ബുര്‍ക്കീനോ ഫാസോയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കീനോ ഫാസോയില്‍ 130 ആളുകള്‍ കൊല്ലപ്പെടാനിടയായ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. യാഹാ പ്രൊവിന്‍സില്‍ നടന്ന ആക്രമണത്തില്‍ ഏഴ് കുട്ടികളും മരണപ്പെട്ടു. അടുത്ത കാലങ്ങളില്‍ ബുര്‍ക്കീനോ ഫാസോയില്‍ നടന്നതില്‍ വച്ച് ഏറ്റവും തീവ്രമായ ആക്രമണമായിരുന്നു ഇതെന്നും വിലയിരുത്തപ്പെടുന്നു. ആക്രമണം നടത്തിയത് തീവ്രവാദികളാണെന്നാണ് നിഗമനമെങ്കിലും ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

“മരിച്ച വ്യക്തികളുടെ ബന്ധുക്കളോടും കുടുംബത്തോടും മുഴുവന്‍ ബുര്‍ക്കീനോ ഫാസോ ജനതയോടുമുള്ള എന്റെ സാമീപ്യവും കരുതലും പ്രാര്‍ത്ഥനയും ഞാന്‍ അറിയിക്കുന്നു. അടിയ്ക്കടിയുണ്ടാവുന്ന ഈ ആക്രമണങ്ങളെ അപലപിക്കുന്നു. ആഫ്രിക്കയ്ക്ക് ആവശ്യം സമാധാനമാണ്, അക്രമമല്ല” – പാപ്പാ പറഞ്ഞു.

ക്രൈസ്തവരേയും മുസ്ലിംങ്ങളേയും ലക്ഷ്യമിട്ടുള്ള തീവ്രവാദി ആക്രമണത്തില്‍ ഇതിനോടകം ധാരാളം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി വൈദികരും സമര്‍പ്പിതരും വിശ്വാസികളും ഇസ്ലാമിക തീവ്രവാദികളുടെ തട്ടിക്കൊണ്ട് പോകലിനും കൊലപാതകങ്ങള്‍ക്കും ഇരയായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.