മരിയഭക്തിയെ തൊട്ടുണർത്തിയ ജപമാല മാസം

ജപമാലഭക്തിയുടെ ധ്യാനാത്മകമായ ആഴങ്ങളിലൂടെ, ദൈവകരുണയുടെ മുൻപിൽ വിശ്വസ്തതാപൂർവം സമർപ്പിച്ച ഒക്ടോബർ മാസം മരിയഭക്തരെ സംബന്ധിച്ചിടത്തോളം ദൈവാനുഗ്രഹങ്ങളെ അടുത്തറിഞ്ഞ സമയമായിരുന്നു. പരിശുദ്ധ ജപമാല ഭക്തിയുടെ നിറവിൽ സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും ദൈവസ്നേഹാനുഭവത്തിന്റെയും ദൈവഭക്തിയുടെയും മാതൃസ്നേഹത്തിന്റെയും വഴികളിലൂടെ അത്ഭുതകരമായി നമ്മെ വഴിനടത്തിയ ദിനങ്ങൾ. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പ്രസിദ്ധമായ തീർഥാടനകേന്ദ്രങ്ങൾ തുടങ്ങി, ഗാർഹികസഭയായ ‘കുടുംബത്തിന്റെ അൾത്താരകൾ’ വരെ നിറഞ്ഞുനിൽക്കുന്ന അമ്മവാത്സല്യത്തിന്റെ ഉപഭോക്താക്കളാകാൻ ദൈവം നമ്മെയും ഇടവരുത്തിയെന്നുള്ളത് നന്ദിയോടെ അനുസ്മരിക്കാം.

വിശുദ്ധിയിൽ ജീവിക്കാൻ

ഒക്ടോബർ ഏഴാം തീയതിയാണ് പരിശുദ്ധ ജപമാല തിരുനാൾ സഭയിൽ സമുചിതമായി ആഘോഷിക്കുന്നത്. സഭയുടെ പഠിപ്പിക്കലുകളെ പ്രാർഥനാമാർഗത്തിലൂടെ അനേകരിലേക്കു പകർന്നുനല്‍കാന്‍ ജപമാലഭക്തി സഹായകമായിട്ടുണ്ട്. കന്യകാമറിയത്തിന്റെ ജപമാല, അനേക വിശ്വാസികളെ വിശുദ്ധിയിൽ ജീവിക്കാൻ സഹായിച്ച ഭക്തിമാർഗമാണ്. ചുരുക്കത്തിൽ, ഓരോ പ്രാർഥനയും വിശ്വാസിയെ രക്ഷാകരസംഭവത്തോടുചേർന്ന് ഒരു ‘ആധ്യാത്മികതീർഥാടനത്തിനായി’ ക്ഷണിക്കുന്നു എന്ന് നിസ്സംശയം പറയാം. വിശുദ്ധരെ തങ്ങളുടെ ജീവിതത്തിൽ ആഴമായി സ്വാധീനിച്ച ജപമാലഭക്തി, നമ്മുടെ അനുദിനജീവിതത്തെയും തീരുമാനങ്ങളെയും വിശുദ്ധവും ദൈവികവുമാക്കാൻ സഹായിക്കും.

വ്യക്തിപരമായ പ്രാർഥനാനിയോഗങ്ങളും മറ്റുള്ളവർക്കുവേണ്ടിയുള്ള അപേക്ഷകളും യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും കുടുംബങ്ങളുടെയും സമർപ്പിതരുടെയും നിരവധിയായ ആവശ്യങ്ങളും സഭയുടെ വിശുദ്ധീകരണവും സാമൂഹിക-സാംസ്കാരികരംഗത്തെ മൂല്യച്ചുതികളും വർധിച്ചുവരുന്ന മത-മൗലികവാദങ്ങളും വലിച്ചെറിയൽസംസ്ക്കാരവും ജീവിതക്രമത്തെ താറുമാറാക്കുന്ന മറ്റു മരണസംസ്കാരങ്ങളും കൊറോണപോലെ മനുഷ്യജീവിതത്തെ ദുസ്സഹമാക്കുന്ന വിഷയങ്ങളും പ്രത്യേക പ്രാർഥനാനിയോഗങ്ങളാക്കി അർപ്പിക്കപ്പെടുന്ന ഓരോ ജപമാലപ്രാർഥനയും ഭക്തരെ, കാലഘട്ടത്തിന്റെ ആവശ്യങ്ങളോടും വ്യക്തിപരമായ ദൈവബന്ധത്തോടും ആഴമായി ചേർത്തുനിർത്തുന്നു.

ചുരുക്കത്തിൽ, തന്റെ ഓരം ചേർന്നു ചരിക്കുന്ന സകല ജീവജാലങ്ങൾക്കും ജീവന്റെ നനവിനെ – വിശുദ്ധിയെ പകർന്നുനൽകി, ശാന്തമായി ഒഴുകുന്ന ഒരു അരുവിയെപ്പോലെയാണ് സ്വർഗരാജ്ഞിയായ, സഭയുടെ മാതാവായ, യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം. സഹരക്ഷകയായ പരിശുദ്ധ ദൈവമാതാവിന്റെ സഹയാത്രികരാകാൻ പരിശ്രമിച്ച ഓരോ വ്യക്തിയും നിവേദിച്ച ജപമാലമണികളിലെ പ്രാർഥനാമന്ത്രങ്ങളും ഉപവാസങ്ങളും അനുഷ്ഠാനങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക മധ്യസ്ഥതയാൽ, ജീവന്റെ അരുവിയായ ക്രിസ്തുവിലേക്കു നയിക്കുന്ന അനുഭവങ്ങളുടെ സമൃദ്ധിയാൽ സമ്പന്നമായി.

ക്രിസ്തുകേന്ദ്രീകൃതമാണ് ഈ സുകൃതമണികൾ

ജപമാലപ്രാർഥന മറിയത്തെ സംബന്ധിച്ചുള്ളതാണെന്നതിൽ സംശയമില്ല. ക്രിസ്തുകേന്ദ്രീകൃതമായ പ്രാർഥനയിലൂടെയാണ് ഓരോ ജപമാലമണിയും ഭക്തരെ ആശ്വാസതീരത്തേക്കു നയിക്കുന്നത്. സുവിശേഷസന്ദേശത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കാതെ ഭക്തന് ഈ പ്രാർഥനാപ്രയാണം മുഴുമിപ്പിക്കാനാവില്ല. ദൈവമാതാവിനോടുള്ള ഭക്തിയും ജപമാലപ്രാർഥനയിലൂടെ യേശുവിലേക്കുള്ള തീർഥയാത്രയും സുഖ-ദുഃഖസമ്മിശ്രമായ തന്റെ ജീവിതത്തിന്റെ ബന്ധനങ്ങളിൽ നിന്നും ആകുലതകളിൽനിന്നും ഒരു വിശ്വാസിയെ ആശ്വാസത്തിന്റെ തീരത്തേക്കു  നയിക്കുന്ന ഔഷധമായി നിലകൊള്ളുന്നു. നമ്മുടെ വേദനകളും ദുഖങ്ങളും ആവശ്യങ്ങളും മാത്രമല്ല, നമ്മുടെ സുകൃതങ്ങളെപ്പോലും പരിശുദ്ധ അമ്മയുടെ കരങ്ങളിലൂടെ, കടുതൽ വിശുദ്ധീകരിച്ച്, ദൈവസന്നിധിയിൽ കാഴ്ചയർപ്പിക്കാൻ ജപമാലഭക്തി നമ്മെ സഹായിക്കുന്നു.

ഉപസംഹാരം

നമ്മുടെ അനുദിന പ്രാർഥനകളും യാമനമസ്കാരങ്ങളും പരിശുദ്ധ അമ്മയെ ഓർക്കാതെയോ, പരിശുദ്ധ ദൈവമാതാവിന്റെ പ്രാർഥനകൾ ഉൾക്കൊള്ളിക്കാതെയോ ആരംഭിക്കുകയോ, അവസാനിക്കുകയോ ചെയ്യാറില്ല. ‘തമ്പുരാനെ പെറ്റ അമ്മച്ചിയെ’ ഓർക്കാതെ ഒരു വിശ്വസിക്കും തന്റെ ഒരു ദിവസത്തെ പൂര്‍ണ്ണമാക്കാനാവില്ല. പരിശുദ്ധ അമ്മയെ അടുത്തറിയാനും മാതൃസ്നേഹം അനുഭവിക്കാനും മാതൃഹൃദയം തൊട്ടറിയാനും അനുഗ്രഹങ്ങൾ ചോദിച്ചുവാങ്ങാനും അനേകർക്കായി മധ്യസ്ഥപ്രാർത്ഥനകൾ നടത്താനും കുരിശിലെ സ്നേഹത്തെയും കരുണയെയും ആഴത്തിൽ ധ്യാനിക്കാനുംവേണ്ട കൃപ നൽകി, മരിയഭക്തിയെ തൊട്ടുണർത്തിയ ജപമാല മാസം ഓരോ വ്യക്തിയെ സംബന്ധിച്ചും ഏറ്റം അനുഗ്രഹിക്കപ്പെട്ടതായിരുന്നു.

പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി പുത്രൻ തമ്പുരാനോട് അപേക്ഷിക്കേണമേ!

ഫാ. മാത്യു ജേക്കബ് തിരുവാലിൽ ഒ.ഐ.സി
(പ്രൊവിൻഷ്യൽ സുപ്പീരിയർ, ബഥനി നവജീവൻ പ്രൊവിൻസ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.