സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ ആറാം ക്ലാസുകാരൻ

ആറാം ക്ലാസുകാരൻ ക്രിസ്ത്യാനോ അവന്റെ പ്രായത്തിലുള്ള മറ്റേതൊരു കുട്ടിയെയും പോലെ കണ്ട വലിയൊരു സ്വപ്‍നമായിരുന്നു സ്വന്തമായൊരു സൈക്കിൾ എന്നത്. പിന്നെ ആ സൈക്കിളും ചവിട്ടി എന്നും ഇടവകപ്പള്ളിയിൽ കുർബാനയ്ക്ക് പോകണം. അതിനായി, കിട്ടുന്ന പണമെല്ലാം അവൻ സൂക്ഷിച്ചുവച്ചു. സ്വന്തമായി പഠിച്ചുനേടിയതാണ് അതിൽ ഭൂരിഭാഗവും. എന്നാൽ, കോവിഡിൽ പട്ടിണിയാകുന്ന അനേകരെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ കേട്ടറിഞ്ഞപ്പോൾ, സൈക്കിൾ മേടിക്കാൻ അവനു തോന്നിയില്ല. പകരം ആ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവനയായി നൽകി.

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിലെ അൾത്താര ബാലനാണ് ക്രിസ്ത്യാനോ. പിതാവ് ജോസഫ്, വേളിയിൽ വള്ളം കെട്ടുന്ന പണിക്ക് പോകുന്നു. അമ്മ ത്രേസ്യാമ്മ വീട്ടുജോലിയും ഒപ്പം തയ്യൽ പഠിപ്പിക്കുകയും ചെയ്യുന്നു. അനിയൻ ക്രിസ്റ്റോ മൂന്നാം ക്ലാസിൽ പഠിക്കുന്നു.

സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ പട്ടിണിയും ദുരിതവുമൊക്കെ അറിഞ്ഞപ്പോൾ അവരെ സഹായിക്കാതിരിക്കാൻ ഈ പതിനൊന്നുകാരന്റെ നിഷ്കളങ്കബാല്യം അനുവദിച്ചില്ല. താൻ സൈക്കിൾ മേടിക്കാൻ പൊന്നുപോലെ കരുതിവച്ചിരുന്ന പണം അവരെ സഹായിക്കാൻ കൊടുക്കട്ടെ എന്ന് പിതാവിനോട് ചോദിച്ചപ്പോൾ ആദ്യം അദ്ദേഹം അത് വലിയ കാര്യമാക്കിയില്ല. എന്നാൽ, പിറ്റേ ദിവസവും തന്റെ ആഗ്രഹം ആവർത്തിച്ച ക്രിസ്ത്യാനോയുടെ മനസ് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആ പണം കൈമാറി. ബഹുമാനപ്പെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആ പണം കൈമാറിയത്. തന്റെ, സൈക്കിൾ എന്ന സ്വപ്നം മാറ്റിവച്ചുകൊണ്ട് ക്രിസ്ത്യാനോ അനേകരുടെ ദുരിതത്തിന് കൈത്താങ്ങാവുകയായിരുന്നു.

ഇടവകയിലെ പ്രാർത്ഥനകളിലും ബൈബിൾ പഠനത്തിലും ക്രിസ്ത്യാനോ ഒന്നാമൻ തന്നെ. ദിവസവും വീട്ടിൽ ബൈബിൾ വായിക്കും, കുടുംബ യൂണിറ്റ് പ്രാർത്ഥനകളിലും, ഇടവകദിനത്തിലും ബൈബിൾ വായിക്കുന്നതിനും ജപമാലയ്ക്ക് നേതൃത്വം നൽകുന്നതിനും ഈ കൊച്ചുമിടുക്കൻ മുൻപന്തിയിൽ തന്നെ. വീട്ടിൽ അനുജനെ ബൈബിൾ പഠിപ്പിച്ചുകൊടുക്കാനും ക്രിസ്ത്യാനോ റെഡി. മൂന്നര വയസു മുതൽ തുടങ്ങിയതാണ് കൊച്ചു ക്രിസ്ത്യാനോ തന്റെ ബൈബിൾ വായന. വീട്ടിൽ മാത്രമല്ല, പള്ളിയിലും കുടുംബപ്രാർത്ഥനയിലും ഒക്കെ ബൈബിൾ വായിക്കാൻ ചെറുപ്പം മുതൽ അവന് വലിയ താൽപര്യമായിരുന്നു

ബൈബിൾ മുഴുവൻ വായിച്ചുതീർക്കാനുള്ള ശ്രമത്തിലാണ് ക്രിസ്ത്യാനോ ഇപ്പോൾ. വലുതാകുമ്പോൾ വൈദികനാകണം എന്ന ആഗ്രഹമാണ് ക്രിസ്ത്യാനോയ്‌ക്കുള്ളത്. അതിനായി എന്നും പള്ളിയിൽ പോകുവാനും വചനം പഠിക്കാനും ഈ കൊച്ചുമിടുക്കൻ ഉത്സാഹത്തോടെ പരിശ്രമിക്കുന്നു. ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന, പടം വരയ്ക്കുന്ന, സൈക്കിൾ ഓടിക്കാൻ ആഗ്രഹിക്കുന്ന അവന്റെ സ്വപ്നങ്ങൾ ഇന്ന് പാവപ്പെട്ട അനേകർക്ക് ആശ്വാസമായിട്ടുണ്ട്. തീർച്ച.

സി. സൗമ്യ DSHJ

കടപ്പാട്: ArchTvm

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.