മാതാവിന്റെ പ്രത്യക്ഷീകരണം: ഇരുപത്തിയൊൻപതാം ദിവസം

ജോബിഷ് പള്ളിത്തോട്‌

വളർത്തമ്മ വല്ലാർപാടത്തമ്മ

ഏഷ്യയിലെ ആദ്യത്തെ മരിയൻ ദേവാലയമാണ് വല്ലാർപാടം ദേവാലയം. 1524 -ൽ പോർച്ചുഗീസ് മിഷനറിമാരാണ് വല്ലാർപാടം ബസിലിക്ക ദേവാലയം സ്ഥാപിച്ചത്. 1752 -ൽ ഈ പ്രദേശത്തെ മീനാക്ഷി എന്ന അമ്മയുടെയും അവളുടെ കുഞ്ഞിന്റെയും ജീവിതത്തിൽ പരിശുദ്ധ അമ്മ നടത്തിയ അത്ഭുതകരമായ ഇടപെടലാണ് ഈ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ നടന്നത്.

വളരെയധികം കാറ്റും കോളും നിറഞ്ഞ കായലിലൂടെ കൊച്ചിയിലെ മട്ടാഞ്ചേരിയിൽ ലേക്ക് തോണിയിൽ സഞ്ചരിച്ചിരുന്ന മീനാക്ഷിയും കുഞ്ഞും വലിയൊരു അപകടത്തിൽപെട്ട് കായലിന്റെ ആഴത്തിലേക്ക് മുങ്ങിപ്പോയി. മൂന്നു ദിവസത്തേക്ക് ഇവരെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. കായലിന്റെ ആഴങ്ങളിലേക്ക്  പൊയ്‌ക്കൊണ്ടിരുന്ന മീനാക്ഷി, വല്ലാർപാടം ദേവാലയത്തിലെ അമ്മയോട് ഇപ്രകാരം പ്രാർത്ഥിച്ചു: “അമ്മ ഞങ്ങളെ രക്ഷിച്ചാൽ ജീവിതകാലം മുഴുവൻ ഞാനും എന്റെ കുഞ്ഞും ഈ ദേവാലയത്തിൽ അടിമകളായിരുന്നു കൊള്ളാം.”

മൂന്നു ദിവസം കഴിഞ്ഞപ്പോൾ പള്ളിവികാരിക്കുണ്ടായ ദിവ്യദർശനം വഴി, കായലിന്റെ ഒരു പ്രത്യേക സ്ഥലത്ത് വലയിറക്കുകയും മീനാക്ഷിയെയും അവളുടെ കുഞ്ഞിനെയും കരക്കെത്തിക്കുകയും ചെയ്തു. ഇവർക്ക് യാതൊരു കുഴപ്പവും കാണാഞ്ഞതിനാൽ മറ്റുള്ളവർ, സംഭവിച്ച കാര്യങ്ങളെക്കുറിച്ചു തിരക്കി. അപ്പോൾ മീനാക്ഷി പറഞ്ഞു: “ഒരു ദിവ്യസ്ത്രീ ഞങ്ങളെ സംരക്ഷിച്ചു. വല്ലാർപാടത്തമ്മയാണ് ഞങ്ങളെ രക്ഷിച്ചത്.” ഈ വാർത്ത വളരെ വേഗത്തിൽ പ്രചരിക്കുകയും അങ്ങനെ എറണാകുളം ജില്ലയിൽ മരിയഭക്തിയുള്ള ഒരു വിശ്വാസി സമൂഹം രൂപപ്പെടുകയും ചെയ്തു.

മീനാക്ഷിയമ്മയെ അനുഗമിച്ച് വല്ലാർപാടത്ത് അടിമ വയ്ക്കുന്ന ഒരു വലിയ ഭക്തമുറ ഇവിടെ ഇന്നും നിലകൊള്ളുന്നു. ആപത്തുകളിൽ തുണക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അമ്മയുടെ കയ്യിൽ പുത്രൻ ഇരിക്കുന്നു, അതിനു താഴെയായി അമ്മയുടെ ഇടപെടൽ ലഭിച്ച മീനാക്ഷിയുടെയും കുഞ്ഞിന്റെയും ചിത്രം. ‘വിമോചന മാതാവ്’ എന്ന പേരിലാണ് ഈ ചിത്രം അറിയപ്പെടുന്നത്.

1888 സെപ്റ്റംബർ 23 -ന് ലിയോ പതിമൂന്നാമൻ മാർപാപ്പ, ഈ ദേവാലയത്തിൽ വന്നു പ്രാർത്ഥിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചു. 1981 -ൽ ഭാരത സർക്കാർ, വല്ലാർപാടം ദേവാലയത്തെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. 2004 -ൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ ഈ ദേവാലയത്തെ ബസിലിക്കായായി ഉയർത്തി. ഭാരതത്തിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായും അനുഗ്രഹത്തിന്റെ സ്രോതസ്സായും ഈ മരിയൻ തീർത്ഥാടനകേന്ദ്രം നിലകൊള്ളുന്നു.

വല്ലാർപാടത്തമ്മേ, ഞങ്ങൾക്കെന്നും കാവലായിരിക്കണമെ.

ജോബിഷ് പള്ളിത്തോട്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.