സന്തോഷമാണ് ക്രൈസ്തവർ ശ്വസിക്കുന്ന വായു: മാർപ്പാപ്പ

വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ, നിത്യജീവൻ സ്വന്തമാക്കാൻ എന്തു ചെയ്യണമെന്ന് ചോദിച്ച് യേശുവിനെ സമീപിക്കുകയും എന്നാൽ തന്റെ സമ്പത്ത് ഉപേക്ഷിക്കാൻ തയാറാകാതെ  വിഷമത്തോടെ മടങ്ങുകയും ചെയ്ത യുവാവിനെപ്പോലെ ആകരുത് ഒരു യഥാർത്ഥ ക്രിസ്ത്യാനിയെന്ന് മാർപ്പാപ്പ. തിങ്കളാഴ്ച കാസാ സാന്താ മാർത്തയിലെ സന്ദേശത്തിലാണ് മാർപ്പാപ്പ ഇക്കാര്യങ്ങൾ പറഞ്ഞത്.

സന്തോഷമാണ് ക്രൈസ്തവരുടെ ശ്വാസം

സന്തോഷമാണ് ക്രൈസ്തവർ ശ്വസിക്കുന്നത്. തങ്ങളെ സന്തോഷവാന്മാരായാണ് അവർ അവതരിപ്പിക്കുന്നത്. സന്തോഷമെന്നത് ബലമായി പിടിച്ചു വാങ്ങാനോ വിലയ്ക്ക് വാങ്ങാനോ സാധിക്കില്ല. പരിശുദ്ധാത്മാവിന്റെ ഫലമാണത്. നമ്മുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. മാർപ്പാപ്പ വ്യക്തമാക്കി.

പ്രത്യാശയും സമാധാനവും നൽകുന്ന സന്തോഷം

ഓർമ്മ, സ്മരണ എന്നിവയിലൊക്കെയാണ് ക്രൈസ്തവർ സന്തോഷം കണ്ടെത്തുന്നത്. കർത്താവ് നമുക്ക് ചെയ്ത കാര്യങ്ങളുടെ അനുസ്മരണവും സ്മരണയും. ആ സ്മരണയാണ് ഭാവിയെക്കുറിച്ചുള്ള പ്രത്യാശയിൽ നമ്മെ നയിക്കുന്നത്. സന്തോഷത്തോടെ ജീവിക്കാൻ സ്മരണയും പ്രത്യാശയും സഹായിക്കുമ്പോൾ, സമാധാനം താനേ ജീവിതത്തിലെ ഭാഗമാകുന്നു. അതുതന്നെയാണ് ക്രൈസ്തവ സന്തോഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ഈ സന്തോഷം നിലനില്‍ക്കുന്നത്

ഉല്ലാസത്തിനും സന്തോഷത്തിനുമുള്ള പലവിധ മാർഗങ്ങൾ ലോകം തരുന്നുണ്ട്. എന്നാൽ അവയൊന്നും പൂർണ സന്തോഷം നൽകുന്നില്ല. എന്നാൽ പരിശുദ്ധാത്മാവ് നൽകുന്ന ആനന്ദം ശാശ്വതമാണ്. അത് എന്നേയ്ക്കും നിലനില്‍ക്കുന്നു. ജീവിതത്തിലെ വിവിധ പരീക്ഷകളിലും വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും ആ സന്തോഷം നിലനിൽക്കും. സുവിശേഷത്തിലെ ധനികനായ യുവാവ് കരുതിയത് സമ്പത്തെല്ലാം ഉപേക്ഷിച്ചാൽ തന്റെ സന്തോഷം നഷ്ടമാകുമെന്നാണ്. കാരണം ക്രൈസ്തവന്റെ ശ്വാസം തന്നെ സന്തോഷമാണെന്ന് അവൻ മനസിലാക്കിയില്ല. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.