ആകുലതയും ഭയവും നിങ്ങളെ വലയ്ക്കുന്നോ? എങ്കിൽ ഈ പ്രാർത്ഥന ചൊല്ലാം

നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളെക്കുറിച്ചുള്ള ആകുലതകൾ നമ്മെ കീഴ്പ്പെടുത്താറുണ്ട്. പലപ്പോഴും ഒരു എത്തുംപിടിയും കിട്ടാത്ത കാര്യങ്ങൾ. എങ്ങനെയൊക്കെ സംഭവിക്കും എന്ന് യാതൊരു ഊഹവും കിട്ടാത്ത നിരവധി കാരണങ്ങൾ നമ്മുടെ ജീവിതത്തെ വലയ്ക്കാറുണ്ട്. ആകുലതകളിൽ പലതും അനാവശ്യമാണെങ്കിൽ പോലും ഈ സമയത്ത് മനസ് അസ്വസ്ഥമാകുന്നതിനാല്‍ ശരിയായ വിധത്തിൽ ചിന്തിക്കുവാനും നമുക്ക് കഴിയില്ല.

പലപ്പോഴും ദൈവത്തിൽ പ്രത്യാശയില്ലാതെയാകുമ്പോഴാണ് ഇത്തരം ആകുലതകൾ,  ഇത് എന്നെക്കൊണ്ട് നടക്കില്ല എന്നൊക്കെയുള്ള നെഗറ്റിവ് ചിന്തകൾ നമ്മെ ഭരിക്കുന്നത്. ഇത്തരം ചിന്താഗതികൾ തുടരുന്നത് കൂടുതൽ അപകടകരവുമാണ്. എന്നാൽ, ഒറ്റയടിക്ക് ഇവയെ പുറന്തള്ളുക എന്നത് മനുഷ്യന് അസാധ്യമായ ഒന്നാണ്. അതിന് ദൈവത്തിന്റെ സഹായം നമുക്ക് ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ദൈവത്തോട് യാചിക്കുവാൻ നമ്മെ സഹായിക്കുന്ന ഒരു പ്രാർത്ഥന ചുവടെ ചേർക്കുന്നു.

“എന്റെ ദൈവമേ, എന്നിൽ നിന്നും അകന്നു പോകരുതേ. ആകുലതകളും ഭയവും എന്നേയും എന്റെ ആത്മാവിനെയും കീഴടക്കുന്ന ഈ നിമിഷം എന്നെ സഹായിക്കാനായി കടന്നുവരണമേയെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു. ഈ ചിന്തകളിൽ നിന്ന് എങ്ങനെ ഞാൻ രക്ഷപെടും. ഈ ചിന്തകളെ എങ്ങനെ ഞാൻ ഒഴിവാക്കും എന്ന് എനിക്ക് പറഞ്ഞു തരേണമേ.

ഞാൻ നിങ്ങൾക്കു മുമ്പേ പോകും എന്നും നിങ്ങൾക്കു മുന്നിൽ അറിവിന്റെ വാതിൽ തുറന്നു തരുമെന്നും അരുളിച്ചെയ്ത ഈശോയെ, ഈ നിമിഷം അങ്ങയുടെ വാക്ക് അനുസരിച്ച് പ്രവർത്തിക്കേണമേ. അങ്ങനെ എന്നെ അലട്ടുന്ന ഈ പൈശാചികമായ ചിന്തകൾ എന്നെ വിട്ടുപോകട്ടെ. എന്റെ സഹായകനും ആശ്വാസദായകനുമായ ദൈവമേ, അങ്ങിൽ ഞാൻ ശരണം വയ്ക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. അങ്ങയുടെ സമാധാനത്താലും ക്ഷമയാലും എന്നെ നിറക്കേണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.