കൊറോണ രോഗികൾക്കായി 50 മെക്കാനിക്കൽ വെന്റിലേറ്ററുകൾ സംഭാവന ചെയ്ത് പെറുവിലെ ആർച്ചുബിഷപ്പ്

കൊറോണ വൈറസ് രോഗികളെ സഹായിക്കുന്നതിനായി ആർച്ചുബിഷപ്പ് ജോസ് അന്റോണിയോ എഗുറെൻ 50 മെക്കാനിക്കൽ വെന്റിലേറ്ററുകൾ സംഭാവന ചെയ്തു. പെറുവിലെ പിയൂറ, ടംബെസ്, സുല്ലാന എന്നിവിടങ്ങളിലെ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള ആശുപത്രികൾക്കാണ് സംഭാവന നൽകിയത്. പെറൂവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ്, നാഷണൽ സൊസൈറ്റി ഓഫ് ഇൻഡസ്ട്രീസ്, സാൻ ഇഗ്നേഷ്യോ ഡി ലയോള യൂണിവേഴ്‌സിറ്റി എന്നിവയുടെ “ബ്രീത്ത് പെറു” ക്യാമ്പയിന് നന്ദി പറഞ്ഞാണ് സെപ്റ്റംബർ 4 -ന് അദ്ദേഹം സംഭാവന നൽകിയത്.

“ഈ ക്ലിനിക്കൽ ഉപകരണങ്ങളുടെ പ്രധാനപ്പെട്ട ഗുണം ഉയർന്ന അളവിൽ ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികൾക്ക്  സഹായകമാക്കാൻ കഴിയും എന്നതാണ്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയോ ബാറ്ററികളോ ആവശ്യമില്ല. ഈ മഹാമാരിയുടെ ഏറ്റവും മോശം ഘട്ടത്തിൽ ഇക്വഡോറിലെ ഗ്വായാക്വിലിൽ വിജയകരമായി ഉപയോഗിച്ചതിന് സമാനമായ മാതൃകയാണ് ഇത്തരത്തിലുള്ള വെന്റിലേറ്റർ.”- പിയൂറ അതിരൂപത സെപ്റ്റംബർ 5 ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.

വെന്റിലേറ്ററുകൾക്ക് പുറമേ, തീവ്രപരിചരണ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കായി മാസ്കുകൾ, ശ്വസനത്തിന് സഹായിക്കുന്ന ഫിൽട്ടറുകൾ, ശസ്ത്രക്രിയാ മാസ്കുകൾ എന്നിവയും  ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 5 -ലെ റിപ്പോർട്ടുകൾ അനുസരിച്ച് പെറുവിൽ 683,702 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 29,687 പേർ രോഗബാധയാൽ മരിച്ചിട്ടുണ്ട്. പിയൂറയിൽ മാത്രം 30,000 പോസിറ്റീവ് കേസുകളാണുള്ളത്. 1,800 -ലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.