ദിവസം മുഴുവൻ ദൈവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ലളിതമായ ഒരു മാർഗ്ഗം 

ആധുനിക ജീവിതം തിരക്കിലാണ്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ദൈവത്തെ മറക്കുന്നത് താരതമ്യേന വളരെ എളുപ്പത്തിൽ സംഭവിക്കുന്ന ഒന്നാണ്. ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണെങ്കിലും നമ്മൾ എന്തു ചെയ്താലും ദൈവത്തെ, എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കാൻ ക്ഷണിക്കണം. വി. ഫ്രാൻസിസ് ഡി സാലസ് ഈ ആശയം വിശദീകരിക്കുന്നത് ഇപ്രകാരമാണ്.

ഒരു ചെറിയ കുട്ടിയെ അനുകരിക്കുക

ഒരു പിതാവ് തന്റെ കുഞ്ഞിനേയും കൈകളിൽ ചേർത്തുനിർത്തിക്കൊണ്ട് മറുകൈ കൊണ്ട് മറ്റെന്തെങ്കിലും എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങൾ ഈ ലോകത്തിന്റേതായ കാര്യങ്ങൾ ഒരു കൈ കൊണ്ട് ചെയ്യുകയും മറുകൈ നിങ്ങളുടെ സ്വർഗ്ഗീയപിതാവിന്റെ പക്കലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.

നിങ്ങളുടെ സാധാരണ ജോലിയിലോ, ബിസിനസിലോ അധികമായി  ഇടപെടുന്നെങ്കിൽ അതിനേക്കാൾ കൂടുതൽ നിങ്ങളുടെ ഹൃദയം ദൈവത്തിൽ ഉറച്ചുനിൽക്കട്ടെ. നിങ്ങളുടെ അവിഭാജ്യശ്രദ്ധ ആവശ്യമുള്ള ജോലി ആണെങ്കിൽ കൂടിയും ഇടയ്ക്കിടെ താൽക്കാലികമായി ജോലി നിർത്തി ദൈവത്തിലേക്ക് നോക്കുക. തുറമുഖം തേടുന്ന കപ്പിത്താന്മാരെപ്പോലെ നമ്മുടെ അഭയസ്ഥാനം സ്വർഗ്ഗമാണെന്ന് അറിയുക. അത്തരത്തിൽ ദൈവത്തിലേക്ക് തിരിയുമ്പോൾ അവിടുന്ന് നിങ്ങളെയും പ്രത്യേകമായി ശ്രദ്ധിക്കും. ദൈവം നിങ്ങളോടും നിങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കും. നിങ്ങളുടെ ജോലി അനുഗ്രഹിക്കപ്പെടും.

നിങ്ങളുടെ ദൈനംദിന ജോലിയിൽ മുഴുകുമ്പോൾ ഇടയ്ക്കിടെ ഒരു ഇടവേള എടുക്കുക. ഒരു ചെറിയ പ്രാർത്ഥന നടത്തുക, അല്ലെങ്കിൽ ഏതാനും നിമിഷങ്ങൾ ദൈവത്തിന്റെ സന്നിധിയിൽ വിശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും വിശുദ്ധീകരിക്കപ്പെടും. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം കൂടുതൽ അനുഭവപ്പെടും.

ഇത്തരത്തിലുള്ള പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ ദൈവം ‘ബാധ്യസ്ഥനാണ്’ എന്ന് വി. പാദ്രെ പിയോ പറയുന്നു.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.