വിമർശനങ്ങളിൽ തളരാതിരിക്കാൻ ധ്യാനിക്കാം ഈ വചനങ്ങൾ

വിമർശനങ്ങളെ ആരോഗ്യകരമായി നേരിടണമെന്ന് നമുക്ക് അറിയാം. എന്നിരുന്നാലും പലസമയങ്ങളിലും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമുക്ക് അറിയില്ല. വടിയോ കല്ലുകളോ എന്റെ എല്ലുകളെ തകർത്തേക്കാം. പക്ഷെ വാക്കുകൾ എന്നെ ഒരിക്കലും തകർത്തുകളയില്ല എന്ന മനോഭാവമാണ് നമുക്കാവശ്യം. എന്നാൽ വിമർശനത്തിന്റെ കൂരമ്പുകൾ ഹൃദയത്തെ തകർത്തുകളയുമ്പോൾ നാം സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ച് അറിയാം.

വിമർശനത്തെ എപ്പോഴും പ്രതീക്ഷിക്കുക

നാം എത്ര മഹത്ത്വമുള്ളവരാണെങ്കിലും നമ്മുടെ വാക്കുകളും പ്രവർത്തികളും കുറ്റമറ്റതാണെങ്കിലും നമ്മെ വിമർശിക്കുവാൻ നമുക്ക് ചുറ്റും ധാരാളം ആളുകളുണ്ട്. സ്നാപക യോഹന്നാനെയും യേശുവിനെയും പോലും വിമർശിക്കുവാൻ ധാരാളം ആളുകളുണ്ടായിരുന്നു. അതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം വിമർശകരിൽ നിന്ന് നമുക്ക് ഒരിക്കൽ പോലും രക്ഷപെടുവാൻ സാധിക്കുകയില്ലെന്ന്. എന്നാൽ ബൈബിൾ നമുക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. “സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കി വിടുന്നു.” (സുഭാഷിതങ്ങൾ 15:1) വിമർശനങ്ങളെ നാം സൗമ്യമായി നേരിടുകയാണ് വേണ്ടത്.

വിമർശനങ്ങൾ മൂന്നു തരത്തിൽ

വിമർശങ്ങൾ പ്രധാനമായും മൂന്നു തരത്തിലുണ്ട്. ശരിയായത്, തെറ്റായത്, വിരോധത്തിൽ നിന്നുള്ളത്. ഇതിൽ ശരിയായ വിമർശനം എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. 100 ശതമാനം ശെരിയല്ലെങ്കിൽ കൂടിയും അതിൽ സത്യങ്ങളും ഉണ്ട് എന്ന് നാം വിശ്വസിക്കണം. എന്നാൽ രണ്ടാമത്തെതിൽ ചിലപ്പോൾ ശെരിയായ വീക്ഷണം ഉണ്ടാകുമെങ്കിലും അത് അവതരിപ്പിക്കുന്ന രീതി നന്നായിരിക്കണമെന്നില്ല. അപ്പോൾ നമുക് അത് തെറ്റാണെന്നു തോന്നിയേക്കാം. എന്നാൽ അതിൽ എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്ന് നാം ചിന്തിക്കണം. ഭാവാത്മകമായ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ തീർച്ചയായും നാം അതും കണക്കിലെടുക്കേണ്ടതുണ്ട്. അടുത്തതാണ് വിരോധത്തിൽ നിന്നുണ്ടാകുന്ന വിമർശനങ്ങൾ. അസൂയ, കോപം, ദേഷ്യം, നിരാശ എന്നിവയിൽ നിന്നുണ്ടാകുന്ന ഇത്തരം വിമർശനങ്ങൾ അല്പം ക്രൂരവും ഹൃദയത്തിൽ കൊള്ളുന്നതുമായിരിക്കും. എന്നാൽ ഇത് മനസ്സിലാക്കി നമ്മുടെ മനസ്സിനെ സന്തുലിതമാക്കുവാൻ നാം പ്രത്യേകം ശ്രദ്ധിക്കണം. അത്തരക്കാരോട് മറുപടി പറയുവാൻ മുതിരാതിരിക്കുകയായിരിക്കും അഭികാമ്യം. ആ ഒരു രീതി നാം കൈക്കൊള്ളുകയാണെകിൽ മറ്റുള്ളവരുടെ മുൻപിൽ സ്വയം അപമാനിതരാകേണ്ടി വരുന്ന അവസ്ഥ ഇത്തരം വിമർശകർക്ക് നേരിടേണ്ടി വരും.

തിരുവചനം എന്ത് പറയുന്നു?

ശരിയായ വിമർശനങ്ങളെ സ്വീകരിക്കുന്നവർക്കുള്ള പ്രതിഫലം ഇപ്രകാരമാണെന്നു ബൈബിൾ പറയുന്നു: “ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കും. പ്രബോധനം അവഗണിക്കുന്നവൻ തന്നത്തന്നെ ദ്രോഹിക്കുന്നു. ശാസനം അനുസരിക്കുന്നവൻ അറിവ് നേടുന്നു.” (സുഭാഷിതങ്ങൾ 15: 31 -32)

നമ്മെ വിമർശിക്കുന്നതിൽ തെറ്റായ മാനദണ്ഡങ്ങളുണ്ടെങ്കിൽ കൂടിയും നാം ഓർമ്മയിൽ വെക്കേണ്ട ചില കാര്യങ്ങളുണ്ട്. “കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും ക്ഷമാശീലനുമായിരിക്കണം. എതിർക്കുന്നവനെ അവൻ സൗമ്യതയോടെ തിരുത്തണം. സത്യത്തെക്കുറിച്ചുള്ള പൂർണ്ണ ബോധ്യത്തിലേക്ക് മടങ്ങിവരുവാനുതകുന്ന അനുതാപം ദൈവം അവർക്ക് നല്കിയെന്നുവരാം.” (2 തിമോത്തി 2 : 24 – 25)

നമ്മെത്തന്നെ തിരുത്തുവാനുള്ള വലിയ സാധ്യതയ്ക്ക് ദൈവം നൽകിയ മാർഗ്ഗമാണ് വിമർശനം. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുവാൻ ദൈവം അനുവദിക്കുന്ന കൃത്യമായ വിമർശനത്തെ നാം കാണേണ്ടത് അങ്ങനെയാണ്. തിരുത്തലുകൾ വരുത്തുവാനും നമ്മെ കൂടുതൽ മികച്ചതാക്കുവാനുമുള്ള അവസരമാണ് ഇത്. കോപം അസൂയ, നിരാശ, വിദ്വേഷം എന്നിവയിൽ നിന്ന് ആളുകൾ നമ്മെ വിമർശിക്കുമ്പോൾ നാം അവരോട് ക്ഷമിക്കുക. മാത്രമല്ല അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുവാൻ ശ്രമിക്കുകയും ചെയ്യണമെന്നു യേശു പഠിപ്പിക്കുന്നു. അവരുടെ വിമർശനത്തിന് നമ്മെ സ്പര്ശിക്കുവാൻ കഴിയുകയില്ല. പ്രശ്നം അവരുടേതാണെന്നു നാം മനസ്സിലാക്കുകയാണ് ആദ്യപടി.

അതിനാൽ അസ്വസ്ഥരാകുകയും വേദനിക്കുന്നതിനും പകരം ആ വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും കൃപയും നൽകുവാൻ നമുക്ക് ലഭിച്ചിരിക്കുന്ന വലിയ വിളിയെ നാം ഫലപ്രദമായി ഉപയോഗിക്കുക. എന്നാൽ ആരുടെയെങ്കിലും വിമർശനത്തിൽ രണ്ടു ശതമാനം പോലും കൃത്യമാണെങ്കിൽ ആ രണ്ടു ശതമാനത്തെ തിരിച്ചറിഞ്ഞ് നാം ശരിയാക്കുവാൻ ശ്രമിക്കണം. തെറ്റായ വിമർശനങ്ങളിൽ വൈകാരിക ക്ലേശങ്ങളിൽ അകപ്പെടാതെ ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക: “കർത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാൻ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാകുകയില്ല. നിനക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും ഞാൻ ഖണ്ഡിക്കും; കർത്താവിന്റെ ദാസരുടെ പൈതൃകവും എന്റെ നീതി നടത്തലുമാണ് ഇത്.” (ഏശയ്യാ 54:17)

സുനീഷ നടവയല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.