അഞ്ചു വര്‍ഷത്തിനിടെ 100 വീടുകള്‍; പാവങ്ങളുടെ കണ്ണീരൊപ്പി ഒരു കന്യാസ്ത്രീയുടെ പ്രേഷിത ജീവിതം

    “കയറി വന്നോട്ടെ” എന്ന ചോദ്യവുമായി അപ്രതീക്ഷിതമായി വീട്ടുമുറ്റത്തു നിന്ന ആളെ കണ്ടപ്പോള്‍ ആദ്യം വീട്ടുകാര്‍ക്ക് അമ്പരപ്പായിരുന്നു. അമ്പരക്കാന്‍ മാത്രം ആരാണെന്നു ചോദിച്ചാല്‍ വീട്ടില്‍ വന്നത് കുഞ്ഞിന്റെ സ്കൂള്‍ പ്രിന്‍സിപ്പലാണ്. സി. ലിസി ചക്കാലയ്ക്കല്‍. പല വീട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഈ ഭവനസന്ദര്‍ശനം സി. ലിസി ചക്കാലയ്ക്കലിന്റെ ജീവിതത്തില്‍ പതിവുള്ള ഒന്നാണ്.

    വെറുതെ കണ്ട് വര്‍ത്തമാനം പറഞ്ഞുള്ള ഒരു യാത്ര മാത്രമല്ലിത്. തന്റെ കുട്ടികള്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ അറിയുവാനും സഹായം ആവശ്യമുള്ളവരെ കണ്ടെത്തുന്നതിനുമുള്ള ഒരു അന്വേഷണ യാത്രയാണിത്. ഈ യാത്രയുടെ ഫലമാണ്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരോരും ഇല്ലാത്തവര്‍ക്കും പാവങ്ങള്‍ക്കുമായി ഉയര്‍ന്ന നൂറോളം ഭവനങ്ങള്‍. സമൂഹത്തില്‍ വേദനിക്കുന്നവരെ തേടിയിറങ്ങിയ ആ കന്യാസ്ത്രീയുടെ പ്രേഷിതമേഖലയിലൂടെ ഒന്ന് കടന്നുപോകാം.

    തന്റെ പ്രേഷിതമേഖല ആരംഭിക്കുന്നു 

    ഔര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന സിസ്റ്റര്‍ യഥാര്‍ത്ഥ വിദ്യാഭ്യാസം എന്നത് ക്ലാസ്സ് മുറിക്കുള്ളില്‍ നല്‍കുന്ന പാഠങ്ങള്‍ മാത്രമല്ല എന്ന് ഉറച്ചു വിശ്വസിച്ച ആളായിരുന്നു. അതിനാല്‍ത്തന്നെ പഠിപ്പിക്കുന്ന ഓരോ കുട്ടിയുടെയും മാതാപിതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും അവരുടെ അവസ്ഥകള്‍ മനസ്സിലാക്കുവാനും ശ്രമിച്ചിരുന്നു.

    അങ്ങനെയിരിക്കുമ്പോഴാണ് ക്ലാര ബിനി എന്ന എട്ടാം ക്ലാസ് വിദ്യര്‍ത്ഥിനിയെ സിസ്റ്റര്‍ ശ്രദ്ധിക്കുന്നത്. അച്ഛന്‍ മരിച്ചുപോയ ആ കുട്ടിക്ക് സ്വന്തമായി ഒരു വീടില്ലായിരുന്നു. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചുള്ള ജീവിതം. ഒരു വീടുണ്ടെങ്കില്‍ ആ കുടുംബത്തിന് ഒരു സഹായമാകും എന്ന ബോധ്യത്തില്‍ നിന്നാണ് അഞ്ചു വര്‍ഷം മുന്‍പ് സിസ്റ്റര്‍ തന്റെ ദൗത്യം തുടങ്ങുന്നത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ നല്ലൊരു വീട് പണിതുകൊടുക്കുവാന്‍ സാധിച്ചു. ആ പ്രവര്‍ത്തിയില്‍ ഒരു കാര്യം സിസ്റ്ററിനു ബോധ്യമായി. സമൂഹത്തില്‍ നന്മയുടെ നീര്‍ച്ചാലുകള്‍ ഇനിയും വറ്റിയിട്ടില്ല. അന്ന് ലഭിച്ച ആ പ്രോത്സാഹനമാണ് തുടര്‍ന്നുള്ള 99 വീടുകളുടെ നിര്‍മ്മാണത്തിലേയ്ക്ക് നയിച്ചത്. തുടര്‍ന്ന് സ്കൂളിന്റെ ജൂബിലി വര്‍ഷത്തില്‍ ഹൌസ് ചലഞ്ച് പദ്ധതി ആരംഭിച്ചു. ആ പദ്ധതിയിലൂടെയാണ് നൂറ് വീടുകളിലേയ്ക്കുള്ള സിസ്റ്ററിന്റെ മിഷന്‍ യാത്ര ആരംഭിക്കുന്നത്.

    വിധവകളില്‍ നിന്ന് ക്യാന്‍സര്‍ രോഗികളിലേയ്ക്ക് 

    സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍കുട്ടികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല. സ്കൂള്‍വിദ്യാര്‍ത്ഥികളില്‍ നിന്ന് പൂര്‍വ്വവിദ്യര്‍ത്ഥികളിലേയ്ക്കും മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവരിലേയ്ക്കും സിസ്റ്റര്‍ കടന്നുചെന്നു. ഒരിക്കല്‍ വിധവയും മാനസികമായ പ്രശ്നങ്ങള്‍ ഉള്ളതുമായ ഒരു യുവതിയെ സിസ്റ്റര്‍ കണ്ടുമുട്ടി. വളരെ ചെറുപ്രായത്തില്‍ വിധവയായ അവള്‍ മാനസികമായും തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അവള്‍ക്ക് ഒരു വീട് പണിയുകയും അവിടേയ്ക്ക് മാറ്റുകയും കൂടുതല്‍ നേരം സംസാരിക്കുകയും ചെയ്തതോടെ ആ യുവതിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

    പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് വന്ന ആ യുവതി ജോലിക്ക് പോകുവാനും കുട്ടികളെ പഠിപ്പിക്കുവാന്‍ അയക്കുവാനും തുടങ്ങി. ഈ സംഭവം സിസ്റ്ററിന്, ഇത്തരം ആളുകളിലേക്കും താന്‍ എത്തേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവ് നല്‍കുകയായിരുന്നു. കൂടാതെ, ക്യാന്‍സര്‍ രോഗത്തിന് ചികിത്സ കഴിഞ്ഞെത്തിയ നാല് പേര്‍ക്കും വീടുകള്‍ വെച്ചു നല്‍കുവാന്‍ സിസ്റ്ററിനു കഴിഞ്ഞു. മാനസികമായും ശാരീരികമായും തളർന്നവരെങ്കിലും പുതിയ ഭാവനങ്ങളിലേയ്ക്ക് എത്തുമ്പോള്‍ അവര്‍ സന്തോഷിതരും കൂടുതല്‍ സമാധാനമുഉള്ളവരും ആയി മാറുന്നത് കാണുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു സിസ്റ്റര്‍ വെളിപ്പെടുത്തുന്നു.

    മറ്റുള്ളവരുടെ സന്തോഷവും, സമാധാനത്തോടെയുള്ള ജീവിതവും കാണുമ്പോഴാണ് തന്റെ ജീവിതവും കൂടുതല്‍ ആനന്ദിക്കുന്നത് എന്ന് സാക്ഷ്യപ്പെടുത്തുന്ന സിസ്റ്റര്‍, തന്റെ പ്രവര്‍ത്തികള്‍ക്കെല്ലാം നന്ദി പറയുന്നത് ഇതിനായി തന്നെ പ്രചോദിപ്പിച്ച നല്ല ദൈവത്തിനും സഹായിക്കാന്‍ മടിയില്ലാത്ത അനേകം ജനങ്ങളോടുമാണ്. തീര്‍ന്നിട്ടില്ല. ഇനിയും അനേകരിലേയ്ക്ക് നന്മയുടെ കണം എത്തിക്കാനുണ്ട് എന്ന വിശ്വാസത്തില്‍ യാത്രചെയ്യുന്ന ഈ സിസ്റ്ററിന്റെ ബലവും അതുതന്നെ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.