തിരക്കുകള്‍ക്ക് നടുവിലും ക്രിസ്തുവിന്റെ സ്‌നേഹം പാവങ്ങളിലേയ്ക്ക് പകരുവാന്‍ സമയം കണ്ടെത്തുന്ന ഒരു വൈമാനികന്‍ 

    ഒരാളുടെ ജീവിതത്തില്‍ അയാള്‍ നിര്‍വഹിക്കേണ്ടതായ പല കര്‍ത്തവ്യങ്ങളും ഉണ്ട്. ആ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകള്‍ക്ക് പലപ്പോഴും ആളുകള്‍ പറയുന്ന ഒരു   ന്യായം ആണ് ജോലിയാണ്, തിരക്കാണ് എന്നത്. പ്രത്യേകിച്ച് നല്ല കാര്യങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇടവകയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോഴാണ് കൂടുതലും നമുക്ക് തിരക്കുകള്‍ ഉണ്ടാവുക.

    എന്നാല്‍ ഒരുപാടു തിരക്കുകള്‍ ഉണ്ടായിട്ടും അവയ്ക്കിടയിലും സഹായം ആവശ്യമുള്ളവരിലേയ്ക്ക് എത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ആ വ്യക്തിയുടെ പേരാണ് ജൂലിയന്‍ ഗ്ലൂക്ക്. രാവിലെ ജോലിക്കുപോയി സന്ധ്യക്ക് തിരിച്ചു വീട്ടിലെത്തി വിശ്രമിക്കുന്ന ഒരാളാണ് ഇദ്ദേഹം എന്ന് കരുതിയാല്‍ തെറ്റി. അമേരിക്കന്‍ എയര്‍ ഫോഴ്‌സില്‍ ക്യാപ്റ്റനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

    സിറിയയിലും മറ്റും ഐഎസ് ഭീകരര്‍ക്കെതിരായുള്ള യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ വ്യോമസേനാ വിഭാഗത്തെ നയിക്കുന്ന ജൂലിയന്‍ ഗ്ലൂക്ക്. ഐഎസ് ഭീകരര്‍ക്കെതിരെയുള്ള യുദ്ധം. അതിനിടയില്‍ സഹായത്തിനായി ആരു വിളിച്ചാലും ഏതു മതവിശ്വാസത്തില്‍ ഉള്ളവര്‍ വിളിച്ചാലും അവിടെയൊക്കെ അദ്ദേഹം ഓടിയെത്തും. അഫ്ഗാനിസ്ഥാനില്‍ ഏകദേശം 35 ഓളം ദൗത്യങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ദൗത്യ പൂര്‍ത്തീകരണത്തിനു ശേഷം അദ്ദേഹം മുറിവേറ്റ സാധാരണ ജനങ്ങളെ ശുശ്രൂഷിക്കാനായി എത്തും. അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങളും വസ്ത്രങ്ങളും മരുന്നും ഒക്കെയായി. ‘ഐഎസ് ഭീകരരുടെ സാന്നിധ്യം ഉള്ള രാജ്യങ്ങളില്‍ ജനങ്ങളുടെ ജീവിതം വളരെ പരിതാപകരമാണ്. ജീവിതത്തിനും മരണത്തിനും ഇടയില്‍ ശ്വാസം മുട്ടി ജീവിക്കുന്നതിനു തുല്യമാണ് അത്. അവര്‍ക്കിടയില്‍ അവര്‍ക്ക് ആശ്വാസമായി മാറാന്‍ കഴിയുന്നത് വലിയ ഒരു അനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്.’ ജൂലിയന്‍ പറയുന്നു.

    നൈറ്റ്‌സ് ഓഫ് കൊളംബസ് എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായി ജൂലിയന്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചത് കോളേജ് കാലഘട്ടം മുതലാണ്. തുടര്‍ന്ന് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഒപ്പം ഇടവക ദേവാലയത്തിന്റെ നേതൃത്വത്തിലും മറ്റും നടന്ന പ്രവര്‍ത്തങ്ങളില്‍ സജീവമായി. അങ്ങനെ മുന്നോട്ട് പോകുന്നതിനിടയിലാണ് വ്യോമസേനയില്‍ ജോലി ലഭിക്കുന്നതും പീഡിതരായ ആളുകളുടെ ഇടയിലേയ്ക്ക് പോകുന്നതും. ദൈവത്തിന്റെ സ്‌നേഹം അവരിലേക്ക് പകരുന്നതിനുള്ള വഴിയാണ് ഇത്. തനിക്കു ദൈവം ജോലി തന്നത് മറ്റുള്ളവരെ സഹായിക്കുവാനും കൂടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ജൂലിയന്‍ സഹായത്തിനായി അപേക്ഷിക്കുന്ന ഓരോ വ്യക്തിയെയും ദൈവത്തിന്റെ സ്‌നേഹം മനസിലാക്കി കൊടുക്കുവാനായി തന്നെ ഏല്പിച്ചിരിക്കുന്ന വ്യക്തിയായാണ് കണക്കാക്കുക.

    ക്രിസ്തുമസിനായി ഒരുങ്ങുന്ന അവസരമാണ് ഇത്. നോമ്പിന്റെ വിശുദ്ധമായ നിമിഷങ്ങള്‍. ഈ നിമിഷങ്ങളില്‍ ജൂലിയനെ പോലെ തിരക്കുകള്‍ക്കിടയിലും ആവശ്യക്കാര്‍ക്കായി പറ്റുന്ന സമയം ഒക്കെ മാറ്റി വയ്ക്കാന്‍ ശ്രമിക്കാം. അങ്ങനെ ഈശോയുടെ ജനനത്തിനായി നമുക്ക് ഒരുങ്ങാം.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.