ശുദ്ധീകരണസ്ഥലത്തിലെ ആത്മാവ് വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ

പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്. പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു അനുഭവമാണു അപ്രതീക്ഷിതമായി വി. പിയോയ്ക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഉണ്ടായത്.

ഒരിക്കൽ പിയോ അച്ചൻ തനിച്ചു മുറിയിൽ പ്രാർത്ഥിക്കുക ആയിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ അതാ ഒരു വൃദ്ധൻ കൺമുമ്പിൽ നിൽക്കുന്നു. അതെക്കുറിച്ചു പിയോ അച്ചൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ” ആ രാത്രിയിൽ ആശ്രമത്തിലെ എല്ലാ വാതിലുകളും അടച്ചിരിക്കുമ്പോൾ അയാൾ എങ്ങനെ അകത്തു കയറി എന്നു ചിന്തിക്കാൻ പോലും എനിക്കു സാധിക്കുന്നില്ല.”

ആഗമന ഉദ്ദേശ്യം എന്താണന്നറിയാൻ ഫാ. പിയോ ആ മനുഷ്യനോടു ചോദിച്ചു, “ആരാണ് നീ? എന്താണിവിടെ കാര്യം? ” വൃദ്ധൻ മറുപടി പറഞ്ഞു, “പാദ്രേ പിയോ, നികോളയുടെ മകനായ പിയത്രോ ദി മൗവ്വറോയാണു ഞാൻ. എന്റെ വിളിപ്പേര് പ്രേകോകോ എന്നാണ്. 1908 സെപ്റ്റംബർ പതിനെട്ടിനു ഈ ആശ്രമത്തിലെ നാലാം നമ്പർ സെല്ലിൽ മരിച്ച വ്യക്തിയാണു ഞാൻ. ഒരു രാത്രി കിടന്നു കൊണ്ടു സിഗരറ്റു വലിക്കുമ്പോൾ ഞാൻ ഉറങ്ങിപ്പോയി സിഗരറ്റിൽ നിന്നു തീജ്വാലകൾ പടർന്നു എന്റെ സെല്ലു കത്തി നശിച്ചു. അങ്ങനെ ശ്വാസം മുട്ടി തീപ്പൊള്ളലേറ്റു ഞാൻ മരിച്ചു. ഞാൻ ഇപ്പോഴും ശുദ്ധീകരണ സ്ഥലത്താണ്. എന്റെ മോചനത്തിനായി വിശുദ്ധ കുർബാന വേണം. ഈ സഹായം നിന്നോടു ചോദിക്കുന്നതിനായി ദൈവം എന്നെ അനുവദിച്ചിരിക്കുന്നു.”

“നിന്റെ വിമോചനത്തിനായി ഞാൻ നാളെ വിശുദ്ധ ബലി അർപ്പിച്ചു കൊള്ളാം.” -പിയോ അവനു ഉറപ്പു നൽകി. വൃദ്ധൻ, പിയോ അച്ചന്റെ മുമ്പിൽ നിന്നു മറഞ്ഞു.

കാര്യങ്ങൾ ശരിയാണോ എന്നറിയാൻ പിയോ ആശ്രമത്തിലെ പഴയ രേഖകൾ പിറ്റേന്നു തന്നെ പരിശോധിച്ചു. 1908 സെപ്റ്റംബർ മാസത്തിൽ അങ്ങനെയൊരു സംഭവം നടന്നിരുന്നതായി കണ്ടെത്തി. പിയോ അച്ചൻ അന്നു തന്നെ പ്രേകോകോക്കായി വിശുദ്ധ കുർബാന അർപ്പിച്ചു അവന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.

ഇതു ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. പലപ്പോഴും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾ സഹായത്തിനായി വി. പിയോയെ സന്ദർശിച്ചുണ്ട്. അതെക്കുറിച്ചു ഫാ. പിയോ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, ” ജീവിച്ചിരിക്കുന്ന ആത്മാക്കളെപ്പോലെ മരിച്ച ആത്മാക്കളും ഈ ആശ്രമത്തിലെ നിത്യ സന്ദർശകരാണ്.”

ശുദ്ധീകരണ സ്ഥലത്തു നിന്നുള്ള വിമോചനത്തിനായി വിശുദ്ധ കുർബാന ആയിരുന്നു അവരുടെയെല്ലാം ആവശ്യം. മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവരും ശുദ്ധീകരണസ്ഥലത്തിലെ എല്ലാം ആത്മാക്കളും വിശുദ്ധ കുർബാനയിൽ നമ്മുടെ പ്രാർത്ഥനാ വിഷയമാക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.