അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകാൻ കഴിയുന്ന നാളുകൾക്കായി പ്രതീക്ഷയോടെ ഒരു മിഷനറി

താലിബാൻ, അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിനെ തുടർന്ന് അവിടെ നിന്ന് നിരവധി പേരാണ് പലായനം ചെയുന്നത്. വളരെ കുറച്ചു മാത്രം കത്തോലിക്കർ ഉണ്ടായിരുന്ന അഫ്ഗാനിസ്ഥാനിൽ ഇനി അവശേഷിക്കുന്ന കത്തോലിക്കരുടെ സാന്നിധ്യം വിരലിലെണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. എന്നാൽ, ആ ചെറിയ അജഗണത്തെ വിട്ടുപേക്ഷിക്കാതെ കൂടെ നിർത്തുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ് ഇറ്റാലിയൻ മിഷനറി വൈദികനായ ഫാ. ജിയോവാനി സ്കെലേസ്.

2014 മുതൽ അഫ്ഗാനിസ്ഥാനിലെത്തി മിഷൻ ദൗത്യങ്ങൾ ഏറ്റെടുത്തതാണ് ഈ വൈദികൻ. വിദേശ മിഷനറിമാർക്ക് മടങ്ങിവരാനും ധൈര്യത്തോടെ തങ്ങളുടെ വിശ്വാസം ജീവിക്കാനും കഴിയുന്ന ഒരു സാധാരണ അവസ്ഥയിലേക്ക് രാജ്യം മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഫാ. ജിയോവാനി. 2002 -ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനം അനുസരിച്ചാണ് അഫ്ഗാനിസ്ഥാനിൽ കത്തോലിക്കാ മിഷൻ പ്രവർത്തനങ്ങൾ സജീവമാകുന്നത്. അന്ന് അഫ്ഗാനിസ്ഥാനിലേക്ക് മിഷനറിയായി എത്തിയത് ഫാ. ജ്യൂസപ്പെ മൊറേറ്റി ആണ്.

ഈ രാജ്യത്ത് കത്തോലിക്കാ മിഷൻ ദൗത്യം രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും ഒരു ചാപ്പൽ മാത്രമേ ഇവിടെയുള്ളൂ. കാബൂളിലെ ഇറ്റാലിയൻ എംബസിയുടെ ‘ഔവർ ലേഡി ഓഫ് ഡിവൈൻ പ്രൊവിഡൻസ് ചാപ്പൽ.’ 1919 -ൽ ഇറ്റലി, അഫ്ഗാനിസ്ഥാന്റെ ഭരണാധികാരി അമാനുല്ല ഖാനോട് ഒരു കത്തോലിക്കാ ആരാധനാലയം പണിയാൻ ആവശ്യപ്പെട്ടിരുന്നു. ആ വർഷം രാജ്യത്തിന്റെ സ്വാതന്ത്ര്യം ആദ്യമായി അംഗീകരിച്ചതിന് ഇറ്റാലിയൻ സർക്കാരിനോട് നന്ദി പ്രകടിപ്പിക്കാൻ ആഗ്രഹിച്ചതിനാൽ അദ്ദേഹം അതിനു സമ്മതിച്ചു. അങ്ങനെയാണ് ഈ ചാപ്പൽ പണിയപ്പെട്ടത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം താലിബാൻ അധികാരമേറ്റ ശേഷം ഇന്ന് ഈ ചാപ്പൽ ശൂന്യമാണ്. താലിബാൻ ഭരണം ഏറ്റെടുത്തതോടെ ആഗസ്റ്റ് 25 -ന് ഫാ. ജിയോവാനിയും നിരവധി മിഷനറിമാരും രാജ്യം വിട്ടു. അന്ന് മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് പരിചരിച്ചിരുന്ന അംഗവൈകല്യമുള്ള 14 കുട്ടികളെയും കൂടെ കൊണ്ടുവന്നു.

അഫ്ഗാനിസ്ഥാനിൽ എല്ലാവർക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു നല്ല ദിനം സ്വപ്‍നം കാണുകയാണ് ഈ വൈദികൻ. “എത്രയും വേഗം സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതായത് സമാധാനം, സ്ഥിരത, സുരക്ഷ ഒക്കെയുള്ള ഒരു രാജ്യം. വിദേശികൾക്ക് രാജ്യത്തേക്ക് മടങ്ങാനും അവരുടെ വിശ്വാസത്തിൽ പരിമിതികളില്ലാതെ ജീവിക്കാനും കഴിയണം. ആരാണ് രാജ്യം ഭരിക്കുന്നത് എന്നത് ഞങ്ങൾക്ക് പ്രശ്നമല്ല. മതസ്വാതന്ത്ര്യത്തിന് ഒരു തടസ്സവും ഉണ്ടാകാതിരുന്നാൽ മതി” – ഫാ. ജിയോവാനി വെളിപ്പെടുത്തുന്നു.

അഫ്ഗാനിസ്ഥാനിൽ മതപരിവർത്തനം നടത്തുകയായിരുന്നില്ല ഈ മിഷനറിമാരുടെ ലക്ഷ്യം. പാവപ്പെട്ടവരെ സഹായിക്കാനും അജപാലന പ്രവർത്തനങ്ങൾ നടത്താനും യാതൊരുവിധ തടസവും ഉണ്ടായിരുന്നില്ല. എന്നാൽ, താലിബാൻ ഭരണം ഏറ്റെടുത്തതോടെ സ്ഥിതി മാറി. താലിബാന്റെ വരവ് കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചു. ആദ്യമൊക്കെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന പ്രതീക്ഷകൾ ക്രിസ്ത്യൻ മിഷനറിമാർക്ക് ഉണ്ടായിരുന്നു. എന്നാൽ, വളരെ വേഗം സ്ഥിതിഗതികൾ മാറിമറിയുകയായിരുന്നു.

ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനും അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ഓഫീസുകൾ വീണ്ടും തുറക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഫാ. ജിയോവാനിക്കും കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ട്. അഫ്ഗാനിലേക്ക് തിരിച്ചുപോകാനും അവിടെയുള്ള ജനങ്ങളെ സഹായിക്കാനുമുള്ള ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് ഈ വൈദികൻ. എന്നാൽ, എപ്പോൾ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാനാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും തന്റെ അജഗണത്തിലെ ഒരാടിനെപ്പോലും നഷ്ടപ്പെടുത്താൻ ഈ ഇടയൻ ആഗ്രഹിക്കുന്നില്ല.

ആശങ്കകൾ തുടരുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹവുമായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ മിഷനറി വൈദികൻ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.