സ്‌കോട്ലൻഡിൽ 163 വർഷം പഴക്കമുള്ള ദൈവാലയം അഗ്നിക്കിരയാക്കി

സ്കോട്ലൻഡിലെ ഗ്ലാസ്സ്‌കൊയിൽ 163 വർഷം പഴക്കമുള്ള കത്തോലിക്കാ ദൈവാലയത്തിൽ വൻ തീപിടുത്തം. 30 അഗ്‌നിശമന സേനാംഗങ്ങൾ എത്തിയാണ് സെന്റ് സൈമൺസ് പാട്രിക് ദൈവാലയത്തിലെ തീ അണച്ചത്. ജനാലയിലൂടെ പുറത്തേക്ക് തീ പടർന്നപ്പോഴാണ് ദൈവാലയത്തിൽ തീപിടുത്തമുണ്ടായതായി അറിയാൻ സാധിച്ചത്.

സ്കോട്ലൻഡിലെ തലസ്ഥാന നഗരമായ എഡിൻബർഗിലെ കത്തീഡ്രലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വൈദികനു നേരെ ആക്രമണം ഉണ്ടായതിന്റെ രണ്ടാം ദിവസം ദൈവാലയം അഗ്നിക്കിരയായത് വിശ്വാസികൾക്കിടയിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. “വളരെ വിനാശകരമായ രണ്ടു ദിവസമാണ് സ്‌കോട്ടിഷ് ജനത അഭിമുഖീകരിച്ചത്. ആദ്യം ഒരു പുരോഹിതൻ ആക്രമിക്കപ്പെട്ടു. അതിനു പിന്നാലെ ദൈവാലയവും. പോളിഷ് ജനതയുടെ ഹൃദയത്തിൽ വി. സൈമണ് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എനിക്കറിയാം. സ്കോട്ലൻഡിലെ കത്തോലിക്കാ സമൂഹത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു” – സ്കോട്ട്ലൻഡിലെ ആരോഗ്യമന്ത്രി ഹംസ യൂസഫ് പറഞ്ഞു.

ഗ്ലാസ്കോയിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ള ദൈവാലയമാണ് സെന്റ് സൈമൺസ് ദൈവാലയം. 1858 -ൽ നിർമ്മിച്ച ഈ ദൈവാലയത്തിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളിഷ് സൈനികർ എത്തിയിരുന്നു. അതിനു ശേഷമാണ് പോളിഷ് ദൈവലയം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ദൈവാലയത്തിന്റെ 150 -ആം വാർഷികത്തോടനുബന്ധിച്ച് 2005 – 2008 കാലഘട്ടത്തിൽ പുതുക്കിപ്പണിതിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.