നൂറു വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍ക്കിയില്‍  ദേവാലയം ഉയരുന്നു 

1923-ന് ശേഷം റിപ്പബ്ലിക് ഓഫ് ടര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. ഇസ്താംബൂളിലെ ബാകിര്‍കോയിലാണ് പുതിയ ദേവാലയം ഉയരുക. ബാകിര്‍കോയി മേയറായ ബുലെന്‍ന്ത് കെരി മൊഗ്‌ളുവും  ഓര്‍ത്തഡോക്‌സ് സഭാ മെട്രോപ്പോളിറ്റനായ യൂസുഫ് സേറ്റിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ആണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

രണ്ടു വര്‍ഷം കൊണ്ട് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കുവനാണ് ഇപ്പോള്‍ പദ്ധതി ഇടുന്നത്. ദേവാലയ നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ 2015 ല്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോഴാണ് ദേവാലയ നിര്‍മ്മാണത്തിന് അനുകൂലമായ സാഹചര്യം ഉണ്ടായത്.  തുര്‍ക്കിയിലെ സീറോ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവാണ് പുതിയ ദേവാലയം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ കാരണമായത്. ഏഴുനൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന തരത്തിലുള്ള ദേവാലയമാണ് പണിയുന്നത്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന തുര്‍ക്കി വംശജരായ ധാരാളം സീറോ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ ഉണ്ട്. ചിതറി പോയ ആളുകളെ തിരികെ ജന്മനാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നായാണ് ദേവാലയ നിര്‍മ്മാണത്തെ കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.