ഈശോയുടെ ഹൃദയത്തിന്റെ ആർദ്രഭാവങ്ങൾ – ഒരു തിരുഹൃദയ സന്യാസിനിയുടെ കുറിപ്പ്

കണ്ടാലും, മനുഷ്യരെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ഹൃദയം… അനന്തതയുടെ അണിയറയിൽ ലോകസൃഷ്ടിക്കു മുമ്പേ ഒരുക്കിവച്ച് കാലത്തിന്റെ പൂർണ്ണതയിൽ മനുഷ്യർക്കായി കുത്തിത്തുറക്കപ്പെട്ട അക്ഷയഖനി… കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് കുതിച്ചുപായുന്നവരിലേയ്ക്ക് കുത്തിയൊലിച്ചെത്തുന്ന കാരുണ്യത്തിന്റെ കനിവ്… കാൽവരിയിലെ കുരിശിൽ മനുഷ്യമക്കൾക്കായി അവസാന തുള്ളി രക്തം വരെയും ചിന്താൻ വെമ്പൽകൊള്ളുന്ന ഈശോയുടെ തിരുഹൃദയം. ആ ഹൃദയത്തിൽ നിന്നും ഒരു സ്വരമുയർന്നു, “എനിക്ക് ദാഹിക്കുന്നു.”

തൊഴുത്തിൽ പെടാത്ത ആടുകളെയും കൂട്ടി ആലയിലേയ്ക്ക് ആനയിക്കുവാനുള്ള നല്ല ഇടയനായ ഈശോയുടെ ഹൃദയദാഹം. മുറിവേറ്റ, ഒറ്റപ്പെട്ട, ഉപേക്ഷിക്കപ്പെട്ട മാനവമക്കളെ സ്വീകരിക്കുവാൻ ഹൃദയം തുറന്ന് കാത്തിരിക്കുകയാണ് അവിടുന്ന്. വിലയില്ലാത്തതിന് വില കല്പിക്കുന്ന, ആർക്കും വേണ്ടാത്തതിനെ മാറോടു ചേർക്കുന്ന അവഗണിക്കപ്പെടുന്നതിന് പ്രത്യേക പരിഗണന നല്കുന്ന ഈശോ തന്നെ, അവിടുത്തെ ഹൃദയഭാവങ്ങൾ കണ്ടുപഠിക്കുവാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. ഈശോയുടെ ഹൃദയം വ്യവസ്ഥയില്ലാത്ത സ്നേഹത്തിന്റെ അടയാളവും ഉറവിടവുമാണ്. അവിടുത്തെ ജീവിതവും പ്രവർത്തനങ്ങളും വാക്കുകളും അവിടുന്ന് പ്രവർത്തിച്ച അത്ഭുതങ്ങളുമെല്ലാം അവിടുത്തെ ഹൃദ്യമായ സ്നേഹത്തിന്റെ വെളിപ്പെടുത്തലുകളായിരുന്നു.

ഈശോയുടെ തിരുഹൃദയത്തിൻ്റെ ഏറ്റവും സവിശേഷഭാവമാണ് എളിമയും ശാന്തതയും. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ് എന്ന് അവിടുന്നു തന്നെ വെളിപ്പെടുത്തുന്നു. അവിടുത്തെ ശാന്തത എന്നത് സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന വ്യക്തിത്വമാണ്. ശാന്തതയുണ്ടാകണമെങ്കിൽ എളിമയുണ്ടാകണം. ദൈവമായിരുന്നിട്ടും തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് കാലിത്തൊഴുത്തിൽ ജനിച്ച് വിനീതരായ മാതാപിതാക്കൾക്കു വിധേയപ്പെട്ട് ജീവിച്ച് തൻ്റെ പരസ്യജീവിത കാലത്ത് ജറുസലേം ദൈവാലയത്തിലേയ്ക്ക് ഒരു കഴുതക്കുട്ടിയുടെ പുറത്ത് യാത്ര ചെയ്തുകൊണ്ട്, സെഹിയോൻ ഊട്ടുശാലയിൽ തൻ്റെ ശിഷ്യരുടെ പാദങ്ങൾ കഴുകിക്കൊണ്ട് എളിമയുടെയും വിനയത്തിൻ്റെയും മാതൃക അവിടുന്ന് നമ്മെ കാണിച്ചുതന്നു.

പരസ്യജീവിത കാലത്ത് ഈശോയുടെ കരുണാർദ്രസ്നേഹം ചാലുകീറി മനുഷ്യഹൃദയങ്ങളിലേയ്ക്ക് ഒഴുക്കപ്പെടുന്നു. സുവിശേഷത്തിലുടനീളം ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന സംഭവങ്ങളാണ് കാണാൻ കഴിയുക. ‘ഈ ജനത്തോട് എനിക്ക് അനുകമ്പ തോന്നുന്നു’ എന്ന് അരുളിചെയ്തുകൊണ്ട് തന്നെ ശ്രവിച്ചിരുന്ന ജനത്തിന് ഭക്ഷണമൊരുക്കുന്ന ഈശോയുടെ ഹൃദയം കരുണാർദ്രസ്നേഹത്തിൻ്റെ ഉറവിടമാണ്. വിശക്കുന്നവർക്ക് അപ്പം നൽകിക്കൊണ്ട്, പാപികൾക്ക് മോചനം നൽകിക്കൊണ്ട്, രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്, ജനങ്ങളുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾ മനസ്സിലാക്കി അവരിലേയ്ക്ക് കടന്നുചെന്ന് തൻ്റെ കരുണ വർഷിക്കുന്നു. കാൽവരിക്കുരിശിൽ കുത്തിത്തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തവും വെള്ളവും ഒരിക്കലും നിലയ്ക്കാത്ത അവിടുത്തെ കരുണാർദ്രസ്നേഹത്തെ മനസ്സിലാക്കിത്തരുന്നു.

ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്. ലോകത്തിൻ്റെ ജീവനുവേണ്ടി തന്നെത്തന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം. മനുഷ്യനെ ഇത്രയധികം സ്നേഹിക്കുകയും എന്നാൽ മനുഷ്യരാൽ ഇത്രയധികം നിന്ദിക്കപ്പെടുകയും ചെയ്യുന്ന ഈശോയുടെ ഹൃദയവേദന ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുക. നമുക്കുവേണ്ടി മുറിക്കപ്പെട്ട, സഹിക്കുന്ന സ്നേഹത്തിൻ്റെ മൂർത്തീഭാവമാണ് അവിടുത്തെ തിരുഹൃദയം.

കാൽവരിക്കുരിശിൽ കുത്തിത്തുറക്കപ്പെട്ട ഈശോയുടെ തിരുഹൃദയം ഇന്നും അവിടുത്തെ ഹൃദയഭാവങ്ങൾ നമ്മിലേയ്ക്ക് ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. അവിടുത്തെ ഹൃദയഭാവങ്ങൾ സ്വന്തമാക്കി അത് മറ്റുള്ളവരിലേയ്ക്ക് പകരുന്നതനുസരിച്ച് നമ്മുടെ ആത്മീയജീവിതം പൂവണിയുന്നു. വിശുദ്ധിയിലേയ്ക്കുള്ള പ്രയാണത്തിൽ ഈശോയുടെ തിരുഹൃദയ ഭാവങ്ങൾ നമുക്ക് എന്നും മാതൃകയും പ്രചോദനവുമായി നിലനിൽക്കട്ടെ…

സി. റ്റെസ്മി വള്ളിക്കുന്നേൽ SH

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.