അൾത്താരയിൽ നിന്നൊരു മുത്തവും വൈദികനെ ദൈവരഹസ്യം പഠിപ്പിച്ച ബാലനും

    “യേശു ഉദ്‌ഘോഷിച്ചു: സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു” (മത്തായി 11:25). ദൈവത്തിന്റെ മുമ്പിൽ കുഞ്ഞുങ്ങൾക്കുള്ള സ്ഥാനത്തെക്കുറിച്ച് തിരുവചനം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ഇത്തരത്തിൽ നിഷ്കളങ്കനായ ഒരു കുഞ്ഞിലൂടെ വെളിപ്പെട്ട ഒരു ദൈവികരഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സ്പെയിനിൽ നിന്നുള്ള ഫാ. ജോസ് റോഡ്രിഗോ ലോപ്പസ് സെപെഡ.

    ഫാ. ജോസ് റോഡ്രിഗോ ലോപ്പസ് സെപെഡ സ്പെയിനിലെ സെന്റ് ഒറോസിയ ദേവാലയത്തിലേയ്ക്ക്‌ പൗരോഹിത്യശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുകയാണ്. അദ്ദേഹത്തിനു മുൻപ് ആ ദൈവാലയത്തിൽ സേവനം ചെയ്തിരുന്ന വൈദികൻ നീണ്ട 30 വർഷത്തെ സേവനത്തിനു ശേഷമാണ് അവിടെ നിന്നും മടങ്ങുന്നത്. ജോസ് അച്ചൻ പുതിയ ഇടവകയിൽ എത്തി ചാർജ്ജെടുത്തു. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ടായി തോന്നി. കാരണം, കഴിഞ്ഞ 30 വർഷം അവിടെ സേവനം ചെയ്ത വികാരിയച്ചന്റെ ചിട്ടകളിൽ നിന്നും വ്യത്യസ്തമായിരുന്നു ജോസച്ചന്റെ പ്രവർത്തികൾ. അതിനാൽ തന്നെ ആളുകൾ അടുക്കുവാൻ അൽപം മടി കാണിച്ചു. എങ്കിലും പതിയെപ്പതിയെ അവർ പുതിയ അച്ചന്റെ രീതികളിലേക്ക് യോജിച്ചുവന്നു.

    അങ്ങനെയിരിക്കെ ഒരു കുടുംബം അച്ചനെ കാണാനെത്തി. ആ ദമ്പതികൾ അവരുടെ എട്ടു വയസുള്ള മകനുമായിട്ടാണ് അച്ചനെ കാണുവാനെത്തിയത്. ഗബ്രിയേൽ എന്ന് വിളിപ്പേരുള്ള ആ ബാലൻ, ചില വെല്ലുവിളികളുള്ള ഒരു കുട്ടിയായിരുന്നു. അവനെ അൾത്താര ബാലൻ ആക്കണം എന്ന ആവശ്യവുമായിട്ടാണ് ആ കുടുംബം എത്തിയത്. ആദ്യം, സാധ്യമല്ല എന്ന് പറഞ്ഞുവെങ്കിലും ഗബ്രിയേലിന്റെ നിർബന്ധപ്രകാരം അൾത്താര ബാലനാക്കി.

    അങ്ങനെ ഗബ്രിയേൽ കാത്തിരുന്ന ദിവസം വരവായി. വളരെ കൃത്യനിഷ്ഠയുള്ള കുട്ടിയായിരുന്നു ഗബ്രിയേൽ. അവൻ കുർബാന തുടങ്ങുന്നതിന് വളരെ മുമ്പു തന്നെ ദൈവാലയത്തിലെത്തി. അവന്റെ മുത്തശ്ശി തുന്നിക്കൊടുത്ത കുർബാന വസ്ത്രങ്ങളൊക്കെ ധരിച്ച്. ഈ സമയം അച്ചൻ തിരക്കിട്ട പണികളിലായിരുന്നു. കാരണം, മറ്റ് അൾത്താര ബാലന്മാർ ഇല്ല; കപ്യാരുമില്ല. കുർബാനയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം അച്ചൻ തനിയെ വേണം ചെയ്യാൻ. ഗബ്രിയേൽ ആദ്യമായിട്ടാണ് അൾത്താരയിൽ കയറുന്നതും. അവന് കാര്യങ്ങൾ ഒന്നും വശമില്ലാതാനും.

    അവന്റെ നിൽപ്പ് കണ്ടപ്പോൾ അച്ചൻ പറഞ്ഞു: “ഞാൻ ഇപ്പോൾ ചെയ്തത് നീ കണ്ടോ? അതുപോലെ നീയും ചെയ്യണം.” ഗബ്രിയേൽ സമ്മതം അറിയിച്ചു. നിഷ്കളങ്കനായ അവൻ വൈദികൻ ചെയ്തതെല്ലാം അതേപടി ചെയ്തു. വൈദികൻ ബലിപീഠത്തിൽ ചുംബിക്കുന്നതുൾപ്പെടെ. അന്ന് വിശുദ്ധ കുർബാന അർപ്പിക്കാനെത്തിയവർ എല്ലാവരും ചിരിയോടെ കുർബാന അർപ്പിച്ചു മടങ്ങി. അച്ചൻ കുർബാനയ്ക്കുശേഷം ഗബ്രിയേലിനെ വിളിച്ചു. ബലിപീഠത്തിൽ ചുംബിക്കരുത്; വൈദികർക്കു മാത്രമേ അതില്‍ ചുംബിക്കുവാൻ അധികാരമുള്ളൂ എന്ന് അറിയിച്ചു. എന്നാൽ ഗബ്രിയേലിന് അത് മനസിലായില്ല. ഒടുവിൽ രണ്ടുപേർക്കും വേണ്ടി അച്ചൻ ബലിപീഠം ചുംബിക്കും എന്നുപറഞ്ഞതോടെ അവൻ തലയാട്ടി സമ്മതം അറിയിച്ചു.

    അങ്ങനെ അടുത്ത ദിവസം വന്നു. ഗബ്രിയേൽ അൾത്താര ബാലനായി ശുശ്രൂഷ ചെയ്യുന്നുണ്ടായിരുന്നു. അച്ചൻ ബലിപീഠം ചുംബിച്ചശേഷം ഗബ്രിയേൽ എന്ത് ചെയ്യുകയാണെന്നു നോക്കി. അവന്‍ അന്ന് ബലിപീഠം ചുംബിച്ചില്ല. പക്ഷേ, ബലിപീഠത്തിന്റെ അരികിൽ കവിള്‍ ചേർത്തുവച്ചു നിന്നു. വൈദികൻ വിളിക്കുന്നതുവരെ അവൻ അത് തുടർന്നു. ഒടുവിൽ വിശുദ്ധ കുർബാന പൂർത്തിയാക്കി ഇറങ്ങിയശേഷം അച്ചൻ ഗബ്രിയേലിനെ വിളിച്ചു. ചുംബിക്കരുത് എന്നുപറഞ്ഞിട്ട് എന്തിനാ അങ്ങനെ ചെയ്തത് എന്ന ചോദ്യത്തിന് അവൻ നൽകിയ മറുപടി, ” ഞാൻ ബലിപീഠം ചുംബിച്ചില്ലല്ലോ, അത് എന്നെ ചുംബിക്കുകയായിരുന്നു” എന്നാണ്. ആ ബാലന്റെ ഉത്തരം അച്ചനെ ഞെട്ടിച്ചു; ഹൃദയം തുറപ്പിച്ചു.

    അവനെ യാത്രയാക്കി, തിരക്കുകൾ തീർത്തശേഷം അച്ചൻ പതിയെ ദൈവാലയത്തിലേയ്ക്കു നടന്നു. അവിടെയെത്തി ആ അൾത്താരയിൽ ബലിപീഠത്തിനു മുന്നിൽ മുട്ടുകുത്തി കവിള്‍ ചേർത്തുവച്ചു. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു: “ദൈവമേ, ഗബ്രിയേലിനെ ചുംബിച്ചതുപോലെ എന്നെയും നീ ചുംബിക്കണമേ.”

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.