ഡൗൺ സിൻഡ്രോം ബാധിച്ച ഇരട്ടക്കുട്ടികൾ; ദൈവം നൽകിയ സമ്മാനമായി സ്വീകരിച്ച് ഒരമ്മ

“ഞാൻ അവരെ നന്നായി നോക്കുമെന്ന് ദൈവത്തിനറിയാം. അതിനാലാണ് അവരെ ദൈവം എനിക്ക് നൽകിയത്” – ഡൗൺ സിൻഡ്രോം ബാധിച്ച ഇരട്ടക്കുട്ടികളെ ദൈവം നൽകിയ സമ്മാനമായി സ്വീകരിച്ച ഒരമ്മയുടെ വാക്കുകളാണിത്.

കോംബ്‌സ് എന്ന അമ്മ ഗർഭിണി ആയിരിക്കുമ്പോൾ, ഇരട്ടക്കുട്ടികളാണ് തനിക്ക് ജനിക്കാൻ പോകുന്നതെന്ന് അവർക്കറിയാമായിരുന്നു. പക്ഷേ, അവർ ഡൗൺ സിൻഡ്രോം ബാധിച്ച കുഞ്ഞുങ്ങൾ ആയിരിക്കുമെന്ന് ആ അമ്മ അറിഞ്ഞില്ല. എന്നാൽ ദൈവം തന്ന തങ്ങളുടെ മക്കളെ ഒരു സമ്മാനമായി സ്വീകരിച്ച് പരിപാലിക്കുകയാണ് ഫ്ലോറിഡയിലെ ജാക്‌സൺവില്ലയിൽ നിന്നുള്ള ഈ കുടുംബം.

കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധനകൾ നടത്താൻ ആ അമ്മ സമ്മതിച്ചില്ല. “വൈകല്യങ്ങൾ ഉണ്ടോ എന്ന് പരിശോധനകൾ നടത്തിയാൽ അത് ചിലപ്പോൾ ഗർഭം അലസലിനു കാരണമാകും. അതിനാൽ ഞാൻ ഒഴിവാക്കി. എന്റെ കുഞ്ഞുങ്ങളെ നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ മക്കൾ എങ്ങനെയാണോ ആ അവസ്ഥയിൽ അവരെ സ്നേഹിക്കാനായിരുന്നു എനിക്കിഷ്ട്ടം” – കോംബ്‌സ് എന്ന ഈ അമ്മ പറയുന്നു.

കെന്നാഡി റൂ, മക്കെൻലി അക്കർമാൻ എന്നീ ഇരട്ടപെൺകുട്ടികൾ ജനിച്ചപ്പോഴാണ് അവർ ഡൗൺ സിൻഡ്രോം ബാധിച്ചവരാണ് എന്നറിയുന്നത്. എങ്കിലും അവരോടുള്ള സ്നേഹത്തിന് ഒരു കുറവും ഈ അമ്മക്കുണ്ടായില്ല. അവർ മറ്റുള്ളവരെപ്പോലെയാണെന്ന് ലോകത്തോട് പങ്കുവയ്ക്കുകയാണ് ഈ അമ്മ.

“അവർക്ക് വികാരങ്ങളുണ്ട്. മിടിക്കുന്ന ഹൃദയമാണ് അവർക്കുള്ളത്. അവർക്ക് സംസാരിക്കാൻ അറിയാം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് അവർക്കറിയാം. അവർ കാര്യങ്ങൾ ചെയ്യുന്നത് ഒരു പടി പിന്നിലായിരിക്കാം. പക്ഷേ, അവർ എല്ലാ കാര്യങ്ങളും തനിയെ ചെയ്യും” – അവർ വെളിപ്പെടുത്തി.

ഇരട്ടക്കുട്ടികൾക്ക് രണ്ടു പേർക്കും ഡൗൺ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത, രണ്ട് ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്. ഈ അത്ഭുത ഇരട്ടകൾ കോംബ്സിന് ഒരു അനുഗ്രഹമാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.