മാതാവിന്റെ പ്രത്യക്ഷീകരണം: ഏഴാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ഗ്വാഡലൂപ്പേ മാതാവ്

അമേരിക്കൻ ഐക്യനാടുകളുടെ തെക്കൻ രാജ്യമായ മെക്സിക്കോയിൽ വച്ച് 1531 ഡിസംബർ 9 -ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പോയ ജുവാൻ ഡീഗോ (Juan Diego) ക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്, ‘എന്റെ മകനേ, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടാണ്. അവിടെ ഒരു പള്ളി പണിയണമെന്നും ഈ കാര്യങ്ങൾ നഗരത്തിൽ ചെന്ന് മെത്രാനെ അറിയിക്കണമെന്നും പരിശുദ്ധ അമ്മ ജുവാനോട് ആവശ്യപ്പെട്ടു.

അമ്മ പറഞ്ഞതനുസരിച്ച് ബിഷപ്പിനെ കാണാൻ ജുവാൻ യാത്രയായി. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം പറഞ്ഞ കാര്യങ്ങൾ അവൻ ബിഷപ്പിനെ അറിയിച്ചുവെങ്കിലും ഈ പ്രദേശത്ത് എങ്ങനെ പള്ളി പണിയുമെന്ന സംശയമുണ്ടായ ബിഷപ്പ്, ആലോചിച്ചിട്ട് മറുപടി പറയാമെന്നു പറഞ്ഞു ജവാനെ തിരികെ അയച്ചു.

തിരിച്ച്‌ നാട്ടിലെത്തിയ ജുവാന് അമ്മ വീണ്ടും പ്രത്യക്ഷപ്പെട്ട്, ബിഷപ്പിന്റെ  അരികിൽ ചെന്ന് ആ സ്ഥലത്ത് പള്ളി പണിയണമെന്ന ആവശ്യം ആവർത്തിക്കാൻ പറഞ്ഞു. പള്ളി പണി തുടങ്ങുന്നതിനു മുമ്പ് പരിശുദ്ധ മാതാവിന്റെ ഒരു അടയാളം കാണിക്കാൻ ബിഷപ്പ് ജുവനോട് ആവശ്യപ്പെട്ടു. ബിഷപ്പ് പറഞ്ഞ കാര്യം മാതാവിനെ അറിയിച്ച ജുവാനോട്, അടുത്ത തിങ്കളാഴ്ച ഒരു അടയാളം തരാമെന്ന് മാതാവ് പറഞ്ഞു.

പിന്നീട്, പകർച്ചപ്പനി ബാധിച്ചു കിടന്ന അമ്മാവന് അന്ത്യകൂദാശ നൽകാനായി വൈദികനെ അന്വേഷിച്ചിറങ്ങിയ സമയത്ത് മാതാവ് വീണ്ടും ജുവാന് പ്രത്യക്ഷപ്പെട്ടു കൊണ്ട്, അമ്മാവനെ സുഖപ്പെടുത്തിക്കഴിഞ്ഞു എന്നും വേഗം മലമുകളിൽ പോയി അവിടെ വിടർന്നുനിൽക്കുന്ന പനിനീർ പൂക്കൾ ശേഖരിച്ചുകൊണ്ടു വരാനും ആവശ്യപ്പെട്ടു. മലമുകളിൽ എത്തിയ യുവാൻ പൂക്കളുണ്ടാകാൻ സാധ്യതയില്ലാത്ത ആ സമയത്ത് മഞ്ഞു മൂടിയ മലയിൽ നിറയെ റോസാപ്പൂക്കൾ കണ്ട് അത്ഭുതപ്പെടുകയും താൻ ധരിച്ച മേലങ്കിയിൽ ആ പൂക്കൾ ശേഖരിക്കുകയും ചെയ്തു. പരിശുദ്ധ അമ്മ മേലങ്കിയുടെ രണ്ടുവശവും മടക്കി അയാളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു, ഇതാണ് ബിഷപ്പിനെ കാണിക്കാനുള്ള അടയാളം.

അങ്ങനെ മെത്രാനെ കാണാൻ പോയ ജുവാൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ച് മേലങ്കിയിൽ താൻ ശേഖരിച്ച റോസാപ്പൂക്കൾ താഴെയിട്ടു. പൂക്കളുണ്ടാവാൻ ഇടയില്ലാത്ത ആ സമയത്ത് റോസാപൂക്കൾ കണ്ട അവർ അത്ഭുതപ്പെട്ടു. അതിലും വലിയ അത്ഭുതം മാതാവിന്റെ അതിമനോഹരമായ ചിത്രം ആ മേലങ്കിയിൽ പതിഞ്ഞിരിക്കുന്നതായിരുന്നു.

പിന്നീട് മാതാവ് പറഞ്ഞതനുസരിച്ച് പ്രത്യക്ഷീകരണസ്ഥലത്ത് ഒരു ദേവാലയം പണിതു. അന്നു മുതൽ പതിനായിരക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുന്ന വലിയ അത്ഭുതങ്ങൾ നടക്കുന്ന തീർത്ഥാടനകേന്ദ്രമായി മാറി ആ സ്ഥലം.

പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങളുടെ സമൂഹങ്ങളെയും നാടിനെയും അവിടുത്തെ  നീലമേലങ്കിയിൽ സമർപ്പിക്കുന്നു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.