ഫാ. അനീഷ്‌ മുണ്ടിയാനിക്കല്‍ (MSFS) – ജീവിതരേഖ

1980 നവംബര്‍ 9-ാം തീയതി ആനിക്കാട് ജനിച്ച അച്ചന്‍ പിന്നീട് കുടുംബത്തോടൊപ്പം തലശ്ശേരി അതിരൂപതയിലുള്ള കാര്‍ത്തികപുരത്തേക്ക് താമസം മാറ്റി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് 2001-ല്‍ അച്ചന്‍ ഏറ്റുമാനൂര്‍ SFS സെമിനാരിയില്‍ ചേര്‍ന്ന് MSFS സഭയ്ക്കു വേണ്ടി വൈദികപഠനം ആരംഭിച്ചത്. 2006 -ല്‍ കാരിസ് ഭവനില്‍ ഒരു വര്‍ഷത്തെ റീജന്‍സി നടത്തിയ ശേഷം ദൈവശാസ്ത്ര പഠനം ബംഗ്ലൂര്‍ തേജസ്‌ വിദ്യാപീഠത്തില്‍ പൂര്‍ത്തീകരിച്ച് 2010 ഡിസംബര്‍ 30-ന് തിരുപ്പട്ടം സ്വീകരിച്ചു. നവവൈദികനായി ആദ്യം തൃശൂര്‍ കണ്ടശാംകടവ് സെന്റ്‌ മേരീസ് ഫൊറോന പള്ളിയുടെ അസുദേന്തിയായി ഒരു വര്‍ഷം സേവനം ചെയ്ത ശേഷം ആറുമാസം അണക്കര സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ അസുദേന്തിയായും മരിയന്‍ ധ്യാനകേന്ദ്രത്തിലും സേവനം ചെയ്തു. പിന്നീട് 2012 -ല്‍ കാരിസ് ഭവനിലെത്തി.

കാരിസ് ഭവനിലും വെളിയിലും വിദേശരാജ്യങ്ങളിലും അച്ചന്‍ ശുശ്രൂഷകളിലൂടെ നിറസാന്നിധ്യമായിരുന്നു. ജീവിതവിശുദ്ധിക്കും പ്രാര്‍ത്ഥനയ്ക്കും ശ്രദ്ധ നല്‍കിക്കൊണ്ട് ആത്മാവില്‍ ജ്വലിച്ച് കര്‍ത്താവിന് ശുശ്രൂഷകള്‍ ചെയ്യുന്നതിന് അച്ചന്‍ മാതൃകയായി. വചനപ്രഘോഷണം, കൗണ്‍സലിംഗ് ശുശ്രൂഷ, ഫോണിലൂടെയുള്ള പ്രാര്‍ത്ഥന, ഉപദേശം എന്നിവയിലൂടെ അനേകരുമായി ആത്മീയബന്ധം പുലര്‍ത്താന്‍ അച്ചനു കഴിഞ്ഞു. രണ്ടു വര്‍ഷത്തോളമായി ‘ആത്മീയഭോജ്യം’ എന്ന തലക്കെട്ടില്‍, അച്ചന്‍ വചനമാകുന്ന ഭക്ഷണം അനേകര്‍ക്ക് വിളമ്പി സമ്മാനിച്ചു. കഴിഞ്ഞ പത്തു മാസക്കാലമായിട്ട് ഇടതടവില്ലാതെ എല്ലാ ദിവസവും ഉച്ച കഴിഞ്ഞു മൂന്നു മണി, കരുണയുടെ മണിക്കൂറായി പ്രചരിപ്പിച്ച് ധാരാളം വ്യക്തികളെ അതിന്റെ ഭാഗമാക്കി. രാവും പകലും മറ്റുള്ളവര്‍ക്ക് തന്നെത്തന്നെ ലഭ്യമാക്കി അക്ഷീണം പ്രവര്‍ത്തിക്കുന്നത് അച്ചന്‍ ആനന്ദപ്രദമായി കണ്ടിരുന്നു. MSFS സഭയും സൗത്ത് വെസ്റ്റ്‌ പ്രൊവിന്‍സില്‍ മിഷന്‍ ഫോറം പ്രോഗ്രാമിന് ചുക്കാന്‍ പിടിക്കാനും കാരിസ് ഭവന്റെ മുഖപത്രമായ ‘കാരിസ് ജ്യോതി’ മാസികയുടെ ചീഫ് എഡിറ്ററായും നാളിതുവരെ സേവനമനുഷ്ടിച്ചു.

ഒരായുസ്സില്‍ ചെയ്യാവുന്നത്രയും ധന്യമായ ശുശ്രൂഷകള്‍ ചെയ്താണ് നാല്പതാം വയസ്സില്‍, തന്റെ സ്വര്‍ഗീയ വസതിക്കായി അച്ചൻ ഈ ലോകം വിട്ടുപോയത്. കാരിസ്ഭവനു മാത്രമല്ല, അച്ചന്റെ അനേകായിരം ആത്മീയമക്കള്‍ക്ക് ഈ വേര്‍പാട് ഒരു തീരാനഷ്ടമാണ്.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.