സഹനപുത്രി അല്‍ഫോന്‍സാമ്മ; ജൂലൈ 28

”വസ്ത്രത്തിന്റെ അരികുകള്‍ വരെ ഒഴുകിയിറങ്ങുന്ന ദൈവാഭിഷേകത്തിന്റെ ശക്തിയാര്‍ജ്ജിക്കുക” ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളാണിവ. സഹന കടല്‍ നീന്തി ദൈവാഭിഷേകത്തിന്റെ ശക്തി കേരള ജനതക്ക് പകര്‍ന്ന് കൊടുത്ത വി. അല്‍ഫോന്‍സാമ്മയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് മുമ്പിലാണ് നാം. ഈ പ്രപഞ്ചം എല്ലാവര്‍ക്കും ഓരോ നിയോഗങ്ങള്‍ കോറിയിട്ടിട്ടുണ്ട് എന്ന് നാം പറയാറുണ്ട്. വി. അല്‍ഫോന്‍സാമ്മയുടെ നിയോഗവും ഇതായിരുന്നു – സഹനത്തിലൂടെ ക്രിസ്തുവിന് സാക്ഷിയാവുക. സാക്ഷ്യജീവിതത്തിന്റെ നൈര്‍മല്യവും, സഹനജീവിതത്തിന്റെ വിശുദ്ധിയും ലളിത ജീവിതത്തിന്റെ സൗന്ദര്യവും എത്ര മനോഹരമായിട്ടാണ് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഓര്‍മ്മ തെളിച്ച കാലം തൊട്ടേ ക്രിസ്തുവിന്റെ വഴിയിലൂടെ പാദം വച്ച് നീങ്ങിയ ആ കാല്‍പാദങ്ങള്‍ അനേകര്‍ക്ക് ക്രിസ്തുവിലേക്കുള്ള വഴി കാണിച്ച് കൊടുത്തു. ഈ ഭൂമിയിലെ 36 വര്‍ഷത്തെ ജീവിതം കൊണ്ട് ജീവിതമെന്നത് എത്ര മനോഹരമാണെന്ന് സഹനങ്ങള്‍ എത്ര മധുരതരമാണെന്ന് അവളുടെ ജീവിതം നമ്മെ പഠിപ്പിച്ചു. സഹനങ്ങള്‍ക്ക് പിന്നില്‍ ചില ദൈവീക കാരണങ്ങളുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം. അതുകൊണ്ടാണ് നിസ്സാരയായ ഈ കന്യാസ്ത്രീയുടെ കല്ലറയില്‍ പുഷ്പങ്ങളും മെഴുകുതിരികളും ഇന്നും നിറഞ്ഞ് നില്‍ക്കുന്നത്. കുരിശെടുക്കുക എന്ന സമര്‍പ്പണമൊഴികള്‍ക്ക് പ്രാണന്റെ പിന്‍ബലം നല്‍കിയ അല്‍ഫോന്‍സാമ്മ ഇന്നും സഹനവഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഒരു വഴിവിളക്കാണ്.

വെറും മുപ്പത്തിയാറു കൊല്ലത്തെ ജീവിതം. അസാധാരണമായതൊന്നും ആ മുപ്പത്തിയാറു കൊല്ലത്തില്‍ സംഭവിച്ചില്ല. പുറം ലോകമറിയുന്ന തരത്തിലുള്ള യാതൊന്നും ആ കന്യാസ്ത്രീ ചെയ്തില്ല. പക്ഷേ അവള്‍ ഹൃദയം തുറന്ന് സ്‌നേഹിച്ചു. സഹനത്തിന്റെ മലമുകളിലേക്ക് പരിഭവങ്ങളില്ലാതെ അവള്‍ നടന്ന് കയറി. അത്ര തീവ്രമായിരുന്നു ആ സഹനം. സഹനബലിയായിരുന്നു അവളുടെ ജീവിതം. സ്‌നേഹിച്ചും സഹിച്ചും തളര്‍ന്ന് എരിഞ്ഞെരിഞ്ഞ് ഒരു നാള്‍ ആ ജീവിതം പൊലിഞ്ഞു. പക്ഷെ സര്‍വ്വശക്തന്‍ അവളെ തന്റെ ചിറകിനു കീഴെ താഴ്മയോടെ നിര്‍ത്തി, അവളെ തക്ക സമയത്ത് ഉയര്‍ത്തി (പത്രോസ് 5,6). ഇന്നും ആ വിശുദ്ധിയുടെ സ്‌നേഹ പ്രവാഹം അനേകം ഹൃദയങ്ങളിലേക്കൊഴുകുന്നു. ജീവിത സഹനങ്ങളില്‍ ഉത്തരമില്ലാതെ നെഞ്ച് പിടയുമ്പോള്‍ ഈ പുണ്യവതിയുടെ പാഠശാലയിലേക്ക് പോകാം.

ഇന്ന് കത്തോലിക്കാ സഭ സഹനങ്ങളിലൂടെ കടന്ന് പോവുകയാണ്. വിശ്വാസ ജീവിതത്തെ വ്രണപ്പെടുത്തുന്ന വാര്‍ത്തകളും സംഭവങ്ങളും മാധ്യമങ്ങള്‍ ആവേശത്തോടെ അവതരിപ്പിക്കുമ്പോള്‍ നമുക്ക് ഓര്‍ക്കാം സഹനജീവിതത്തിലൂടെ ഉയര്‍ത്തെഴുന്നേറ്റതാണ് സഭ. ദൈവം ഓരോ കാലത്തിലും ആ കാലഘട്ടത്തിന് യോജിച്ച വിശുദ്ധരെ തരുമെന്ന് പറയാറുണ്ട്. ഇന്ന് സഭ സഹനങ്ങളുടെ മദ്ധ്യേ കടന്ന് പോകുമ്പോള്‍ ഈ പുണ്യവതി നമുക്ക് വഴികാട്ടിയാണ്. സുവിശേഷ പ്രഘോഷണത്തിന് വാക്കുകളെക്കാള്‍ ജീവിതമാണ് യോജിച്ചതെന്ന് അവള്‍ മനസ്സിലാക്കി തന്നു.

സഹനങ്ങളില്‍ പുലര്‍ത്തേണ്ട മനോഭാവങ്ങളെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ ചിത്രം ബൈബിള്‍ തുറന്ന് കാണിക്കുന്നുണ്ട്. ജീവിതത്തിന്റെ ഏറ്റവും കയ്‌പ്പേറിയ അനുഭവത്തിലേക്ക് സ്‌തോത്രഗീതം പാടികൊണ്ട് യാത്രയാക്കുന്ന ഈശോ. വി. അല്‍ഫോന്‍സാമ്മയുടെ ജീവിതവും ഇത്തരമൊരു ആഹ്വാനത്തിന്റെ പ്രത്യുത്തരമാണ്. സഹനങ്ങള്‍ വല്ലാതെ പിന്‍തുടര്‍ന്നപ്പോഴും പ്രതിസന്ധികളിലൂടെ നടന്ന് നീങ്ങിയപ്പോഴും അധരങ്ങളില്‍ ദൈവസ്തുതിയുടെ സങ്കീര്‍ത്തനങ്ങള്‍ കാത്തുവയ്ക്കുവാന്‍ അവള്‍ക്ക് സാധിച്ചു. സഹനവഴികളിലൂടെ ജീവിതത്തെ കരുപിടിപ്പിക്കുവാന്‍ പാടുപെടുന്നവര്‍ക്ക് അല്‍ഫോന്‍സാമ്മയുടെ ജീവിതം ഒരു ഉത്തരമാണ്. ജീവിതത്തെ കുറച്ചുകൂടി സ്‌നേഹിക്കാനുള്ള കരുത്താണ് ജീവിത സഹനങ്ങളിലൂടെ അല്‍ഫോന്‍സാമ്മ കാണിച്ചു തന്നത്. നമ്മെ സ്‌നേഹിക്കുന്ന നല്ല ദൈവത്തിന് നന്ദി പറഞ്ഞ് ഈ പുണ്യവതിയെപ്പോലെ വിശ്വാസത്തിലേക്ക് പറന്നുയരാം.

ഫാ. ഷിബു കുമ്പക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.