പശ്ചിമേഷ്യയിലെ പീഡിതരായ ക്രൈസ്തവര്‍ക്ക് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ മില്യന്‍ പൗണ്ട് സഹായം

പശ്ചിമേഷ്യയിലെ പീഡിതരായ ക്രൈസ്തവസമൂഹത്തിന് കത്തോലിക്കാ സന്നദ്ധസംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ സഹായം. 2019-ലെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം 7,50,000 ത്തോളം പൗണ്ട് സിറിയയിലെ ക്രൈസ്തവജനതയ്ക്കും 2,50,000 ത്തോളം പൗണ്ടുമാണ് ഇറാഖിലെ ക്രൈസ്തവജനതയ്ക്കുമായി സംഘടന നല്‍കിയത്.

സന്നദ്ധസംഘടന, സഹായം നല്‍കുന്നതിന്റെ തോത് ക്രൈസ്തവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന വലിയ പീഡനങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ ബ്രിട്ടണിലെ അധ്യക്ഷപദവി വഹിക്കുന്ന നെവില്ലി കിര്‍ക്കി സ്മിത്ത് പറഞ്ഞു. വി.  പൗലോസ് അപ്പസ്‌തോലനെ ഉദ്ധരിച്ച അദ്ദേഹം, നാം എല്ലാവര്‍ക്കും പ്രത്യേകിച്ച് വിശ്വാസത്തില്‍ ഒരേ കുടുംബത്തില്‍ അംഗമായിരിക്കുന്നവര്‍ക്ക് സഹായം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞു.

വേദനകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്ക് പ്രാദേശിക ദേവാലയങ്ങളിലൂടെയാണ് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് സഹായം എത്തിക്കുന്നത്. ആലപ്പോ നഗരത്തില്‍ 50,000 പൗണ്ട് ക്രൈസ്തവകുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി സംഘടന നല്‍കിയിട്ടുണ്ട്. ഇറാഖിന് ലഭിച്ച സാമ്പത്തിക സഹായത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്ക് സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി ലേലത്തില്‍ വിറ്റുകിട്ടിയ പണവും ഉള്‍പ്പെടുന്നുണ്ട്.

എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ സഹായത്താല്‍ ഇറാഖിലെ ഒരു കോണ്‍വെന്റ് പുതുക്കിപണിയും. അതോടൊപ്പം സഭ നടത്തുന്ന ഒരു കിന്‍ഡര്‍ ഗാര്‍ഡന്റെ കേടുപാടുകള്‍ മാറ്റാനും എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് സാമ്പത്തികസഹായം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.