മാനുഷീക പ്രതിസന്ധിക്ക് കാരണം ആയുധങ്ങളും യുദ്ധസാമഗ്രികളുമെന്ന് മോണ്‍. ഔസാ

ആയുധങ്ങളും യുദ്ധസാമഗ്രികളും സ്വതന്ത്യമായി പ്രവഹിക്കുന്നിടത്താണ് ലോകത്തെ ഏറ്റം വലിയ മാനുഷീക പ്രതിസന്ധിയെന്ന് പാലസ്തീനയെക്കുറിച്ചും മദ്ധ്യകിഴക്കൻ രാജ്യങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്‍റെ തുറന്ന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനും അപ്പോസ്തലീക നുൺഷിയോയുമായ ബെർണർഡിത്തോ ഔസാ വെളിപ്പെടുത്തി.

ഒക്ടോബർ 13ന് ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥന ഉദ്ധരിച്ച് ഫലപ്രദമായ പ്രതിവിധികൾക്കായി സത്യസന്ധതയോടും സുതാര്യതയോടും കൂടെ ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ട മോണ്‍. ഔസാ  ജന്മനാടും, വീടും വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുന്നവർക്ക് മനുഷ്യാവകാശപരവും, അവരുടെ വംശപരവുമായ സംരക്ഷണവും പുതിയ സംഘർഷങ്ങളും അനീതിയും ഒഴിവാക്കാനും വേണ്ട മാർഗ്ഗങ്ങൾ കാണണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പാലസ്തീനിയൻ വിഷയത്തിലേക്ക് കടന്ന അദ്ദേഹം സുരക്ഷാ കൗൺസിലിന്‍റെ തീരുമാനത്തിന്‍റെ മൂന്നാം വർഷം പിന്നിട്ടിട്ടും സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.

അന്തർദേശീയ നിയമങ്ങൾക്കനുസൃതമായി വിശുദ്ധ സ്ഥലങ്ങൾ സംരക്ഷിക്കാനും ജറൂസലേം നഗരത്തിന്‍റെ നിലവിലുള്ള സ്ഥിതി നിലനിറുത്തി എല്ലാ മതവിശ്വാസികൾക്കും ഭയമില്ലാതെ സന്ദർശിക്കാനും ആരാധനയർപ്പിക്കാനും കഴിയണമെന്നും, സമാധാനവും സുരക്ഷിതത്വവും തേടി തങ്ങളുടെ വിശ്വാസത്തിന്‍റെ ജന്മഭൂമിയിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരുന്ന ക്രിസ്തീയ വിശ്വാസികളുടെ സ്ഥിതി അസ്വസ്ഥതയുളവാക്കുന്നതുമാണെന്നും അവരുടെ സാന്നിധ്യവും സാക്ഷ്യവും ആ ഇടങ്ങളിൽ അടിസ്ഥാനപരമാണെന്നും മോൺസിഞ്ഞോർ അറിയിച്ചു.

“ആയുധ സംഘർഷത്തിൽ ഇരകളാകുന്ന തുണയറ്റ ജനങ്ങളുടെ ജീവനും അന്തസ്സിനും സംരക്ഷണം ഉറപ്പാക്കുകയും പൊതുസ്ഥലങ്ങളായ ആശുപത്രികൾ, സ്കൂളുകൾ, ആരാധനാ സ്ഥലങ്ങൾ, അഭയാർത്ഥി കേന്ദ്രങ്ങൾ മുതലായവയും സംരക്ഷിക്കണം” എന്നുമുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥന ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്‍റെ പ്രഭാഷണം ഉപസംഹരിച്ചത്.

കടപ്പാട്: സി. റൂബിനി സി.റ്റി.സി
www.vaticannews.va