ഫ്രാൻസിസ് പാപ്പയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര 

ലോകം മുഴുവൻ ഏറ്റവും സ്നേഹത്തോടെയും ബഹുമാനത്തോടെയും വീക്ഷിക്കുന്ന ഒരു വ്യക്തിത്വമാണ് ഫ്രാൻസിസ് പാപ്പായുടേത്. കരുണയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ ഉദാത്തഭാവം. ആ മഹനീയ വ്യക്തിത്വം ഇന്ന് എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിലൂടെ നമുക്ക് ഒന്ന് കടന്നുപോകാം…

പാപ്പായുടെ ജനനം, ബാല്യം

1936 ഡിസംബർ മാസം 17-ാം തീയതി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോർജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയിൽവേയിൽ അക്കൗണ്ടന്റും മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയിൽ നിന്നും അർജന്റീനയിലേയ്ക്ക് കുടിയേറിയവരായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മാതാപിതാക്കൾ. നാലു സഹോദരങ്ങളും മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. വളരെയേറെ യാതനകളുടെ നടുവിലും വിശുദ്ധിയിലും ലാളിത്യത്തിലും ജീവിക്കുവാൻ ബെർഗോളിയോയ്ക്ക് കഴിഞ്ഞു. ചെറുപ്പകാലത്തുണ്ടായ അണുബാധ മൂലം അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട്.

ദൈവവിളിക്ക് കാതോർത്ത് പൗരോഹിത്യത്തിലേയ്ക്ക്

രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കിയ ജോർജ് മരിയോ 1958 മാർച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയിൽ ചേർന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയിൽ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂർത്തീകരിച്ച് 1963-ൽ അർജന്റീനയിൽ മടങ്ങിയെത്തിയ അദ്ദേഹം, സാൻ മിഗുവേലിലെ സാൻ ജോസ് കോളജിൽ നിന്നും തത്വശാസ്ത്രത്തിൽ ബിരുദപഠനവും പൂർത്തിയാക്കി. അടുത്ത രണ്ടു വർഷങ്ങൾ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു.

1969 ഡിസംബർ 13-ാം തീയതി ആർച്ച്ബിഷപ്പ് റമോൻ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളിൽ നിന്നുമാണ് ജോർജ് മരിയോ ബെർഗോളിയോ തിരുപ്പട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടർന്ന അദ്ദേഹം 1970-ൽ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനിൽ എത്തിച്ചേർന്നു. മൂന്നു വർഷങ്ങൾക്കുശേഷം അർജന്റീനയിലേയ്ക്ക് മടങ്ങിയെത്തിയ ജോർജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാർത്ഥികളെ പഠിപ്പിക്കുവാൻ ആരംഭിച്ചു. നവ സെമിനാരി വിദ്യാർത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973-1979 ബെർഗോളിയോ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാൾ ആയിരുന്നു. പിന്നീട് സാൻ മിഗേൽ സെമിനാരി റെക്ടറായി 1980-ൽ സ്ഥാനമേറ്റെടുത്ത ബെർഗോളിയോ 1988 വരെ ആ പദവിയിൽ തുടർന്നു.

ഉന്നത സ്ഥാനങ്ങളിലേയ്ക്ക്

ബ്യൂണസ് ഐറീസ് ആർച്ച്ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യർത്ഥനപ്രകാരം ജോർജ് ബെർഗോളിയെ ബിഷപ്പാക്കുവാൻ തീരുമാനിച്ചതു വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ്. 1992 മേയ് 20-ാം തീയതി ‘ഫാ. ജോർജ് ബെർഗോളി’യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാൻ, ഔക്ക രൂപതയുടെ മെത്രാൻ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂൺ മൂന്നാം തീയതി ജോർജ് ബെർഗോളിയോ സഹായ ആർച്ച്ബിഷപ്പായി നിയമിതനായി. ഒൻപതു മാസങ്ങൾക്കുശേഷം തന്റെ മുൻഗാമിയായിരുന്ന കർദ്ദിനാൾ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടർന്ന് ബ്യൂണസ് ഐറിസിന്റെ ആർച്ച്ബിഷപ്പായി ജോർജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അർജന്റീനയിലെ കിഴക്കൻ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചുവന്നു.

ലാളിത്യത്തെ ഇഷ്ടപ്പെട്ട ഇടയൻ

പൗരോഹിത്യജീവിതത്തിൽ ഉയർന്ന പദവികളിലേയ്ക്ക് എത്തുമ്പോഴും ലളിതമായ ജീവിതത്തെ അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. നഗരത്തിൽ ഒരു അപ്പാർട്ട്‌മെന്റ് വാടകയ്ക്കെടുത്തശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആർച്ച്ബിഷപ്പായിരുന്നപ്പോൾ ജോർജ് ബെർഗോളിയോ ജീവിച്ചിരുന്നത്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത്, ‘ഞാൻ നയിക്കുന്ന ജനങ്ങൾ പാവപ്പെട്ടവരാണ്. ആയതിനാൽ അവരുടെ അവസ്ഥയെ മനസ്സിലാക്കിക്കൊണ്ട് അവരെ നയിക്കുവാൻ ഞാനും അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്’ എന്നാണ്.

2001 ഫെബ്രുവരി 21-ാം തീയതി വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, കർദ്ദിനാൾ പദവിയിലേയ്ക്ക് ജോർജ് ബെർഗോളിയെ ഉയർത്തിപ്പോഴും അദ്ദേഹത്തിന്റെ ചിന്തകൾ വേറിട്ടതായി നിന്നു. കർദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകൾക്ക് സാക്ഷികളാകുവാൻ വിശ്വാസികൾ റോമിലേയ്ക്ക് വരുവാൻ ചെലവഴിക്കുന്ന തുക പാവങ്ങൾക്ക് നൽകുവാൻ ആഹ്വാനം ചെയ്ത അദ്ദേഹം, ലാളിത്യത്തിന്റെ മഹനീയ മാതൃകയാണ് തന്റെ അജഗണത്തെ പഠിപ്പിച്ചത്. പിന്നീട് പാപ്പാ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം തന്റെ ആദർശങ്ങൾ മറന്നില്ല. വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരമാണ് മാർപാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാൽ അവിടെ നിന്നും മാറി സാന്താ മാർത്തയിലെ രണ്ടു മുറികൾ ചേർന്ന കെട്ടിടമാണ് താമസിക്കുന്നതിനായി അദ്ദേഹം തിരഞ്ഞെടുത്തത്.

കത്തോലിക്കാ സഭയുടെ അമരത്തേയ്ക്ക്

കർദ്ദിനാളായ ശേഷം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറൽ റിലേറ്റർ പദവിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോൺപോൾ രണ്ടാമന്റെ നിര്യാണത്തെ തുടർന്ന് 2005-ൽ ചേർന്ന കോൺക്ലേവിൽ ജോർജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 -നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവിൽ സഭാചരിത്രത്തിലെ 266-ാമത്തെ മാർപാപ്പയായി അർജന്റീനക്കാരനായ കർദ്ദിനാൾ ജോർജി മരിയോ ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. ലാളിത്യത്തെ മുഖമുദ്രയാക്കിയ അസീസിയിലെ വി. ഫ്രാൻസിസിന്റെ നാമം സ്വീകരിച്ചുകൊണ്ട് അദ്ദേഹം തന്റെ ജീവിതവീക്ഷണം ലോകത്തിനു വെളിപ്പെടുത്തി.

ചരിത്രത്തിന്റെ ഭാഗമായി പാപ്പായുടെ യാത്രകളും പ്രബോധനങ്ങളും

ജോൺപോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായിട്ട് അടുത്തിടപഴകാൻ താല്പര്യപെടുന്ന ഫ്രാൻസിസ് പാപ്പാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ഫോബ്സ് പട്ടികയിൽ നാലാം സ്ഥാനം നേടിയിരുന്നു. 2019 ഫെബ്രുവരി മൂന്നു മുതൽ അഞ്ചു വരെ നടത്തിയ ഐക്യ അറബ് എമിറേറ്റുകളിലേയ്ക്കുള്ള മാർപാപ്പയുടെ സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നതായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മാർപാപ്പ ഒരു ഗൾഫ് രാജ്യം സന്ദർശിച്ചത്. ഇതുകൂടാതെ, ഇറാഖ് സന്ദർശനത്തിന് ഒരുങ്ങുകയാണ് പാപ്പാ. കൂടാതെ, പാപ്പായുടെ നിരവധി പ്രബോധനങ്ങളും പരിസ്ഥിതി സംരക്ഷണത്തെ ലക്ഷ്യം വച്ച് തയ്യാറാക്കിയ ‘ലവ് ദാത്തോ സീ’ എന്ന ചാക്രികലേഖനവും ലോകത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.

ചുരുക്കത്തിൽ എളിമയും കരുണയും ലാളിത്യവും സഹോദരസ്നേഹവും വാക്കുകളിലോ പ്രഭാഷണങ്ങളിലോ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നും അത് എന്നും സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ട മൂല്യങ്ങളാണെന്നും ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന ഒരു വ്യക്തിത്വമായി ഫ്രാൻസിസ് പാപ്പാ മാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.