കഴിഞ്ഞ വർഷം പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വന്നത് ഗുരുതര സാഹചര്യങ്ങൾ

പാക്കിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾക്ക് കഴിഞ്ഞ വർഷം വളരെ ഗുരുതരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് ഒരു പ്രമുഖ അഭിഭാഷക സംഘത്തിന്റെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു. ഈ റിപ്പോർട്ടുകൾ പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകർ അംഗീകരിക്കുകയും ചെയ്തു.

2020 -ൽ നിയമപാലകരെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടുവെന്ന് അടുത്തിടെ പുറത്തിറക്കിയ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ (എച്ച്ആർഡബ്ല്യു) ആഗോള റിപ്പോർട്ടിൽ പറയുന്നു. “സ്ത്രീകൾ, മതന്യൂനപക്ഷങ്ങൾ എന്നീ വിഭാഗങ്ങൾക്ക് തുടർച്ചയായി അക്രമവും വിവേചനവും പീഡനവും നേരിടേണ്ടി വന്നു. സർക്കാരോ അധികാരികളോ മതിയായ സംരക്ഷണം നൽകാനോ കുറ്റവാളികളെ കണ്ടെത്തുന്നതിനോ പരാജയപ്പെടുന്നു” – റിപ്പോർട്ടിൽ പറയുന്നു.

മതന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് ഒരു കാരണം മതനിന്ദാ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. ഏകപക്ഷീയമായ അറസ്റ്റിനും വിചാരണയ്ക്കും ഇവർ വിധേയരാകുന്നു. പാകിസ്ഥാനിൽ മതനിന്ദാ കുറ്റത്തിന് വധശിക്ഷ നിർബന്ധമാണ്. ഇപ്രകാരം, 2020 അവസാനത്തോടെ 40 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. മാത്രമല്ല, പാക്കിസ്ഥാനിൽ ബാലവിവാഹം ഗുരുതരമായ പ്രശ്‌നമായി തുടരുന്ന സാഹചര്യമാണ് ഉള്ളത്. 21 ശതമാനം പെൺകുട്ടികൾ 18 വയസ്സിന് മുമ്പും മൂന്ന് ശതമാനം പേർ 15 വയസിന് മുമ്പും വിവാഹം കഴിക്കുവാൻ നിർബന്ധിതരാകുന്നു. കൂടുതലും മത ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകൾ നിർബന്ധിത വിവാഹത്തിന് ഇരയാകുന്നു. നിർബന്ധിത വിവാഹങ്ങൾ തടയാൻ സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

എച്ച്‌ആർ‌ഡബ്ല്യുവിന്റെ ഏഷ്യ ഡിവിഷനിലെ മുതിർന്ന അഭിഭാഷകനായ സരൂപ് ഇജാസ് പാക്കിസ്ഥാൻ സർക്കാർ പിന്തുടരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ചു. വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 24 ക്രിസ്ത്യാനികളെ മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിൽ തടവിലാക്കുകയും വിവിധ ഘട്ടങ്ങളിൽ ആയി 21 വ്യത്യസ്ത കേസുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.