കോവിഡ് രോഗികൾക്കൊപ്പം ഒരു ഡോക്ടര്‍ സിസ്റ്റര്‍

സി. സൗമ്യ DSHJ

“സിസ്റ്റർ, നിങ്ങൾ ഈശ്വരനെപ്പോലെയാണ് ഞങ്ങൾക്ക്.” കോവിഡ് ബാധിച്ച് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലെത്തുമ്പോൾ ഓരോ രോഗിയെയും  സ്നേഹപൂർവ്വം ശുശ്രൂഷിക്കുന്ന ഡോക്ടർ സി. ജീസ് മരിയ SH -നോട്, രോഗം ഭേദമാകുമ്പോൾ രോഗികളും ബന്ധുക്കളും പറയുന്ന വാക്കുകളാണിത്. അതെ, ഈ സിസ്റ്റർ അനേകം കോവിഡ് രോഗികൾക്ക് വെറുമൊരു ഡോക്ടർ മാത്രമല്ല; അനേകർക്ക് സ്വാന്തനവും പ്രതീക്ഷയും ആശ്വാസവും പകരുന്ന ഒരു മാലാഖ കൂടിയാണ്.

കഴിഞ്ഞ ഏഴെട്ടു മാസങ്ങളായി വിശ്രമമില്ലാതെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന സിസ്റ്റർ പഞ്ചാബിലെ ജലന്തർ രൂപതയിലെ സേക്രഡ് ഹാർട്ട് ആശുപത്രിയിലാണ് ശുശ്രൂഷ ചെയ്യുന്നത്. ഇരുപത്തിനാലു മണിക്കൂറും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ദിവസങ്ങളുണ്ട്. നാനാജാതി മതസ്ഥരായ അനേകരിലേയ്ക്ക്  ദൈവസ്നേഹത്തിന്റെ തിരി തെളിക്കാന്‍ സാധിച്ച സിസ്റ്റർ, തന്റെ അനുഭവങ്ങൾ ലൈഫ് ഡേ-യുമായി പങ്കുവയ്ക്കുകയാണ്.

എസ്. എച്ച് കോൺഗ്രിഗേഷനിലെ ഡൽഹി പ്രൊവിൻസിലെ അംഗമാണ് സി. ജീസ് മരിയ. കോവിഡ് വ്യാപനം അതിരൂക്ഷമായ ഒരു സാഹചര്യത്തിലൂടെ നാം കടന്നുപോകുമ്പോൾ 18 -19 മണിക്കൂറുകൾ വരെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നുണ്ട് ഈ സിസ്റ്റർ. ദൈവാനുഗ്രഹം തൊട്ടറിഞ്ഞ നിമിഷങ്ങളും അനേകർക്ക് ദൈവസാമിപ്യമാകാൻ സാധ്യമായ നിമിഷങ്ങളും നിരവധിയുണ്ട് സിസ്റ്ററിന് പറയാൻ. കോവിഡ് ആരംഭിച്ച കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ പോലും വളരെ ഭയപ്പാടോടെയാണ് ഓരോ കോവിഡ് രോഗിയേയും വീക്ഷിച്ചത്. കോവിഡ് രോഗം ബാധിച്ച് ആശങ്കകളോടെ സേക്രഡ് ഹാർട്ട് ആശുപത്രിയിലെത്തുന്നവർ രോഗം ഭേദമായി തിരിച്ചുപോകുമ്പോൾ അവരുടെ മനസിലുള്ളത്, പ്രതീക്ഷയും നന്ദിയും മാത്രമാണ്. കാരണം, ഇവർക്ക് മരുന്നിനോടൊപ്പം സ്നേഹവും പരിചരണവും ആശ്വാസവും ഇവിടെ നിന്നും ലഭിക്കുന്നു.

എല്ലാവരും പിന്തിരിഞ്ഞപ്പോൾ ദൃഢനിശ്ചയത്തോടെ കോവിഡ് രോഗികളുടെ അരികിലേയ്ക്ക്

കോവിഡ് രോഗികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട അവസ്ഥ വന്നപ്പോൾ വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു ഇവർക്ക്. കാരണം, രോഗികളെ അഡ്മിറ്റ് ചെയ്‌താൽ, തങ്ങൾ ജോലി രാജിവയ്ക്കും എന്ന അവസ്ഥയിലെത്തി മറ്റ് സ്റ്റാഫ്‌ അംഗങ്ങൾ. കാരണം കോവിഡിന്റെ ആദ്യനാളുകളിൽ വലിയ ഭയപ്പാടോടെയാണ് ഈ രോഗാവസ്ഥയെ എല്ലാവരും കണ്ടിരുന്നത്. നിരവധി ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിച്ചു മരണമടഞ്ഞ വാർത്തകൾ, ചുറ്റും കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ്… ഇതെല്ലാം വളരെ ആശങ്ക നിറഞ്ഞ അവസ്ഥയിൽ ഇവരെ എത്തിച്ചു. അതിനാൽ, സഹപ്രവർത്തകരായ ആരോഗ്യപ്രവർത്തകരെ മാനസികമായി സജ്ജരാക്കുക എന്ന ദൗത്യവും സി. ജീസ് മരിയയ്ക്ക് ഉണ്ടായിരുന്നു.

ഐസിയു-വിലുള്ള രോഗികളെയാണ് ആദ്യം ആശുപത്രിയിൽ എടുക്കുവാൻ തുടങ്ങിയത്. അവർക്ക് വാർഡിലുള്ള രോഗികളെക്കാൾ കൂടുതൽ ശ്രദ്ധയും ആരോഗ്യപ്രവർത്തകരുടെ പരിചരണവും ആവശ്യമായിരുന്നു. രോഗത്തിന്റെ അസ്വസ്ഥത ഇവർക്ക് കൂടുതലാണ്. വളരെ റിസ്ക്ക് എടുക്കേണ്ട ഈ ഒരു സാഹചര്യത്തിൽ സിസ്റ്റർ അവരെ പരിചരിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ആദ്യമൊക്കെ കോവിഡ് രോഗികൾ ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ വന്നപ്പോൾ ബന്ധുക്കളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അകന്നുമാറിയാണ് നിന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ഡോക്ടർ എന്ന നിലയിൽ സിസ്റ്റർ മുന്നിട്ടിറങ്ങി രോഗിയെ സമീപിക്കുകയും അവർക്ക് വേണ്ട ചികിത്സയും പരിചരണവും നൽകുകയും ചെയ്തു. അങ്ങനെ പതിയെ സ്റ്റാഫ് അംഗങ്ങൾ ഓരോരുത്തരും ഇവരെ പരിചരിക്കുന്നതിൽ പങ്കാളികളാകുവാൻ തുടങ്ങി. വേണ്ട എല്ലാ മുൻകരുതലുകളും സുരക്ഷാക്രമീകരണങ്ങളും ഉപയോഗിച്ചാൽ ഈ രോഗത്തെ ഭയക്കേണ്ടതില്ലെന്ന് സിസ്റ്റർ അവരെ ബോധ്യപ്പെടുത്തി.

“ദൈവത്തിനു വേണ്ടിയാണ് ഞാൻ ഈ ശുശ്രൂഷ ചെയ്യുന്നത്. അതിനാൽ ഈ ശുശ്രൂഷയ്ക്കിടയില്‍ മരിക്കാനും തയ്യാറാണ്. എന്റെ സന്യാസ സമൂഹത്തിൽ നിന്നും വളരെ സഹായവും സഹകരണവും ഞങ്ങൾക്ക് ലഭിച്ചു. ഈശോയുടെ അനുകമ്പാർദ്ര സ്നേഹം പാവങ്ങൾക്ക് പകർന്നുകൊടുക്കുക എന്ന സഭയുടെ കാരിസം ഇന്ന് ജീവിക്കുവാൻ ദൈവം നൽകിയ അവസരമായിട്ടാണ് ഞാൻ ഈ സാഹചര്യത്തെ കാണുന്നത്” – സിസ്റ്റർ അഭിമാനത്തോടെ പറയുന്നു.

തകർന്ന അവസ്ഥയിൽ എത്തിയ രോഗികൾ പ്രതീക്ഷയോടെ ജീവിതത്തിലേയ്ക്ക്

മരുന്നിനേക്കാൾ രോഗികൾ ആഗ്രഹിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമിപ്യമാണ്. കാരണം എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് ഏകാന്തതയിലായിരിക്കുന്ന അവസ്ഥ ഈ രോഗികളെ സംബന്ധിച്ച് അത്യന്തം ഭീകരമാണ്. ഒപ്പം തങ്ങൾ മരിച്ചു പോകുമോ എന്ന ഭയവും ഇനി സ്വന്തമായവരെ ഒന്നുകൂടി കാണാനാകുമോ എന്ന ആശങ്കയും പലരെയും നിരാശയുടെ വക്കിലെത്തിച്ചിട്ടുണ്ടാകും. ഈ ഒരു സാഹചര്യത്തിൽ അവർക്ക് ആശ്വാസം പകരേണ്ടത് എന്തുകൊണ്ടും വളരെ ആവശ്യം തന്നെയാണ്. ‘ഞാൻ രക്ഷപ്പെടുമോ?’ എന്ന അവരുടെ ചോദ്യം ജീവിക്കാനുള്ള കൊതി കൊണ്ടായിരുന്നു. മരിച്ചുപോകുന്ന അവസ്ഥയിൽ, രോഗം ഗുരുതരാവസ്ഥയിലുള്ള സമയങ്ങളിൽ അവരെ നല്ല മരണത്തിനായിഒരുക്കുന്നതും അവരുടെ ബന്ധുക്കളെ ഈ അവസ്ഥയിൽ ആശ്വസിപ്പിക്കുന്നതും വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മാനസികമായി സപ്പോർട്ട് കൊടുക്കുക എന്നത് ഈ രോഗാവസ്ഥയിൽ വളരെ ആവശ്യമാണ് എന്നും സിസ്റ്റർ പറയുന്നു.

“സുരക്ഷാകവചങ്ങൾ ധരിച്ചുകൊണ്ട് പതിനെട്ടും പത്തൊൻപതും മണിക്കൂർ ജോലി ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്; പ്രത്യേകിച്ച് ചൂടുകാലങ്ങളിൽ. എന്നാൽ, രോഗം ഭേദമാകുമ്പോൾ ബന്ധുക്കളുടെ സന്തോഷവും അവരുടെ കണ്ണുകളിലെ തിളക്കവും കാണുമ്പോൾ ആ ബുദ്ധിമുട്ടുകൾ മറക്കും. അവർ നമ്മെ അഭിസംബോധന ചെയ്യുന്നതു പോലും ‘നിങ്ങൾ ഈശ്വരനെപ്പോലെയാണ് ഞങ്ങൾക്ക്’ എന്ന് പറഞ്ഞുകൊണ്ടാണ്. ഒരു സമർപ്പിത എന്ന നിലയിൽ എനിക്ക് അവരുടെ ഇടയിൽ ദൈവത്തെക്കുറിച്ചുള്ള ചിന്തകള്‍ പകരുവാൻ സാധിച്ചെങ്കിൽ അത് എനിക്ക് അഭിമാനം പകരുന്ന നിമിഷങ്ങളാണ്” – ഈ ഡോക്ടറമ്മ പറയുന്നു.

ദൈവം തൊട്ടുസുഖപ്പെടുത്തിയ നിമിഷങ്ങൾ

മാനുഷികബുദ്ധിയോ കഴിവുകളോ അല്ല ദൈവമാണ് യഥാർത്ഥ സൗഖ്യദായകൻ എന്ന് അനുഭവങ്ങളിലൂടെ പഠിപ്പിച്ചുതന്ന അനേകം അവസരങ്ങളെക്കുറിച്ചും സിസ്റ്ററിന് പറയുവാനുണ്ട്.

46 വയസുള്ള ഒരു വൈദികൻ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ അഡ്മിറ്റായി. അദ്ദേഹത്തിന് ഭയമൊന്നും ഇല്ലായിരുന്നെങ്കിലും ശ്വാസമെടുക്കുവാനുള്ള ബുദ്ധിമുട്ടും രോഗത്തിന്റേതായ അസ്വസ്ഥതകളും വളരെ കൂടുതലായിരുന്നു. വളരെ സീരിയസായ അവസ്ഥയിൽ ആയിരുന്നെങ്കിലും ചികിത്സയുടെ ഫലമായി അച്ചൻ പതിയെപ്പതിയെ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങി. എന്നാൽ, രോഗം കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിൽ പരിശോധനയ്ക്കായി സിസ്റ്റർ അദ്ദേഹത്തെ കാണാൻ ചെല്ലുമ്പോഴുള്ള അവസ്ഥ വളരെ ഭയാനകമായിരുന്നു. അതായത്, ആരോഗ്യവാനായി കണ്ട അച്ചൻ ആ അവസ്ഥയിൽ നിന്നും വളരെ ക്ഷീണിതമായ നിലയിലേയ്ക്ക് പെട്ടെന്ന് മാറിയിരിക്കുന്നു. എന്താണെന്ന് മനസിലാകാത്ത അവസ്ഥ! ഒട്ടും സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതി. പ്രാർത്ഥിച്ചാൽ മതിയെന്നു മാത്രം അച്ചൻ പറഞ്ഞു. സി. ജീസ്, വളരെ വിഷമത്തോടെയാണ് അന്ന് ജോലികഴിഞ്ഞു പോയത്. മാതാവിനോട് സിസ്റ്റർ പ്രാർത്ഥിച്ചു. “എന്തായാലും അമ്മേ, അച്ചനെ സുഖപ്പെടുത്തണം.”

പിറ്റേദിവസം രാവിലെ തന്നെ സിസ്റ്റർ ആശുപത്രിയിലെത്തി. അച്ചന്റെ അടുത്തെത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. അച്ചൻ ബെഡിൽ എഴുന്നേറ്റിരുന്ന് ഭക്ഷണം കഴിക്കുന്നു. മനുഷ്യർക്ക് അസാധ്യമായ കാര്യങ്ങൾ ദൈവം സാധ്യമാക്കുമെന്ന് തൊട്ടറിഞ്ഞ നിമിഷങ്ങൾ.

ഇത് ഒരു സംഭവം മാത്രം. ദൈവത്തിന്റെ ഇങ്ങനെയുള്ള അത്ഭുതകരമായ ഇടപെടൽ അനുഭവിച്ചറിഞ്ഞ അനേകം സംഭവങ്ങൾക്ക് സിസ്റ്റർ സാക്ഷിയായി.

കോവിഡ് പ്രതിസന്ധിയിലും ഒറ്റ ദിവസം പോലും വിശുദ്ധ കുർബാനയ്ക്ക് മുടക്കം വരുത്താതെ

കോവിഡ് രോഗികളെ ആശുപത്രിയിൽ സ്വീകരിക്കാൻ തീരുമാനമെടുത്ത നിമിഷങ്ങളിൽ ആദ്യമേ മനസിലേയ്ക്കു വന്ന ഒരു കാര്യം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്ന ആശങ്കയായിരുന്നു. കാരണം, കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിച്ചശേഷം വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാൻ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ, വൈദികർ ഒറ്റ ദിവസം പോലും മുടക്കം വരുത്താതെ ഇവരുടെ സമൂഹത്തിൽ ബലിയർപ്പിക്കാൻ സന്നദ്ധരായി.

രോഗികളെ ശുശ്രൂഷിച്ചവർക്കല്ലാതെ എട്ടോളം പേർക്ക് ഇവരുടെ സമൂഹത്തിൽ കോവിഡ് ബാധിച്ചു. ഈ സാഹചര്യത്തിൽ, കുർബാന അർപ്പിക്കാൻ വരുന്നത് അപകടമായിരിക്കുമെന്ന് സിസ്റ്റേഴ്സ് പറഞ്ഞപ്പോൾ പോലും വൈദികർ വിശുദ്ധ ബലിയർപ്പിക്കാൻ സന്നദ്ധരായി. “കോവിഡിനെതിരെ മുൻനിരയിൽ നിന്ന് പോരാടുന്നവരാണ് നിങ്ങൾ. അതിനാൽ വിശുദ്ധ കുർബാന ഏറ്റവും ആവശ്യം നിങ്ങൾക്കാണ്. തീർച്ചയായും നിങ്ങൾക്കായി വിശുദ്ധ ബലിയർപ്പിക്കും” എന്നായിരുന്നു വൈദികന്റെ മറുപടി. ആ മറുപടി ഈ സന്യാസിനിമാരെ സംബന്ധിച്ച് വളരെ ആശ്വാസപ്രദമായിരുന്നു.

ഈ കോവിഡ് കാലത്തെ ശുശ്രൂഷയ്ക്കിടെയാണ് സിസ്‌റ്ററിന്റെ പിതാവ് മരിക്കുന്നത്. പിതാവിനെ അവസാനമായി ഒരുനോക്ക് കാണുവാൻ പോലും സാധിക്കാത്ത ആ അവസ്ഥയിലും ദൈവത്തിന്റെ ശക്തമായ ഇടപെടലിലൂടെ അതിനും ഈശോ ഇടവരുത്തി. കോവിഡ് രോഗികളെ ശുശ്രൂഷിച്ച ഒറ്റ ആരോഗ്യപ്രവർത്തകർക്കോ സന്യാസിനിമാർക്കോ കോവിഡ് രോഗം ബാധിച്ചിട്ടില്ല എന്നതാണ് വലിയ ദൈവിക ഇടപെടലായി ഈ സിസ്റ്റർ കാണുന്നത്. ക്ഷീണമോ മടുപ്പോ സിസ്റ്ററിന് അനുഭവപ്പെടാറില്ല. സാധാരണയെക്കാൾ കൂടുതൽ ഊർജ്ജമായിരുന്നു ഈ മാസങ്ങളിൽ.

ഡൽഹി പ്രൊവിൻസിനു കീഴിലുള്ള തിരുഹൃദയ സമൂഹം

1995-ൽ സ്ഥാപിതമായ ഡൽഹി പ്രോവിൻസിനു കീഴിലാണ് സി. ജീസ് മരിയ അംഗമായിരിക്കുന്നത്. 163 -ഓളം അംഗങ്ങളുള്ള ജീവജ്യോതി പ്രൊവിൻസ് ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു, ജാർഖണ്ഡ്, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇപ്പോൾ സി. ഉഷയാണ് പ്രൊവിൻഷ്യൽ സുപ്പീരിയർ.

ഇടവക സേവനം, ജയിൽ മിനിസ്ട്രി, നിർദ്ധനരായ പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലുകൾ, അനാഥമന്ദിരങ്ങൾ, ആതുരശുശ്രൂഷ എന്നീ മേഖലകളിൽ ഇവർ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നു. ഒപ്പം അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന പാവപ്പെട്ട ആളുകൾക്ക് സൈക്കിൾ റിക്ഷ നൽകിയും നിർദ്ധനരായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചും ഇവർ തങ്ങളുടെ മിഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. കുഷ്ടരോഗികളെയും, സർക്കാർ ആശുപത്രിയിൽ ആരോരും ശുശ്രൂഷിക്കാനില്ലാത്ത രോഗികളെയും പരിചരിച്ചും പാവങ്ങൾക്ക് വിദ്യാഭ്യാസം നൽകിയും ഇവർ തിരുഹൃദയ ഈശോയുടെ കരുണാർദ്രസ്നേഹം അനേകരിലേയക്ക് പങ്കുവച്ചു കൊടുക്കുന്നു.

തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ആരംഭം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ധന്യൻ ഫാ. മാത്യു കദളിക്കാട്ടിൽ ആരംഭിച്ചതാണ് തിരുഹൃദയ സന്യാസിനീ സമൂഹം. ഈശോയുടെ തിരുഹൃദയ മഹത്വവും സാധുജന സേവനവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളായിരുന്നു സ്ഥാപക പിതാവ് ലക്ഷ്യം വച്ചിരുന്നത്. അങ്ങനെ 1911 ജനുവരി ഒന്നാം തീയതി തിരുഹൃദയ സന്യാസിനീ സമൂഹത്തിന് രൂപം നൽകി. പരിശുദ്ധ സിംഹാസനം 1976 മാർച്ച് 11-ന് ഈ സമൂഹത്തെ പൊന്തിഫിക്കൽ പദവിയുള്ള സന്യാസിനീ സമൂഹമാക്കി ഉയർത്തി. പത്ത് അംഗങ്ങളോട് കൂടി ആരംഭിച്ച തിരുഹൃദയ സന്യാസിനീ സമൂഹത്തിൽ ഇപ്പോൾ വ്രതവാഗ്ദാനം ചെയ്ത 3,600 അംഗങ്ങൾ ഉണ്ട്. പാലാ രൂപതയിൽ ആരംഭം കുറിച്ച ഈ സന്യാസിനീ സമൂഹത്തിന് ഇപ്പോൾ 11 പ്രൊവിൻസുകളും ഒരു റീജിയനുമുണ്ട്.

ഇടവക സേവനം, വൃദ്ധമന്ദിരങ്ങൾ, അനാഥമന്ദിരങ്ങൾ, ബുദ്ധിവൈകല്യമുള്ള കുട്ടികൾക്കായുള്ള ഭവനങ്ങൾ, ബധിരരും മൂകരും ആയിട്ടുള്ളവർക്കു വേണ്ടിയുള്ള സ്ഥാപനങ്ങൾ, നിർദ്ധനരായ കുട്ടികൾക്കു വേണ്ടിയുള്ള നേഴ്‌സറി, പ്രൈമറി സ്‌കൂളുകൾ, ഡിസ്പെൻസറികൾ, ആശുപത്രികൾ, സ്ത്രീകൾക്കുള്ള സാമൂഹ്യസ്ഥാപന കേന്ദ്രങ്ങൾ, മാനസികരോഗ ആശുപത്രികൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നീ മേഖലകളിൽ ഈ സന്യാസിനിമാർ പ്രവർത്തിച്ചുവരുന്നു.

നിറഞ്ഞ പുഞ്ചിരിയോടെയും സന്തോഷത്തോടെയും ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സി. ജീസ് മരിയയ്ക്കുവേണ്ടി നമുക്കും പ്രാർത്ഥിക്കാം. ഈ മിഷനറിയിലൂടെ അനേകായിരങ്ങൾക്ക് ഈശോയുടെ കരുണ നിറഞ്ഞ മുഖം സംലഭ്യമാക്കുവാൻ ഇനിയും ഇടവരട്ടെ.

സി. സൗമ്യ DSHJ

2 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.