ക്രിസ്തുവിനു വേണ്ടി കൊല്ലപ്പെട്ട പിതാവിന്റെ മാതൃക പിന്തുടർന്ന് ഒരു കൊളംബിയൻ കുടുംബം

യേശുവിനെ സ്നേഹിക്കുകയും യേശുവിനു വേണ്ടി ജീവിക്കുകയും ചെയ്യുക എന്നത് കൊളംബിയയിൽ വളരെ അപകടം നിറഞ്ഞ ഒന്നാണ്. ലഹരിപദാർത്ഥങ്ങൾക്ക് അടിമകളായ, നിയമമോ നീതിയോ എന്തെന്ന് അറിയാത്ത ഒരു കൂട്ടം ആളുകളാണ് അവിടെയുള്ളത്. യുവാക്കളെ അവരുടെ ഹീനപ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നവർ. അവർക്ക് എപ്പോഴും ഇത്തരം പ്രവർത്തനങ്ങൾക്കും മയക്കുമരുന്ന്  ഉപയോഗത്തിനും ആളുകളെ വേണം. അതിനാൽ തന്നെ യേശുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും കൊളംബിയയിൽ അതിക്രൂരമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നു.

പ്ലിനിയോ എന്ന കുടുംബനാഥൻ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോൾ അനാഥമാക്കപ്പെട്ടത് രണ്ടു മക്കളും അദ്ദേഹത്തിന്റെ ജീവിതപങ്കാളി ആൽബയുമായിരുന്നു. കൊളംബിയയിലെ യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറ്റപ്പെടുവാൻ അവിടെയുള്ള ക്രൈസ്തവ വിശ്വാസികൾക്ക് താല്പര്യമില്ലായിരുന്നു. അതിനാൽ ലഹരിക്കെതിരെ നിരവധി പ്രവർത്തനങ്ങളും ബോധവൽക്കരണവുമൊക്കെ അവർ നടത്തിയിരുന്നു. ഇതിൽ കുപിതരായ അവർ ക്രൈസ്തവർക്ക് ഒരു മുന്നറിയിപ്പും ഭീഷണിയും എന്ന രീതിയിലാണ് ക്രിസ്തുവിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന പ്ലിനിയോയെ വെടിവച്ചു കൊന്നുകളഞ്ഞത്.

“അന്നൊരു ഞായറാഴ്ചയായിരുന്നു. വളരെ ശാന്തമായ ഒരു ദിവസം. പതിവു പോലെ പ്ലിനിയോ ദൈവാലയത്തിൽ പോയി പ്രാർത്ഥനയ്ക്കു ശേഷം മടങ്ങിവന്ന് അദ്ദേഹത്തിന്റെ കസേരയിലിരുന്ന് ടെലിവിഷനിൽ വാർത്ത കാണുകയായിരുന്നു. ഞാൻ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പെട്ടന്ന് വെടിയൊച്ച കേൾക്കാൻ തുടങ്ങി” – ആൽബ പറഞ്ഞുതുടങ്ങി.

“ആരെക്കെയോ പെട്ടന്ന് മുറിയിലേക്ക് ഇരച്ചുകയറി. മക്കളായ ഡാനിയേലയും സെബാസ്റ്റ്‌യനും അതിൽ ഉണ്ടായിരുന്നു.” ആൽബയ്ക്ക് താൻ കണ്ടത് എന്താണെന്ന് ഒരിക്കലും വിവരിക്കാൻ കഴിയില്ലായിരുന്നു. പക്ഷേ, അവൾ അവിടെ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ലഹരിക്കടിമപ്പെട്ട കൊളംബിയൻ ജനതയ്ക്കു വേണ്ടി മികച്ച രീതിയിൽ ബോധവൽക്കരണം നടത്തുന്ന മറ്റു ക്രിസ്ത്യാനികൾക്കുള്ള വലിയ മുന്നറിയിപ്പായിരുന്നു പ്ലിനിയോയുടെ കൊലപാതകം.

സ്വന്തം പിതാവിന്റെ മരണത്തെക്കുറിച്ച് രണ്ടു മക്കളും രണ്ടു രീതിയിലാണ് പ്രതികരിക്കുന്നത്. സെബാസ്റ്റിയൻ ഇടയ്ക്കിടെ ആൽബയോട് തന്റെ വിഷമങ്ങൾ പറഞ്ഞു കരയും. എന്നാൽ ഡാനിയേല എന്ന കൊച്ചുപെൺകുട്ടി ഇതുവരെയും അവളുടെ ഒരു വികാരവും പ്രകടിപ്പിച്ചിട്ടില്ല. “അവൾ ഒന്ന് കരഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ഹൃദയത്തിന്റെ ഭാരം അല്പം കൂടി മാറിയേനെ” – ആൽബ പറയുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരിക്കലും ഒന്നും സംഭവിക്കരുത്. ഈ ഭൂമിയിൽ ഞാൻ ഒറ്റയ്ക്കാകുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല” – പിതാവിന്റെ വിയോഗത്തിൽ വിഷമിച്ച് സെബാസ്റ്റിയൻ ഇടയ്ക്കിടെ അമ്മയോട് വിങ്ങിപ്പൊട്ടി കരഞ്ഞു പറയും. എന്നാൽ ഡാനിയേലയ്ക്ക് അവളുടെ പിതാവിന്റെ അഭാവത്തിൽ കഠിനമായ ദുഃഖമുണ്ട്. ആ ദുഃഖത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് അവളുടെ മൗനം സൂചിപ്പിക്കുന്നു. ഇടയ്ക്കിടെ ചെറുതായി കരയുമെങ്കിലും ഡാഡിയെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് പറയുമെങ്കിലും അവളുടെ ഉള്ളിലെ ദുഃഖത്തിനെ ഉരുക്കിക്കളയാൻ അതിനൊന്നും സാധിച്ചിരുന്നില്ല.

ചിത്രം വരയ്ക്കാൻ ഇഷ്ടപ്പെടുന്ന, മരങ്ങളെയും ആകാശത്തെയും നോക്കി നിൽക്കാൻ ഇഷ്ടമുള്ള, വലുതാകുമ്പോൾ ഒരു ഇല്ലസ്ട്രേറ്റർ ആകാൻ ആഗ്രഹമുള്ള ഒരു പെൺകുട്ടി. കഠിനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടും അവളുടെ പഠനനിലവാരം അല്പം പോലും താഴേക്ക് പോയില്ല. ക്ലാസ്സിലെ ഏറ്റവും മികച്ച വിദ്യാർത്ഥിനിയായി അവൾ തുടരുന്നു. എങ്കിലും നിലവിൽ അവർ ജീവിക്കുന്ന സാഹചര്യത്തിൽ നിന്നും ഒരു മാറ്റം ആവശ്യമാണ്. മറ്റൊരിടത്തായിരിക്കുമ്പോഴും ഡാനിയേലയെ വിഷമിപ്പിക്കുന്നത് എന്തായിരിക്കും എന്ന ചോദ്യം കേട്ടപ്പോൾ അവൾ അല്പമൊന്നു പകച്ചു.

“ഞാൻ എന്റെ…” പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. മുഖം കുനിച്ച് കണ്ണുനീർ മറച്ചുവച്ച് അവളുടെ വാക്കുകൾ മുഴുമിപ്പിക്കാൻ അവൾ വളരെ വേഗം ശ്രമിക്കുകയാണ്. “എന്റെ ഡാഡിയെക്കുറിച്ച് ഓർക്കുമ്പോളാണ് എനിക്കേറ്റവും വിഷമം.”

വലുതാകുമ്പോൾ അവളുടെ പിതാവ് ആഗ്രഹിച്ചതുപോലെ ക്രിസ്‌തുവിൽ വിശ്വസിക്കുന്ന ഒരു നല്ല വ്യക്തിയാകണം എന്നതാണ് അവളുടെ ആഗ്രഹം. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കായി അവരുടെ ഒരു പ്രതിനിധിയായി ഡാനിയേല എന്ന കൊച്ചുപെൺകുട്ടിയ്ക്ക് പറയാൻ ഒന്നു മാത്രമേയുള്ളൂ: “ശക്തരും ധൈര്യവുമുള്ളവരായിരിക്കുക, ദൈവത്തിൽ ആശ്രയിക്കുക.”

അക്രമികൾ വെടിവച്ചു കൊന്ന പിതാവിന്റെ രൂപം ഒരിക്കൽ പോലും കണ്മുന്നിൽ നിന്ന് മായുകയില്ലെങ്കിൽ കൂടിയും ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഒരു മികച്ച വ്യക്തിയും ക്രിസ്ത്യാനിയും ആയി മാറുമെന്ന് ഉറപ്പിച്ചു പറയുന്ന ഡാനിയേലയും കുടുംബവും നമ്മുടെ വിശ്വാസത്തിന് കൂടുതൽ ഉറപ്പ് നൽകട്ടെ.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.