തുർക്കിയിലെ പുരാതന അർമേനിയൻ ദൈവാലയം നിലംപരിശാക്കി

തുർക്കിയിലെ കതാഹ്യയിലെ പുരാതന അർമേനിയൻ ദൈവാലയം പൂർണ്ണമായും തകർത്തു. വി. ടോറസിന്റെ നാമത്തിലുള്ള ഈ ദൈവാലയം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ്. വളരെ കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ ദൈവാലയത്തെ സ്വകാര്യ ഉടമസ്ഥർ ഏറ്റെടുത്തശേഷം പൂർണ്ണമായും ഇല്ലാതാക്കുകയായിരുന്നു.

അർമേനിയൻ ഗവേഷകനായ അർഷാഗ് അൽബൊയാസിയാൻ നടത്തിയ ചരിത്രപരമായ അന്വേഷണമനുസരിച്ച്, പള്ളി പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഗ്നിബാധയ്ക്ക് ഇരയാവുകയും പിന്നീട് പുനർനിർമ്മിക്കുകയും ചെയ്തു. പ്രാദേശിക പാരമ്പര്യമനുസരിച്ച് വി. ടോറസിന്റെ കുതിരയുടെ മുദ്ര പതിപ്പിച്ച ഒരു പാറ ഈ ദൈവാലയത്തിൽ ഉണ്ടായിരുന്നു. ആ പാറയിൽ ഇരിക്കുകയും വൈദികർ വന്നു വചനം വായിച്ചു പ്രാർത്ഥിക്കുകയും ചെയ്താൽ രോഗങ്ങൾ സുഖപ്പെടും എന്ന വിശ്വാസം നിലനിന്നിരുന്നു.

1915-ന് മുമ്പ് ഏകദേശം 4,000 അർമേനിയക്കാർ ഈ തുർക്കി നഗരത്തിൽ ജീവിച്ചിരുന്നു. അതിനുശേഷം നടന്ന അർമേനിയൻ വംശഹത്യയ്ക്കു ശേഷം 65 അർമേനിയൻ ക്രൈസ്തവർ മാത്രമേ ഈ നഗരത്തിൽ അവശേഷിച്ചിരുന്നുള്ളൂ. അർമേനിയൻ വംശഹത്യയ്ക്കുശേഷം ജീവനോടെ അവശേഷിച്ചവർ മറ്റു സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്തു. ഈ ദൈവാലയം അവരുടെ വിശാസത്തിന്റെ ഒരു സ്മാരകമായി നിലകൊള്ളുകയും ചെയ്തു. കാലക്രമേണ പലപ്പോഴും ഈ ദൈവാലയം മറ്റു പല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് അർമേനിയക്കാരെ വേദനിപ്പിച്ചുവെങ്കിലും പ്രതികരിക്കുവാൻ കഴിഞ്ഞിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.