ഫ്രഞ്ച് പട്ടണത്തെ ബോംബാക്രമണത്തിൽ നിന്ന് രക്ഷിച്ച ഒരു വൈദികൻ

രണ്ടാം ലോകമഹായുദ്ധ കാലത്ത് 1944 ജൂൺ ആറിന് ഫ്രാൻസിലെ ഡി-ഡേ, നോർമാണ്ടി തീരത്ത് നടന്ന സഖ്യസേനയുടെ ആക്രമണം ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സൈനിക നടപടികളുടെ തുടക്കമായിരുന്നു. ഓവർലോർഡ് എന്നു പേരുള്ള ഈ ഓപ്പറേഷൻ, പല സ്ഥലങ്ങളും കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. നോർമാണ്ടിയിലെ പല നഗരങ്ങളും 50 ശതമാനത്തിലധികം നശിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.

എന്നാൽ, ഡി-ഡേ ബീച്ചുകളിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെ സ്ഥിതിചെയ്യുന്ന ബയൂക്സ് എന്ന നഗരം ഈ അപകടങ്ങളിൽ നിന്നെല്ലാം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു. ഇതിനു കാരണം ഫാ. ഔബർഗ് എന്ന ഒരു ബെനഡിക്റ്റൈൻ വൈദികന്റെ ജീവൻ മറന്നുള്ള പോരാട്ടമായിരുന്നു. ബയൂക്സ് പട്ടണം ബോംബാക്രമണത്തെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ നഗരത്തെ സംരക്ഷിക്കാൻ ഫാ. ഔബർഗ് തന്റെ ജീവൻ പോലും പണയപ്പെടുത്തി.

അദ്ദേഹം ഒരു ബെനെഡിക്റ്റൻ സന്യാസിയായിരുന്നു. യുദ്ധത്തിന്റെ ഈ കാലഘട്ടത്തിൽ സെന്റ് -വിഗോർ-ലെ-ഗ്രാൻഡ് എന്ന ഗ്രാമത്തിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ ചാപ്ലെയിൻ ആയിരുന്നു അദ്ദേഹം. ബയൂക്സിന്റെ അതിർത്തി പ്രദേശങ്ങൾ, സെന്റ് ലൂപ്പ് പാലം എന്നിവ യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടു. സഖ്യകക്ഷികൾ പട്ടണത്തിൽ ബോംബ് വയ്ക്കുവാൻ തക്കം പാർത്തിരിക്കുന്ന സമയമായിരുന്നു അത്.

1944 ജൂണിലെ ഒരു രാത്രിയിൽ ഫാ. ഔബർഗ്, ജർമ്മനിക്കാർ തങ്ങളുടെ നഗരം വിട്ടുപോയതായിട്ടുള്ള വാർത്തകൾ കേട്ടു. അത് സഖ്യകക്ഷികളെയും ഉത്തരവാദിത്വപ്പെട്ടവരെയും അറിയിക്കാൻ ഈ വൈദികൻ തീരുമാനിച്ചു. ഫാ. ഔബർഗ് ഇംഗ്ലീഷ് നന്നായി സംസാരിച്ചിരുന്നു. ജർമ്മൻകാർ നഗരം വിട്ടുപോയതായി അദ്ദേഹം ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അറിയിച്ചു. കാരണം, അവർ പിൻവാങ്ങിയെന്ന് അറിഞ്ഞെങ്കിൽ മാത്രമേ ബയൂക്സ് നഗരത്തെ ബോബാക്രമണത്തിൽ നിന്ന് രക്ഷിക്കുവാൻ സാധിക്കൂ എന്ന് അദ്ദേഹത്തിന് മനസിലായി. ആദ്യം സംശയാസ്പദമായി, അത് സ്ഥിരീകരിക്കുന്നതിനായി അവർ ഫാ. ഔബർഗിന്റെ വിവരങ്ങൾ പരിശോധിച്ചു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നു വ്യക്തമായപ്പോൾ ബയൂക്സ് നഗരത്തിൽ ബോംബാക്രമണം നടത്തുകയില്ല എന്ന് അറിയിച്ചു.

യുദ്ധത്തിന്റെ ആ സാഹചര്യത്തിൽ ഈ വാർത്തയറിയിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം സഞ്ചരിക്കുകയും ഈ വാർത്ത വേണ്ടപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തത്. ജീവൻ പണയപ്പെടുത്തിയുള്ള വൈദികന്റെ ആ യാത്ര ഒരു നഗരത്തെ മുഴുവനുമാണ് രക്ഷപ്പെടുത്തിയത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.