ആഫ്രിക്ക എന്റെ സ്വർഗ്ഗം: 2

[avatar user=”Dileesh” size=”110″ align=”right”]Fr Dileesh[/avatar]

ലാസലെറ്റ് സഭാംഗം ആയ ഫാ. ദിലീഷ് പൊരിയംവേലില്‍ തന്റെ ആഫ്രിക്കൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

പ്രിയപ്പെട്ടവരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തിൽ നിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ് ( 1 യോഹ 4:7-8).

ദൈവം സ്നേഹമാണ്, ആ സ്നേഹത്തിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുക. ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രത്യേകത മറ്റുള്ളവർക്ക് കൊടുത്തുകൊണ്ടേയിരിക്കുക എന്നതാണ്. എന്നാൽ സ്നേഹിക്കുന്ന വ്യക്തികൾക്ക് ആ സ്നേഹം മൂലം വേദനകൾ ജീവിതത്തിലേക്ക് ഏറ്റുവാങ്ങേണ്ടി വരുന്നു. സ്നേഹിക്കുന്ന വ്യക്തി തന്നെ വേദനിപ്പിക്കുന്നവർക്കു പോലും കൊടുക്കും. ഈശോ നമ്മെ അത്രമാത്രം സ്നേഹിച്ചു; തന്റെ കൂടെ നിന്നവരെ മാത്രമല്ല തന്നെ വെറുത്തവരെയും, തള്ളിപ്പറഞ്ഞവരെയും, കുറ്റം വിധിച്ചവരെയും, പാപം ചെയ്തവരെയും അവിടുന്ന് സ്നേഹിച്ചു; സ്വന്തം ജീവൻ വെടിഞ്ഞു കൊണ്ടു പോലും നമ്മെ സ്നേഹിച്ചു.

ആ ദൈവത്തെ കാണിച്ചു തരുവാനാണ് അവിടുന്ന് എന്നെ ആഫ്രിക്കയിലെ റുട്ടേറ്റയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. റുട്ടേറ്റയിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വെള്ളം എടുക്കാനുള്ള സ്ഥലമൊക്കെ പോയികണ്ടു. അരക്കിലോമീറ്ററിൽ കൂടുതൽ നടക്കണം, എന്നാലും വെള്ളമുണ്ടല്ലോ എന്നാശ്വസിച്ചു. ജീവന്റെ ഉറവിടം ക്രിസ്തുവായതുപോലെ ജീവജാലങ്ങളുടെ നിലനിൽപിന് ജലം അത്യന്താപേക്ഷിതമാണ്. ജലം അമൂല്യമാണ്, അതൊരിക്കലും പാഴാക്കരുത്. ആളുകൾ കന്നാസിലാണ് വെള്ളം ശേഖരിക്കുന്നത്. കാരണം ഒരു തുള്ളി വെള്ളം പോലും നഷ്ടമാക്കാനില്ല എന്നവർക്കറിയാം. വെള്ളം ശേഖരിക്കാൻ വരുന്നവർ തമ്മിൽ വഴക്കില്ല, തർക്കങ്ങളില്ല എല്ലാവരും അവരവരുടെ ക്രമമനുസരിച്ച് വെള്ളം ശേഖരിക്കുന്നു. പ്രായനിറജാതിമതഭേദമന്യെ എല്ലാവരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. അവരുടെ ശാന്തത, സ്നേഹം, കരുതൽ, എല്ലാം എത്ര മനോഹരം.

അതിനു ശേഷം ചുറ്റുമുള്ള സ്ഥലങ്ങളിലേക്ക് കണ്ണോടിച്ചപ്പോൾ എല്ലാം കൃഷിയിടങ്ങൾ. റുട്ടേറ്റയിലെ 98% ആളുകളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. പ്രധാന ഭക്ഷണം വാഴക്കാപുഴുങ്ങിയത്. അതുണ്ടെങ്കിൽ അവർക്ക് മറ്റൊന്നും വേണ്ട. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള വാഴയ്ക്ക ഞാൻ കണ്ടിട്ടില്ല; റോബസ്റ്റ വാഴക്കുല പോലെയിരിക്കും പക്ഷെ ഇതാരും പഴുപ്പിച്ച് തിന്നാറില്ല. ഒന്നുകിൽ പയറോ അല്ലെങ്കിൽ കടലയോ ഇട്ട് വെറുതെ പുഴുങ്ങിയെടുക്കും; ചിലർ അതിന്റെ കൂടെ ഇറച്ചിയോ മീനോ ചേർക്കും, ഇതു കഴിക്കാൻ അവർക്ക് മറ്റു കറികളുടെ ആവശ്യമില്ല. എന്തെങ്കിലും ചെറിയ കൂട്ടായ്മകൾ ഉണ്ടെങ്കിൽ എല്ലാവരുടെയും ഭക്ഷണം അവിടെയാണ്. പല വീടുകളിൽ നിന്നും വരുന്നവർ കൃസ്ത്യൻ മുസ്ലീം സഹോദരങ്ങൾ ഒരുമിച്ചിരുന്നു ഒരേ പാത്രത്തിൽ നിന്നുതന്നെ ഭക്ഷണം കഴിക്കുന്നത് ഒരു മനോഹാരിതയാണ്. അഞ്ചും ആറും ആളുകൾ സ്ത്രീപുരുഷ ഭേദമന്യെ ഒരു പാത്രത്തിന്റെ ചുറ്റുമിരുന്നു ഭക്ഷണം കഴിക്കുന്നു.

മഴവെള്ളത്തെ ആശ്രയിച്ചാണവരുടെ കൃഷികൾ. വാഴ, കപ്പ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, പയർ, കടല, കാബേജ്, ചീര, വഴുതന, കാപ്പി, കാരറ്റ് മുതലായവയാണ് പ്രധാന കൃഷികൾ. ഈ വർഷത്തെ കാലം തെറ്റിയുള്ള മഴയും ഭൂമികുലുക്കവുമൊക്കെ അവരുടെ ജീവിതത്തെ ശരിക്കും പിടിച്ചുകുലുക്കി. ഇപ്പോഴും ഒരു മഴ പോലും കിട്ടാത്ത സ്ഥലങ്ങൾ ഇവിടെ വേറെയുണ്ട്. ദൈവമെ അവരെ അനുഗ്രഹിക്കണമെ, നല്ല കാലാവസ്ഥ നല്കണമെ.

തിരികെ പള്ളിയിലേക്ക് വരുന്ന വഴിയിൽ കണ്ട ചെറിയ കുറേ കടകൾ എല്ലാം തന്നെ അടഞ്ഞായിരുന്നു ഇരുന്നത്. വൈകുന്നേരങ്ങളിൽ കുറച്ചു സമയം ആണ് കടകൾ തുറക്കുക. എല്ലാ കടകളും തന്നെ പലകയടിച്ച് പ്രത്യേകരീതിയിൽ ഉണ്ടാക്കിയിട്ടുള്ളതാണ്. വെള്ളിയാഴ്ചയാണ് ഇവിടുത്തെ പ്രധാന മാർക്കറ്റ്; ഒരോരുത്തരും അവരുടെ പച്ചക്കറികൾ കൊണ്ടുവരും അത് വിൽക്കും എന്നിട്ടവർക്കാവശ്യമുള്ളത് വാങ്ങിക്കൊണ്ടു പോകും. പശു, ആട്, പന്നി തുടങ്ങിയവയും അറക്കുന്ന ചെറിയ കടകളുണ്ട്. ബുധനാഴ്ച അറക്കുന്ന ഈ ഇറച്ചികൾ ശനിയാഴ്ചയാകുമ്പോഴേക്കും വിറ്റുതീരും, ഫ്രിഡ്ജ് ഇല്ല, ഫ്രീസർ ഇല്ല, പക്ഷെ ഇറച്ചികളെല്ലാം കെട്ടിത്തൂക്കിയിടും. വിശേഷ ദിവസങ്ങളിലോ മറ്റും മാത്രമേ സാധാരണ ആളുകൾ ഇറച്ചി ഉപയോഗിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഒരു ഇറച്ചിക്കഷണം കഴിച്ച ഞാൻ ഇറക്കാനും തുപ്പാനും കഴിയാതെ ഇരുന്നു പോയിട്ടുണ്ട്. പിന്നീട് ചൂടുപാൽ കുടിച്ച് നാവ് പൊള്ളിയ പൂച്ചയുടെ അവസ്ഥയിലായിരുന്നു ഞാൻ, ഇറച്ചി കാണുമ്പോൾ കഴിക്കാൻ തോന്നും എന്നാൽ എടുക്കാനും കഴിക്കാനും പറ്റുന്നില്ല. അപ്പോൾ ഞാൻ ആശ്വസിച്ചു ഇതൊരു തുടക്കം മാത്രമല്ലെ, പിന്നീട് ഇതൊരു ശീലമായിക്കൊള്ളും. കൂടാതെ ദൈവസ്നേഹത്തിലാഴപ്പെടുവാനും, പ്രതിസന്ധികളെ അതിജീവിക്കുവാനും, അവിടുന്ന് വഴി കാണിച്ചു തരും.

ഏലിയാ പ്രവാചകന്റെ ജീവിതത്തിൽ സംഭവിച്ചതു പോലെ ദൈവത്തിന്റെ സ്വരം ശ്രവിച്ച് ഒളിവിൽ താമസിക്കേണ്ടിവരുന്ന പ്രവാചകനെ കാക്കകളാൽ ഭക്ഷണം കഴിച്ച് കെറീത്ത് അരുവിയിൽ നിന്ന് വെള്ളം കുടിച്ചും ദൈവം ഒരുക്കുകയായിരുന്നു വലിയ അത്ഭുതങ്ങൾക്ക് സാക്ഷിയാകുവാൻ, ദൈവത്തിന്റെ പ്രവാചകരെ പുച്ഛിച്ചവരെയും ഉൽമൂലനം ചെയ്തവരെയും പാഠം പഠിപ്പിക്കുവാൻ, ഇസ്രായേല്യരെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ, വരൾച്ചയ്ക്ക് അറുതി വരുത്തുവാൻ ( 1 രാജാക്കന്മാർ 17 മുതൽ). ദൈവത്തിന് ദൈവത്തിന്റെതായ പദ്ധതിയുണ്ട്, മനുഷ്യരുടെ ചിന്തക്കീതതമായാണവ സംഭവിക്കുക. ചിലപ്പോൾ തോന്നാം ദൈവമേ ഞാനെന്തു ചെയ്തിട്ടാണ് ഈ വേദനകളും സഹനങ്ങളും ഒറ്റപ്പെടലുകളും തിന്മകളുമൊക്കെ എന്റെ ജീവിതത്തിലേക്ക് വരുന്നത്; അതും ഒന്നിനു പിറകെ ഒന്നായി. അതിനുത്തരം ഇവയാണ് ദൈവസന്നിധിയിൽ വ്യാപരിക്കുക, സഹനങ്ങളിലെ ദൈവഹിതത്തെ തിരിച്ചറിയുക, സ്നേഹിക്കുക, ക്ഷമിക്കുക.

തിരികെ പള്ളിയിലേക്ക് വരുന്നവഴി എല്ലാവരുടെയും മുഖങ്ങളിൽ കണ്ട പുഞ്ചിരി അർജന്റീനക്കാരിയായ സിസ്റ്റർ സിസിലിയുടെ മുഖത്തെ ഓർമ്മിപ്പിച്ചു. ക്യാൻസർ രോഗാവസ്ഥയിലും പുഞ്ചിരിയോടെയും പ്രാർത്ഥനയോടെയും ജീവിതത്തിലെ വേദനകളിലെ നന്മ കാണിച്ചു തരികയായിരുന്നു സിസ്റ്റർ സിസിലി. കടുത്ത വരൾച്ചയിലും ദൈവത്തെ സ്തുതിച്ചു കൊണ്ട് അവരുടെ ഉപജീവന മാർഗ്ഗം മറ്റുള്ളവരുമായി പങ്കുവച്ചു കൊണ്ട് നരകം പോലെയാകാവുന്ന ജീവിതം സ്വർഗ്ഗമാക്കി മാറ്റുന്ന ജനങ്ങൾ. ഒന്നുമില്ല, ജീവിക്കാനുള്ള വക പോലുമില്ല എന്നാലും ആ ഒന്നുമില്ലായ്മയാണെന്റെ സന്തോഷം എന്ന മനോഭാവത്തോടെ അവർ മുന്നോട്ടു പോകുമ്പോൾ നാം മനസിലാക്കേണ്ട ഒരു സത്യമുണ്ട്. നമ്മുടെ കുറവുകളും ഇല്ലായ്മകളും വേദനകളും അവരുടെ ഇല്ലായ്മകൾക്കും പോരായ്മകൾക്കും വേദനകൾക്കും മുൻപിൽ ഒന്നുമല്ല. ചെറിയ കാര്യങ്ങൾക്കു പോലും അസംതൃപ്തിയോടെ, ലഭിച്ച നന്മ കുറഞ്ഞു പോയി എന്നു പറഞ്ഞു ജീവിക്കുമ്പോൾ, അയൽക്കാരനെ സഹായിക്കാതിരിക്കുമ്പോൾ യഥാർത്ഥത്തിൽ ദൈവം തരുന്ന സ്വർഗ്ഗീയതുല്യമായ ജീവിതത്തെ നാം നരകമാക്കുകയാണ് ചെയ്യുക.

കടുത്ത രോഗാവസ്ഥയിലും, മരണത്തിന്റെ മുൻപിലും സിസ്റ്റർ സിസിലിയുടെ പുഞ്ചിരി പൊഴിക്കുന്ന ചിത്രം നമുക്ക് മാതൃകയാണ്. ദൈവം സ്നേഹമാകുന്നു. ആ സ്നേഹമാകുന്ന ദൈവത്തിൽ ഒരു നാൾ കൂടിച്ചേരേണ്ടവരാണു നാം. നമുക്കും പരസ്പരം സ്നേഹിച്ചു മുന്നേറാം. ജീവിതപങ്കാളിയുടെ, മാതാപിതാക്കളുടെ, മക്കളുടെ, ബന്ധുജനങ്ങളുടെ, കൂട്ടുകാരുടെ, ശത്രുക്കളുടെ, നമ്മെ വെറുക്കുന്നവരുടെ കുറവുകൾ ക്ഷമിക്കാം അവരെ സ്നേഹിക്കാം. ദൈവമാകുന്ന സ്നേഹത്തിൽ നിലനിൽക്കാം.

ഫാ. ദിലീഷ് പൊരിയം വേലിൽ, MS

ലാസലെറ്റ് സഭാംഗം ആയ ദിലീഷ് പൊരിയംവേലില്‍ അച്ചന്റെ ആഫ്രിക്കൻ  അനുഭവ കുറിപ്പുകൾ തുടരും…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ