മുഖ്യദൂതനായ വി. മിഖായേലിനോടുള്ള ഭക്തി പ്രചരിപ്പിക്കുക: മാര്‍പാപ്പ

മുഖ്യദൂതനായ വി. മിഖായേലിനോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കുകയും കൂടുതലായി പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ. കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് മൈക്കല്‍ ദ ആര്‍ക്ക് ഏയ്ഞ്ചലിലെ അംഗങ്ങള്‍ക്ക് എഴുതിയ കത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

വാഴ്ത്തപ്പെട്ട ബ്രോണിസ്ലാവോ മാര്‍ക്കിവിസാണ് ഈ സഭ സ്ഥാപിച്ചത്. മൈക്കലൈറ്റ് വൈദികര്‍ എന്നാണ് ഇതിലെ അംഗങ്ങള്‍ അറിയപ്പെടുന്നത്. വി. ജോണ്‍ ബോസ്‌ക്കോയുടെ പ്രബോധനങ്ങള്‍ അനുസരിച്ച് മിഖായേല്‍ മാലാഖയോടുള്ള ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഈ സഭ സ്ഥാപിച്ചത്.

തിന്മയുടെ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് മിഖായേല്‍ മാലാഖയുടെ മാദ്ധ്യസ്ഥ്യം ഏറെ ശക്തിദായകമാണെന്നും ആത്മാവിന്റെയും ശരീരത്തിന്റെയും കരുണയ്ക്കു വേണ്ടിയുള്ള മഹത്തായ ദൗത്യമാണ് നിങ്ങള്‍ നിറവേറ്റുന്നതെന്നും സഭാംഗങ്ങള്‍ക്കെഴുതിയ കത്തില്‍ ജൂലൈ 29-നും പാപ്പാ എഴുതിയിരുന്നു.

2013 ജൂലൈയില്‍ മാര്‍പാപ്പ, വത്തിക്കാനെ വി. മിഖായേലിന്റെയും വി. ജോസഫിന്റെയും പ്രത്യേക സംരക്ഷണത്തിനായി പോപ്പ് എമിരത്തൂസ് ബനഡിക്ട് പതിനാറാമന്റെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. വത്തിക്കാന്‍ ഗാര്‍ഡനില്‍ വി. മിഖായേലിന്റെ രൂപം ആശീര്‍വദിക്കുകയും ചെയ്തിരുന്നു. ഇറ്റാലിയന്‍ നാഷണല്‍ സിവില്‍ സ്റ്റേറ്റ് പോലീസിന്റെ മദ്ധ്യസ്ഥനും വി. മിഖായേലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.