പ്രമുഖ ആംഗ്ലിക്കൻ ബിഷപ്പ് കത്തോലിക്കാ സഭയിലേക്ക്

പ്രമുഖ ആംഗ്ലിക്കൻ ബിഷപ്പ് മൈക്കിൾ നസീർ-അലി കത്തോലിക്കാ സഭയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. അടുത്ത മാസത്തിൽ തന്നെ നസീർ-അലിയെ ഒരു കത്തോലിക്കാ വൈദികനായി നിയമിക്കാനാണ് തീരുമാനമെന്ന് ‘ദി സ്പെക്ടേറ്റർ’ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 14 -ലെ പ്രസ്താവനയിൽ പറയുന്നത് അനുസരിച്ച് നസീർ-അലി മോൺ. കെയ്ത്ത് ന്യൂട്ടണുമായി ഇത് സംബന്ധിച്ച സംഭാഷണം നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ അനുയോജ്യമായ സമയത്ത് പൗരോഹിത്യം നൽകുമെന്നും മോൺസിഞ്ഞോർ വ്യക്തമാക്കി.

“അപ്പസ്തോലികവും പാരമ്പര്യവും അനുരഞ്ജനപരവുമായ പഠനങ്ങളെ ജീവിതത്തിൽ പകർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിയമാനുസൃതമായ ആംഗ്ലിക്കൻ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ വളരെ പ്രോത്സാഹജനകമാണ്, കൂടാതെ, ആരാധനാക്രമത്തിലെ അത്തരം പാരമ്പര്യം, ബൈബിൾ പഠനത്തോടുള്ള സമീപനങ്ങൾ, സമൂഹത്തോടുള്ള പ്രതിബദ്ധത, ധാർമ്മിക ദൈവശാസ്ത്ര രീതികൾ, കൂടാതെ മറ്റു പലതും സഭ പിന്തുടരുന്നു.” -മൈക്കിൾ നസീർ-അലി വെളിപ്പെടുത്തി.

1949 -ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ ജനിച്ച നസീർ-അലി കത്തോലിക്കാ സ്കൂളുകളിൽ ചേർന്നു. അദ്ദേഹത്തിന് ക്രിസ്ത്യൻ, മുസ്ലീം കുടുംബ പശ്ചാത്തലവും ബ്രിട്ടീഷ്, പാക്കിസ്ഥാൻ പൗരത്വവും ഉണ്ട്. 1976 -ൽ കറാച്ചിയിലും ലാഹോറിലും ജോലിചെയ്ത അദ്ദേഹം ആംഗ്ലിക്കൻ വൈദികനായി നിയമിക്കപ്പെട്ടു. പിന്നീട് ലാഹോർ കത്തീഡ്രലിന്റെ പ്രൊവോസ്റ്റായിത്തീർന്നു, പശ്ചിമ പഞ്ചാബിലെ റായ്വിണ്ടിന്റെ ആദ്യ ബിഷപ്പായി. 1994 -ൽ മെഡ്‌വേ, വടക്ക്, പടിഞ്ഞാറ് കെന്റ്, ലണ്ടൻ ബറോസ് ഓഫ് ബ്രോംലി, ബെക്‌സ്‌ലി എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന റോച്ചസ്റ്ററിന്റെ ബിഷപ്പായിരുന്നു അദ്ദേഹം.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 1999 മുതൽ ബ്രിട്ടനിലെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡ്സ് അംഗമായി സേവനമനുഷ്ഠിച്ചു. ആംഗ്ലിക്കൻ, റോമൻ കാത്തലിക് ഇന്റർനാഷണൽ കമ്മീഷൻ (ARCIC-II), യൂണിറ്റി ആൻഡ് മിഷൻ ഇന്റർനാഷണൽ ആംഗ്ലിക്കൻ-റോമൻ കാത്തലിക് കമ്മീഷൻ (IARCCUM) എന്നിവയിൽ അംഗമായി സേവനമനുഷ്ഠിച്ചു.

2002 -ൽ, കാന്റർബറിയിൽ നിന്നും വിരമിക്കുന്ന ആർച്ചുബിഷപ്പ് ജോർജ്ജ് കാരിക്ക് പിൻഗാമിയാകാൻ സാധ്യതയുള്ള ഒരാളായി യുകെ മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു. അദ്ദേഹം നിലവിൽ ഓക്സ്ഫോർഡ് സെന്റർ ഫോർ ട്രെയിനിംഗ്, റിസർച്ച്, അഡ്വക്കസി, ഡയലോഗ് (OXTRAD) പ്രസിഡന്റാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.