മാതാവിന്റെ പ്രത്യക്ഷീകരണം: നാലാം ദിവസം

ജോബിഷ് പള്ളിത്തോട്‌

ജപമാല രാജ്ഞി

കത്തോലിക്കാ തിരുസഭയിൽ ജപമാല ഭക്തി ആദ്യമായി പ്രചരിപ്പിച്ചത് പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. ഡൊമിനിക്ക് ആണെന്ന് സഭയുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നു. സ്പെയിനിൽ കാസ്റ്റൈൽ (Castile) എന്ന പ്രദേശത്ത് ഒരു പ്രഭുകുടുംബത്തിൽ ജനിച്ച ഡൊമിനിക്, ഇരുപത്തി അഞ്ചാമത്തെ വയസ്സിൽ വൈദികനായി.

ആ കാലഘട്ടത്തിൽ സഭ നേരിട്ടിരുന്ന വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു ആൽബിജീൻസിയൻ (albigensian) പാഷണ്ഡത. ഭൗതികമായവ തിന്മയായും അരൂപിയായതിനെ മാത്രം നന്മയായും സ്വീകരിക്കുന്ന ആൽബിജീൻസിയൻ പാഷണ്ഡത ക്രിസ്തുവിന്റെ ദൈവപുത്രസ്ഥാനത്തെ എതിർക്കുകയും കേവലം ഒരു മാലാഖ മാത്രമാണ് ക്രിസ്തു എന്ന് പറയുകയും ചെയ്യുന്നു. അതുകൊണ്ട് ത്രീത്വത്തെയും ഈശോയുടെ മനുഷ്യാവതാരത്തെയും ഉയിർപ്പിനെയും അവർ നിഷേധിക്കുന്നു.

ഫ്രാൻസിൽ തന്റെ ബിഷപ്പിന്റെ കൂടെ യാത്ര ചെയ്ത ഡൊമിനിക്, ആൽബിജീൻസിയൻ പാഷണ്ഡത ആ നാട്ടിൽ വരുത്തിക്കൂട്ടിയ തിന്മയുടെ ശക്തി നേരിൽ കണ്ടു. പിന്നീടുള്ള ഡൊമിനിക്കിന്റെ ജീവിതം പാഷണ്ഡതയിൽ ഉൾപ്പെട്ടവരുടെ വിശ്വാസ സംരക്ഷണത്തിനായി അദ്ദേഹം ചെലവഴിച്ചു.

1208 -ൽ പോവിൽ എന്ന സ്ഥലത്ത് ദൈവമാതാവിന്റെ ദേവാലയത്തിൽ മുട്ടുകുത്തി സഭക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ വി. ഡൊമിനിക്കിന് ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ജപമാല നൽകിക്കൊണ്ട് അത് പ്രസംഗിക്കാൻ ആവശ്യപ്പെട്ടു. ആൽബിജീൻസിയൻ പാഷണ്ഡതയെ പരാജയപ്പെടുത്താൻ തന്റെ പ്രസംഗങ്ങളേക്കാൾ ഉപകരിക്കുക ജപമാലയാണെന്ന് വിശുദ്ധന് നന്നായി അറിയാമായിരുന്നു. ജപമാല ഭക്തിയും അഭിഷേകത്തോടെയുള്ള ദൈവവചന വ്യാഖ്യാനവും ജീവിതവിശുദ്ധിയും പാഷണ്ഡതയിൽ അകപ്പെട്ടവരുടെ മാനസാന്തരത്തിന് കാരണമായി.

സഭയിൽ ജപമാല ഭക്തി വളർന്നു പന്തലിക്കുവാൻ മറ്റൊരു കാരണം കൂടിയുണ്ട്. 1571 -ൽ ക്രിസ്ത്യൻ സൈന്യം തുർക്കിയുടെ പടയോട് ഏറ്റുമുട്ടിയ സംഭവം. അന്ന് യുദ്ധത്തിന്റെ വിജയത്തിനായി 5ാം പീയൂസ് മാർപാപ്പയും ഭക്തജനങ്ങളും ജപമാല ചൊല്ലുകയും അവസാനം ക്രിസ്ത്യൻ സൈന്യം വിജയം വരിക്കുകയും ചെയ്തു. വിജയത്തിന്റെ വാർഷികം വിജയമാതാവിന്റെ തിരുനാളായി ആഘോഷിക്കുന്നു. ഗ്രിഗോറിയൻ പതിമൂന്നാമൻ മാർപാപ്പ ഈ തിരുനാളിന് ‘ജപമാല തിരുനാൾ’ എന്ന് പുനർനാമകരണം ചെയ്തു. ലെയൊ പതിമൂന്നാമൻ മാർപാപ്പ ഒക്ടോബർ മാസത്തെ ജപമാല മാസമായും പ്രഖ്യാപിച്ചു.

ജപമാല രാജ്ഞിയായ അമ്മേ മാതാവേ, ഈശോയോടുള്ള ഭക്തിയിൽ നിന്നു മാറിനിൽക്കുന്ന എല്ലാവരെയും അമ്മയുടെ ജപമണി മുത്തുമണികളിൽ പ്രത്യേകമായി സമർപ്പിക്കുന്നു.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.