അഞ്ചു വയസുകാരന്റെ നിർണ്ണായക ഇടപെടൽ അമ്മയുടെ ജീവൻ രക്ഷിച്ചു

ഇതുവരെയും ഒരു ഫോൺ പോലും തനിയെ ചെയ്തിട്ടില്ലാത്ത ആ അഞ്ചു വയസുകാരൻ ആദ്യമായി വിളിച്ച ഫോൺ കോൾ അവന്റെ അമ്മയുടെ ജീവനുവേണ്ടിയുള്ളതായിരുന്നു. ഇംഗ്ലണ്ടിലെ ഷ്രോപ്ഷയർ കൗണ്ടിയിലെ ടെൽഫോർഡ് എന്ന ചെറുപട്ടണത്തിലാണ് സംഭവം. ജോഷ് ചാപ്മാൻ എന്ന അഞ്ചു വയസുകാരന്റെ നിർണ്ണായക ഇടപെടൽ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

വീട്ടിൽ ഇളയ സഹോദരൻ ഹാരിക്കും അമ്മ കരോളിനുമൊപ്പം കളിച്ചുകൊണ്ടിരിക്കെ, പ്രമേഹ രോഗിയായ അമ്മ ബോധരഹിതയായി കോമ സ്റ്റേജിലെത്തി. സാധാരണ കുട്ടികൾ അത്യന്തം പരിഭ്രാന്തരാകേണ്ട ആ സമയം ജോഷ് ധൈര്യവാനായി മാറി. അമ്മയുടെ ഷുഗർ താഴ്ന്ന അവസ്ഥ പരിഹരിക്കുവാൻ മിഠായി അന്വേഷിച്ചു. എന്നാൽ, ആ ഭരണിയും ശൂന്യമായിരുന്നു. ഉടനെ അവൻ തന്റെ കളിപ്പാട്ടമായിരുന്ന ആംബുലൻസിൽ സ്റ്റാമ്പ് ചെയ്ത അടിയന്തര ഫോൺ നമ്പർ ശ്രദ്ധയിൽ പെട്ടു.

മുമ്പ് ഒരു ഫോൺ കോൾ പോലും ചെയ്തിട്ടില്ലെങ്കിലും, അവൻ നമ്പർ ഡയൽ ചെയ്തു, അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ഓപ്പറേറ്ററോട് വിശദീകരിച്ചു. അവരുടെ വീടിന്റെ മേൽവിലാസവും നൽകി. കൃത്യസമയത്ത് അബോധാവസ്ഥയിലായ കരോളിനെ കണ്ടെത്താനും വേണ്ട മെഡിക്കൽ സപ്പോർട്ട് കൊടുക്കുവാനും പോലീസിന് കഴിഞ്ഞു.

“എനിക്ക് ഇത് വിശ്വസിക്കാനേ കഴിഞ്ഞില്ല. അവന്‍ മുമ്പ് ഒരു ഫോൺ ഉപയോഗിച്ചിട്ടില്ല. അവന്‍റെ കളിപ്പാട്ട ആംബുലൻസിന്റെ വശത്തുള്ള നമ്പർ നോക്കി 112 ഡയൽ ചെയ്തു. ആ നമ്പർ അവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.” – അമ്മ കരോളിന്‍ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷണപ്രകാരം ജോഷ് പിന്നീട് ലോക്കൽ പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും മുഴുവൻ പോലീസ് ടീമിനെയും കാണാനുള്ള അവസരം ലഭിക്കുകയും ചെയ്തു. ഭാവിയിൽ ഒരു മികച്ച പോലീസ് ഉദ്യോഗസ്ഥനാകണമെന്നാണ് ജോഷിന്റെ താത്പര്യം. ചിലപ്പോള്‍ ദൈവം നമ്മുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നമുക്ക് അവിശ്വസനീയമായ രീതിയിലായിരിക്കും എന്ന് കുഞ്ഞു ജോഷിന്റെ പ്രവര്‍ത്തി നമ്മെ പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.