60 വർഷം കുടുംബജീവിതം, 30 വർഷങ്ങൾ നീണ്ട സന്യാസവും: അറിയാം ഒരു സന്യാസിനിയുടെ അത്ഭുതജീവിതം

സി. മേരി ജോസഫ് എന്ന കാർമലൈറ്റ് സന്യാസിനി തന്റെ തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അന്തരിച്ചു. പത്ത് മക്കളുള്ള ഈ അമ്മ 1980-കളിൽ ജീവിതപങ്കാളിയുടെ വിയോഗത്തെ തുടർന്നാണ് മിണ്ടാമഠത്തിൽ ചേര്‍ന്നത്. പിന്നീട് ജീവിതത്തിന്റെ അവസാന 30 വർഷങ്ങള്‍ ഒരു സന്യാസിനിയായി ജീവിച്ചു. അമേരിക്കയിലാണ് സംഭവം.

“കോൺവെന്റിൽ പ്രവേശിച്ചതിനുശേഷം കഴിഞ്ഞ 33 വർഷത്തിനിടെ ഞാൻ അമ്മയെ രണ്ടുതവണ മാത്രമേ കണ്ടിട്ടുള്ളൂ. കാരണം കാർമലൈറ്റുകൾ സ്കൂളിൽ പഠിപ്പിക്കുകയോ ആശുപത്രികളിൽ ജോലി ചെയ്യുകയോ ചെയ്യാറില്ല. അമ്മ ഉണ്ടായിരുന്നത് ഒരു മിണ്ടാമഠത്തിലാണ്. ദിവസത്തിൽ ഇരുപത്തിമൂന്നര മണിക്കൂർ നിശബ്ദതയിലാണ് ജീവിക്കുന്നത്. ദൂരെ നിന്നുകൊണ്ടു മാത്രമാണ് അമ്മയെ ഞങ്ങൾക്ക് കാണാൻ സാധിക്കാറുള്ളത്” – മകൾ മാർക്ക് മില്ലർ ട്വിറ്ററിൽ കുറിച്ചു.

തന്റെ അമ്മ 1928-ൽ ജനിച്ചുവെന്നും ഒരുപാട് സുഹൃത്തുക്കളും അമ്മയ്‌ക്ക് ഉണ്ടായിരുന്നുവെന്നും മകൾ വെളിപ്പെടുത്തുന്നു. മഠത്തിലേക്ക് പോകുന്നതുവരെ അമ്മ ഒരു സാധാരണ സ്ത്രീയായി ജീവിച്ചു. അവരുടെ പിതാവ് റിച്ചാർഡ് മില്ലർ 1984-ലാണ് മരിച്ചത്. അതിനുശേഷം ആൻ റസ്സൽ മില്ലർ (സി. മേരി ജോസഫ്), താൻ രണ്ട് വർഷത്തിനുള്ളിൽ ഒരു കാർമലൈറ്റ് കോൺവെന്റിൽ പ്രവേശിക്കുമെന്ന് അറിയിക്കുകയായിരുന്നു. 1989-ൽ അവൾ ലോകത്തിലുള്ളതെല്ലാം ഉപേക്ഷിച്ചു. അവളുടെ 61-ാം ജന്മദിനത്തിൽ, സാൻ ഫ്രാൻസിസ്കോയിലെ ഒരു ഹോട്ടലിൽ 800 അതിഥികളുമായി വിടവാങ്ങൽ പാർട്ടി നടത്തി അടുത്ത ദിവസം ചിക്കാഗോയിലേക്ക് പറന്നു.

അമ്മ ഒരു സന്യാസിനിയായി ജീവിക്കുന്നതിൽ മക്കൾക്ക് ദുഃഖമില്ല. തൊണ്ണൂറ്റിരണ്ടാമത്തെ വയസിൽ മരിക്കുമ്പോൾ അമ്മ തങ്ങൾക്കുവേണ്ടി ഇനിയും പ്രാർത്ഥിക്കുമെന്ന ആശ്വാസമാണ് ഇവർക്കുള്ളത്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.