാം. പക്ഷേ, യേശുക്രിസ്തുവിലുള്ള ഞങ്ങളുടെ വിശ്വാസത്തെ ഇല്ലായ്‌മ ചെയ്യുവാൻ അവർക്ക് സാധിക്കുകയില്ല” – അക്രമണത്തിന് ഇരയായവരിലൊരാൾ പറഞ്ഞു; കല്യാൺസിംഗ്പ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒഡീഷയിലെ ചെറിയ ഗ്രാമങ്ങളിലെ വളരെ ചെറിയ ക്രിസ്ത്യൻ സമൂഹത്തെ ഹിന്ദു തീവ്രവാദികൾ മനഃപൂർവ്വം ആക്രമിക്കുകയും അവരുടെ മതസ്വാതന്ത്ര്യത്തെയും അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെയും നിഷേധിക്കുകയും ചെയ്യുന്നുവെന്ന് കട്ടക്ക് – ഭുവനേശ്വർ രൂപതയിലെ പുരോഹിതൻ ഫാ. പുരുഷോത്തമ നായിക് പറഞ്ഞു. ഭാരതീയ ജനതാപാർട്ടി 2014-ൽ അധികാരത്തിൽ വന്നതു മുതൽ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് വർദ്ധിച്ചുവെന്ന് ക്രൈസ്തവ സംഘടനയായ ഓപ്പൺ ഡോർസ് പറഞ്ഞു.

മതപരമായ സ്വാതന്ത്ര്യം ഉറപ്പുനൽകേണ്ട ഒരു ഭരണഘടന ഭാരതത്തിനുണ്ടെങ്കിലും നീതി ലഭിക്കുന്നില്ലെന്ന് കല്യാൺസിംഗ്പ്പൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.