ഉപേക്ഷ

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

സെമിനാരിയിൽ എത്തിയിട്ട് മൂന്നു നാൾ കഴിഞ്ഞതേയുള്ളൂ. അപ്പോഴേയ്ക്കും അവൻ പോയി റെക്ടറച്ചനോടു പറഞ്ഞു: “എനിക്ക് വീട്ടിൽ പോകണം.”

എനിക്ക് അറിയാവുന്ന പയ്യനായതുകൊണ്ട് ഞാന്‍ അവനെ ഫോൺ വിളിച്ചുചോദിച്ചു: “നീ എന്തിനാണിപ്പോൾ വീട്ടിൽ പോകുന്നത്? നിനക്ക് അച്ചനാകേണ്ടേ?”

അവൻ പറഞ്ഞു: “അച്ചനാകണമെന്ന് ഇപ്പോഴും ആഗ്രഹമുണ്ട്. എന്നാൽ വീട്ടുകാരെ പിരിഞ്ഞ് നിൽക്കാൻ പറ്റുന്നില്ല.”

“നിനക്ക് ആരെ കാണണമെന്നാ തോന്നുന്നത്? അപ്പനെയോ, അമ്മയെയോ?”

അവൻ പറഞ്ഞു: “എനിക്ക് എല്ലാവരേയും കാണണം!” എന്തായാലും ഒരാഴ്ചയ്ക്കുള്ളിൽ അവൻ തിരിച്ച് വീട്ടിലെത്തി.

ക്രിസ്തു തൻ്റെ ശിഷ്യന്മാരായ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ വിളിച്ചപ്പോൾ മുക്കുവരായ അവർ വലയും വള്ളവുമെല്ലാം ഉപേക്ഷിച്ച് അവനെ പിഞ്ചെന്നു എന്ന് വചനം പറയുന്നുണ്ട് (Ref: മർക്കോ. 1:16-20). കേൾക്കാനും വായിക്കാനും നല്ല സുഖമുള്ള വചനങ്ങൾ. എന്നാൽ കാര്യത്തോടടുക്കുമ്പോഴാണ് ഇഷ്ടപ്പെട്ടത് പലതും ഉപേക്ഷിക്കുന്നത് എത്രയോ വേദനാജനകമാണെന്ന് തിരിച്ചറിയുക.

പലതരം ഉപേക്ഷകളിലൂടെ കടന്നുപോയിട്ടുള്ളവരല്ലേ നമ്മൾ? ആദ്യമായി സ്കൂളിൽ പോയപ്പോൾ നമ്മളിൽ പലരും കരഞ്ഞിട്ടില്ലേ? വിദൂരത്ത് പഠിക്കാൻ പോകുന്ന മക്കളെ യാത്രയാക്കുമ്പോൾ എന്തുകൊണ്ടാണ് മാതാപിതാക്കളുടെ മിഴികൾ സജലങ്ങളാകുന്നത്? വിവാഹിതയായി വീടുവിട്ടിറങ്ങുമ്പോൾ പെൺമക്കളുടെയും മാതാപിതാക്കളുടെയും കണ്ണുകൾ നിറയുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടില്ലേ? ജീവിതപങ്കാളിയെ യാത്രയാക്കാൻ എയർപോർട്ടിൽ ചെല്ലുന്ന ഭാര്യയും ബന്ധുജനങ്ങളും അയാൾ കൺവെട്ടത്തു നിന്നും മറയുന്നതുവരെ നോക്കിനിന്ന് വിതുമ്പുന്നതും നമ്മൾ കണ്ടിട്ടുണ്ടല്ലോ? എന്തിനേറെ പറയുന്നു അതിരാവിലെ പള്ളിമണിയടിക്കുന്ന കപ്യാരും രാത്രികാലങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവേഴ്സും ആശുപത്രികളിൽ ജോലി ചെയ്യുന്ന ആതുരപ്രവർത്തകരും അതിർത്തി കാക്കുന്ന ഭടന്മാരും അവരുടെയും നമ്മുടെയും ജീവിതം കെട്ടിപ്പടുക്കുന്നതിനുവേണ്ടി വിലപ്പെട്ടത് പലതും ഉപേക്ഷിക്കുകയാണ്. അങ്ങനെയെങ്കിൽ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നേടണമെങ്കിൽ വിലപ്പെട്ടത് പലതും ഉപേക്ഷിക്കേണ്ടിവരും എന്ന് ഉറപ്പല്ലേ? മാത്രമല്ല, ഉപേക്ഷകളിലെ അലംഭാവമല്ലേ പല പരാജയങ്ങളുടെയും കാരണവും?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാകുമ്പോൾ ക്രിസ്തുവിനെ സ്വന്തമാക്കണമെങ്കിലും അനുധാവനം ചെയ്യണമെങ്കിലും ഇനിയും എന്തെല്ലാം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.