ഒരു കൈ സഹായം

മനുഷ്യന്‍ ഇരുള്‍പാതകളില്‍ വഴിതപ്പി നടക്കുന്നവനാണ്. വളഞ്ഞ വഴികള്‍ക്കിടയില്‍ നേര്‍പാത അന്വേഷിച്ച് അലയുന്നവനാണ്. ജീവിത സാഗരത്തിന്റെ തീരം അന്വേഷിക്കുന്നവനാണ്. ഈ അലച്ചിലിനിടയില്‍ വഴി കാണിച്ചുതരാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകാത്ത മനുഷ്യരില്ല. നിലയില്ലാത്ത നീര്‍ക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ വലിച്ചുയര്‍ത്തുന്ന ഒരു കൈ എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്.

ഈ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ് യേശു പരിശുദ്ധാത്മാവിലൂടെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏതൊരു അപകടവേളയിലും മനുഷ്യനെ സഹായിക്കുന്ന പരിശുദ്ധാത്മാവിനെയാണ് യേശു വാഗ്ദാനം ചെയ്തിരിക്കുന്നത്. യേശു അരുള്‍ച്ചെയ്യുന്നു: ”ഞാന്‍ പോയില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേയ്ക്ക് വരികയില്ല” (യോഹ. 16:7).

ഇന്ന് എല്ലാവരും സഹായകരെ അന്വേഷിച്ച് നടക്കുന്നു. ജനനം മുതല്‍ മരണംവരെ നമുക്ക് സഹായകരുടെ ആവശ്യം ഉണ്ട്. ജന്മമെടുക്കുന്നതിന് മാതാപിതാക്കന്മാരുടെ സഹായം, വളര്‍ന്നുവരുന്നതിന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഹായം നമുക്ക് ആവശ്യമാണ്. ദരിദ്രന്‍ സമ്പന്നന്റെ സഹായം തേടുന്നു. ബലഹീനന്‍ ബലവാന്റെ സഹായത്തിനായ് കാത്തുനില്‍ക്കുന്നു. ശിഷ്യന് ഗുരുവിന്റെ സഹായം, അനുയായികള്‍ക്ക് നേതാവിന്റെ സഹായം… അങ്ങനെ നോക്കുമ്പോള്‍ ക്രിസ്തീയ ജീവിതത്തിന്റെ നിത്യസഹായകനാണ് പരിശുദ്ധാത്മാവ്.

പലരും സഹായകരുടെ വേഷത്തില്‍ വരാറുണ്ട്. പക്ഷേ ഒടുവില്‍ സഹായത്തിനുപകരം ഉപദ്രവം വിതച്ചിട്ട് അവര്‍ യാത്രയാകുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഫിലിപ്പൈന്‍സില്‍ സഹായിക്കാനെത്തിയ അമേരിക്കന്‍ ഭടന്മാര്‍ ചെയ്തുകൂട്ടിയ വൃത്തികേടുകള്‍ ലോകമനസ്സാക്ഷിക്കുമുമ്പില്‍ ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു. ചാരിത്ര്യം നഷ്ടപ്പെട്ട അവിടുത്തെ യുവതികളുടെ കണ്ണീര്‍ ഇനിയും തോര്‍ന്നിട്ടില്ല. പിതാവ് ആരെന്നറിയാത്ത മക്കളുടെ എണ്ണവും അവിടെ അസംഖ്യം. ഒരു സഹായത്തിന്റെ ബാക്കിപത്രങ്ങളാണ് അതൊക്കെ.

ശ്രീലങ്കയില്‍ സഹായിക്കാന്‍പോയ ഇന്ത്യന്‍ സേനയും അസ്സമാധാനത്തിന്റെ ചില വിത്തുകള്‍ വിതച്ചിട്ടുണ്ടെന്നു നമുക്കറിയാം. ഈയിടെ മറ്റൊരു സഹായകനെക്കൂടി ലോകം ദര്‍ശിച്ചു. ഇറാക്കി ജനതയെ രക്ഷിക്കാന്‍ സഹായകന്റെ വേഷംകെട്ടിയിറങ്ങിയ അമേരിക്ക. ‘സഹായകന്‍’ എന്ന വാക്കിനെത്തന്നെ മലിനപ്പെടുത്തുന്ന കാര്യങ്ങളാണ് അവരവിടെ ചെയ്തത്. സഹായത്തിന്റെ ലേബലില്‍ നടത്തിയ നരഹത്യകളുടെ നീണ്ടനിര മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്നതാണ്. രക്തത്താല്‍ ചുവന്ന യൂഫ്രട്ടീസും ചുടുചോരക്കളങ്ങളുടെ ബാഗ്ദാദും മാധ്യമങ്ങള്‍ നമുക്കുമുമ്പില്‍ അവതരിപ്പിച്ച സത്യത്തിന്റെ സാക്ഷ്യങ്ങളാണ്.

ചിത്രകഥകളിലും സീരിയലുകളിലും ഒന്നുവിളിച്ചാല്‍ ഓടിയെത്തുന്ന കഥാപാത്രങ്ങളുണ്ട്. കുട്ടികള്‍ക്കും ചില മുതിര്‍ന്നവര്‍ക്കും ആരാധനാപാത്രങ്ങളാണ് അവര്‍. വെറും സാങ്കല്പിക സൃഷ്ടികളായ അവരുടെ സഹായം യാഥാര്‍ത്ഥ്യമായി കരുതുന്നു ചിലര്‍. ‘ശക്തിമാനെ’ സഹായത്തിനു വിളിച്ച് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി കാലൊടിഞ്ഞ ഒരു കുട്ടിയുടെ സംഭവം നമ്മള്‍ മറക്കാന്‍ സമയമായിട്ടില്ല.
ഉപദ്രവിക്കുന്ന സഹായകരുടെയും സാങ്കല്പിക സഹായകരുടെയും ലോകത്തിലിതാ ഒരു യഥാര്‍ത്ഥ സഹായകന്‍ – പരിശുദ്ധാത്മാവ്. Big Brother എന്നൊരു വിശേഷണം ആംഗലേയഭാഷയിലുണ്ട്. ജോര്‍ജ് ഓര്‍വലിന്റെ 1984’എന്ന നോവലിലാണ് ഈ വിശേഷണം ആദ്യമായി ഉപയോഗിക്കുന്നത്. എല്ലാം ചെയ്യുന്നവന്‍, നിയന്ത്രിക്കുന്നവന്‍, സഹായകന്‍ എന്നൊക്കെ ആ വാക്കിന് അര്‍ത്ഥങ്ങളും ഉണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ അല്പം നെഗറ്റീവ് (നിഷേധാത്മക) ചുവയുള്ള ഒരു പദമാണത്. പക്ഷേ, നെഗറ്റീവ് വശങ്ങളെല്ലാം മാറ്റിവച്ച്, ഭാവാത്മകതലത്തില്‍ മാത്രം ചിന്തിച്ചാല്‍ നമുക്ക് പറയാന്‍ സാധിക്കും. Holy Spirit is our Big Brother എന്ന്.

നീയറിയാതെ നിന്നെ സഹായിക്കുന്നവന്‍, നീയറിയാതെ നിന്റെ പാത നേരെയാക്കുന്നവന്‍, നിന്റെ ഇരുളിലേക്ക് വെളിച്ചം വീശുന്നവന്‍, നിന്റെ ദുരിതങ്ങള്‍ നന്മയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവന്‍ – അതാണല്ലോ പരിശുദ്ധാത്മാവ്. നിന്റെ നിത്യസഹായകന്‍. നിന്റെ ജീവിതത്തിന്റെ കദനമുഖങ്ങളില്‍ പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കുക, ലഭിക്കും. കാരണം, യേശു വാഗ്ദാനം ചെയ്തതാണത്.

ഏതൊക്കെ രീതിയിലാണ് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുക എന്ന് യേശു എണ്ണമിട്ട് പറയുന്നുണ്ട് (യോഹ. 16:5-15). ഒന്നാമതായി, ബോധ്യങ്ങള്‍ ഇല്ലാത്ത ലോകത്തിന് ബോധ്യങ്ങള്‍ നല്കുന്നവനാണ് പരിശുദ്ധാത്മാവ്. പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും എന്നാണ് യേശു പറയുന്നത്.

രണ്ടാമതായി, പരിശുദ്ധാത്മാവ് നമ്മെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് നയിക്കും. എന്താണ് സത്യം എന്ന ഏറെ കാലപ്പഴക്കമുള്ള ചോദ്യത്തിന്റെ ഉത്തരം സഹായകന്‍ നമുക്ക് നല്കും. മൂന്നാമതായി, വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നമ്മെ അറിയിക്കും. അവസാനമായി, യേശുവിനെ മഹത്വപ്പെടുത്തുന്നവനാണ് പരിശുദ്ധാത്മാവ്. യേശുവിനെ മഹത്വപ്പെടുത്തുന്നവന്‍ നമ്മെയും മഹത്വത്തിലേക്കു നയിക്കും എന്ന് തീര്‍ച്ച. അങ്ങനെ, നമ്മെ എല്ലാ മേഖലകളിലും ആത്മാവ് സഹായിക്കും എന്ന് യേശു വാഗ്ദാനം ചെയ്യുന്നു.

ഈ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് പന്തക്കുസ്താദിനത്തില്‍, പരിശുദ്ധാത്മാവ് ശിഷ്യരുടെമേല്‍ എഴുന്നള്ളിവന്നപ്പോള്‍ സംഭവിച്ചത്. സഹായകനായ ആത്മാവിന്റെ യഥാര്‍ത്ഥചിത്രം നടപടി 2:1-42 ല്‍ കൃത്യമായി തെളിയുന്നുണ്ട്. പന്തക്കുസ്താനാളില്‍ ജറുസലേമില്‍ ഒന്നിച്ചുകൂടിയ വിവിധ രാജ്യക്കാരായ ജനങ്ങള്‍, അപ്പസ്‌തോലന്മാരുടെ പ്രസംഗം താന്താങ്ങളുടെ ഭാഷയില്‍ ശ്രവിക്കുന്നതായി നമ്മള്‍ വായിക്കുന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ തങ്ങളുടെ മാതൃഭാഷയില്‍ കാര്യങ്ങളെല്ലാം ഗ്രഹിക്കുന്നു. സഹായകന്‍ ഓരോ ജനതയേയും രക്ഷയുടെ സന്ദേശം സ്വന്തം ഭാഷയില്‍ ശ്രവിക്കാന്‍ സഹായിക്കുന്നു. ഒടുവില്‍, എല്ലാവര്‍ക്കും മാനസാന്തരത്തിന്റെ പാത തുറന്നുകൊടുത്ത് രക്ഷയിലേക്ക് പ്രവേശിക്കാനും സഹായിക്കുന്നു. വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ ശിഷ്യരെ സഹായിച്ചത്, ശ്രവിക്കാന്‍ ജനങ്ങളെ സഹായിച്ചത്, മാനസാന്തരപ്പെടാന്‍ ജനത്തെ സഹായിച്ചത് പരിശുദ്ധാത്മാവാണ്.

വിവിധ ദാനങ്ങള്‍ നല്കി നമ്മെ സഹായിക്കുന്ന പരിശുദ്ധാത്മാവിനെപ്പറ്റി കോറിന്തോസ് ലേഖനത്തില്‍ വി. പൗലോസ് പ്രതിപാദിക്കുന്നുണ്ട് (1 കോറി. 12:1-11). സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നീ ഫലങ്ങള്‍ നല്കി നമ്മെ പരിപോഷിപ്പിക്കുന്ന ആത്മാവിനെ ഗലാത്തിയാ ലേഖനത്തിലും നാം കാണുന്നു (ഗലാ. 5:22). യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സമൂഹജീവിതത്തിലും നമ്മെ സഹായിക്കുന്നവനാണ് പരിശുദ്ധാത്മാവ്.

വായ്ത്തല മടങ്ങിയ ഒരു കോടാലികൊണ്ട് മരം മുറിച്ച് സമയവും ശക്തിയും പാഴാക്കിയിരുന്ന ഒരു മരംവെട്ടുകാരനുണ്ടായിരുന്നു. പണിനിര്‍ത്തി കോടാലിക്ക് മൂര്‍ച്ചകൂട്ടാന്‍ തനിക്ക് സമയമില്ലെന്ന് അയാള്‍ കാരണം പറഞ്ഞിരുന്നു. സമയമില്ലാത്തതല്ലായിരുന്നു കാരണം. സമയമില്ല എന്നയാള്‍ വിചാരിച്ചതാണ് പരാജയകാരണം.

നമ്മളും ജീവിതത്തില്‍ പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കാതെ പലതും ചെയ്ത് പരാജയപ്പെട്ടിട്ടുണ്ടാകാം. തിരക്കുകള്‍ക്കിടയില്‍, ആത്മാവിനോട് സഹായം ചോദിക്കാന്‍ പറ്റിയില്ല എന്നതായിരിക്കും നമുക്കു പറയാനുള്ള കാരണം. ഇനിയെങ്കിലും ഒരല്‍പസമയം ആത്മാവിനോട് ഉപദേശം ചോദിച്ചിട്ട് പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് ഇറങ്ങുക. വിജയം അവിടുന്ന് നമുക്ക് നല്കും. അപ്രതീക്ഷിതമായ പരാജയം വന്നുകൂടിയാലും ഭയപ്പെടേണ്ട. അതിനെ മറികടക്കാനുള്ള ശക്തികൂടി അവിടുന്ന് നല്കും. തീര്‍ച്ച.

ഫാ. ജി. കടൂപ്പാറയില്‍ എം.സി. ബി.എസ്‌.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.