തുര്‍ക്കി – സിറിയ ഭൂകമ്പം: അവസാനിക്കാതെ ഉയരുന്ന നിലവിളിയും വിലാപവും!

തുര്‍ക്കിയിലും സിറിയയിലുമായി 2.3 കോടി ജനങ്ങളാണ് ഭൂകമ്പത്തിന്റെ കെടുതികള്‍ നേരിടുന്നതെന്ന് ലോകാരോഗ്യ സംഘടന; അതില്‍ത്തന്നെ പത്തുലക്ഷത്തിലധികം പേര്‍ കുട്ടികളാണ്. പതിറ്റാണ്ടിലധികമായി ആഭ്യന്തരയുദ്ധം നേരിടുന്ന സിറിയയിലെ സ്ഥിതി ഏറെ വഷളാണെന്ന് ലോകാരോഗ്യ സംഘടനയുടെ ദുരന്തനിവരാണ ഓഫീസര്‍ അഡല്‍ഹെയ്ഡ് മെര്‍ഷാംഗ് പറഞ്ഞു.

കൊടും തണുപ്പ് കനത്ത വെല്ലുവിളി

റോഡുകള്‍ തകര്‍ന്നതിനാല്‍ തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക്, യുഎന്‍ സഹായം എത്തിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തകര്‍ന്ന ആയിരക്കണക്കിന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥിതി ഏറെ ദുഃഖകരമാണ്. ഭൂകമ്പബാധിത പ്രദേശങ്ങളില്‍ കൊടും തണുപ്പാണ്; കനത്ത മഴയുമുണ്ട്.

ആദ്യ ഭൂകമ്പമുണ്ടായ തുര്‍ക്കിയിലെ ഗാസിയന്‍ടെപ്പില്‍ പകല്‍ താപനില നാലു മുതല്‍ ആറു വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്; രാത്രി മൈനസ് ഏഴു ഡിഗ്രി വരെ താഴും. മറ്റു പട്ടണങ്ങളിലും മലയോരമേഖലകളിലും രാത്രി, മൈനസ് 15 ഡിഗ്രി വരെ എത്താം. സിറിയയിലെ കാര്യം താരതമ്യേന ഭേദമെങ്കിലും പകല്‍ 10-11 ഡിഗ്രി വരെയേ പരമാവധി ചൂടുണ്ടാകൂ. രാത്രി മൈനസ് മൂന്ന് ഡിഗ്രിലേക്കു താഴും. ദുരന്തമേഖലയിലുള്ളവര്‍ തിങ്കളാഴ്ച രാത്രി തെരുവുകളില്‍ തീകൂട്ടിയാണ് കഴിഞ്ഞത്. ഇനിയും ചലനങ്ങളുണ്ടാകുമോ എന്ന ഭീതിയാൽ എല്ലാവര്‍ക്കും കെട്ടിടങ്ങള്‍ക്കോ, ഭവനങ്ങള്‍ക്കോ സമീപത്തു പോകാന്‍ പോലും ഭയമായിരുന്നു.

‘രക്ഷിക്കണേ’ എന്ന നിലവിളികള്‍

കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികള്‍ കേള്‍ക്കുന്നുണ്ട്. മഴയും മഞ്ഞും തണുപ്പും കാരണമായിരിക്കാം, രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ വരെ സ്ഥലത്തെത്തിയിട്ടില്ലെന്ന് തുര്‍ക്കിയിലെ ഹതായ് പ്രവിശ്യാ സ്വദേശി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. “അവര്‍ ഒച്ചയെടുക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. പക്ഷേ, ആരും സഹായിക്കാനെത്തുന്നില്ല. രക്ഷിക്കണമെന്നാണ് അവര്‍ പറയുന്നത്. എന്നാൽ  ഞങ്ങളെക്കൊണ്ട് പറ്റുന്നില്ല.”

ഒരു പെണ്‍കുട്ടിയുടെ, ഹൃദയം പൊള്ളിക്കുന്ന വാക്കുകള്‍

“എന്നെയും സഹോദരനെയും രക്ഷിക്കൂ… ജീവിതം മുഴുവന്‍ നിങ്ങളുടെ അടിമയായിക്കോളാം…” കുഞ്ഞനുജനെയും ചേര്‍ത്തുപിടിച്ച് രക്ഷാപ്രവര്‍ത്തകരെയും കാത്തുകിടന്ന പെണ്‍കുട്ടിയുടെ വാക്കുകളാണിവ. ഏഴും മൂന്നും പ്രായമുള്ള സഹോദരങ്ങള്‍. 17 മണിക്കൂറോളമാണ് അവര്‍ ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ ഉറങ്ങാതെ കിടന്നത്. ആരുടെയും കണ്ണ് നനയിക്കുന്ന ദൃശ്യം. തന്റെ സഹോദരനെ മാറോട് ചേര്‍ത്തുകൊണ്ട് തകര്‍ന്നുവീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന് ജീവരക്ഷക്കായി അപേക്ഷിക്കുന്ന ഈ ഏഴു വയസുകാരിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

‘മരണം വരെ നിങ്ങളുടെ അടിമയാകാന്‍ തയ്യാറാണ്’ എന്ന ആ കുട്ടിയുടെ  വാക്കിന്റെ തീവ്രത, റിക്ടര്‍ സ്‌കെയിലിന് അളക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഞെരിഞ്ഞമര്‍ന്നു കിടക്കുമ്പോഴും കുഞ്ഞനുജന്റെ തലയില്‍ മണ്ണ് വീഴാതിരിക്കാന്‍ അവന്റെ തല, സ്വന്തം കൈകൾ വച്ച്‌ മറച്ചുപിടിച്ചിട്ടുണ്ടായിരുന്നു അവള്‍. ഭൂകമ്പത്തിന്റെ തീവ്രത ലോകത്തെത്തിച്ച ആ കുരുന്നുകളെ രക്ഷാപ്രവര്‍ത്തകര്‍ കൈവിട്ടില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ അവരെ തിരികെ ജീവതത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. നിമിഷനേരം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവര്‍ക്കായി ഉയര്‍ന്ന ആശ്വാസവാക്കുകള്‍ ഏറെയാണ്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം രണ്ടു പേരും ആരോഗ്യ പരിചരണവിഭാഗത്തിലാണ്.

നെഞ്ച് പൊള്ളിക്കുന്ന കാഴ്ചകള്‍

രാജ്യം കണ്ടതില്‍വച്ച് എറ്റവും വലിയ ഭൂകമ്പം തകര്‍ത്ത തുര്‍ക്കിയിലെങ്ങും നെഞ്ച് പൊള്ളിക്കുന്ന കാഴ്ചകളാണ്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും സഹായം തേടിയുള്ള നിലവിളികളും, ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകളും ഏറെ വേദനിപ്പിക്കും. ഭൂചലനം നടന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യ ദിവസമുണ്ടായ തുടര്‍ ചലനങ്ങള്‍ നിലച്ചതാണ് പ്രധാന ആശ്വാസം. കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിയവരുടെ നിലവിളിയും ശബ്ദസന്ദേശങ്ങളും എത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ആളുകള്‍ സാഹായം അഭ്യര്‍ത്ഥിക്കുന്നു. പക്ഷേ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും, മഞ്ഞും, റോഡും, വൈദ്യുതിബന്ധങ്ങളും തകര്‍ന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന തടസം.

ആശുപത്രികളും ചരിത്രസ്മാരകങ്ങളും നിലംപൊത്തി; റണ്‍വേ പിളര്‍ന്നു

അതിതീവ്രമായ മൂന്ന് ഭൂചലനങ്ങൾക്കു പുറമെ അമ്പതോളം തുടര്‍ചലനങ്ങളാണ് തുര്‍ക്കിയെയും അയല്‍രാജ്യമായ സിറിയയേയും ദുരിതത്തിലാക്കിയത്. ആശുപത്രികളും ചരിത്രസ്മാരകങ്ങളുമടക്കം നൂറുകണക്കിന് കെട്ടിടങ്ങളാണ് നിലംപൊത്തിയത്. തുര്‍ക്കിയിലെ ഹത്തായ് പ്രവിശ്യയിലുള്ള വിമാനത്താവളത്തിലെ ഏക റണ്‍വേയും ഭൂകമ്പത്തില്‍ പൂർണ്ണമായും തകര്‍ന്നു.

ഭൂകമ്പബാധിതര്‍ക്ക് സമ്പാദ്യക്കുടുക്ക സംഭാവന ചെയ്ത് ഒമ്പതു വയസുകരന്‍

ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകവെ, അവരിലൊരാളായി തനിക്ക് പോക്കറ്റ് മണിയായി കിട്ടിയ സമ്പാദ്യക്കുടുക്കയിലെ കാശ് മുഴുവന്‍ ദുരിതബാധിതര്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഒരു ഒമ്പതു വയസുകാരന്‍. നവംബറില്‍ തുര്‍ക്കിയിലെ വടക്കുപടിഞ്ഞാറന്‍ ഡസ്സെ പ്രവിശ്യയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട അല്‍പാര്‍സ്ലാന്‍ എഫെ ഡെമിര്‍ എന്ന കുട്ടിയാണ് തന്റെ കൊച്ചുസമ്പാദ്യം തുര്‍ക്കി ജനതക്കായി സംഭാവന ചെയ്തത്.

സിറിയയിലും ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍

കഴിഞ്ഞ 11 വര്‍ഷത്തിലേറെയായി തുടരുന്ന ആഭ്യന്തരകലാപത്തില്‍ തകര്‍ന്ന സിറിയക്കും കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ സിറിയ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞു. സര്‍ക്കാരിനൊപ്പം ഖുര്‍ദിഷ് സേനക്കും മറ്റ് വിമതസംഘങ്ങള്‍ക്കും നിയന്ത്രണമുള്ള വടക്കന്‍ സിറിയക്ക്, ഭൂകമ്പം ഉണ്ടാക്കിയ ആഘാതം താങ്ങാനാകാത്തതാണ്.

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലും ഇദ്ലിബിലും വലിയ നാശം ഉണ്ടായി. ഒട്ടേറെ കെട്ടിടങ്ങള്‍ നിലംപൊത്തിയെന്നും ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഭ്യന്തരയുദ്ധം താറുമാറാക്കിയ ഒരു പ്രദേശത്തെ ജനതക്ക് സമാനതകളില്ലാത്ത മറ്റൊരു പ്രതിസന്ധിയെക്കൂടി നേരിടാന്‍ കരുത്തില്ല. യുദ്ധക്കെടുതികള്‍ക്കു പുറമേ അതിശൈത്യം, തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങൾ, അതിവേഗം പടര്‍ന്നുപിടിക്കുന്ന കോളറ എന്നിവയെല്ലാം ഇവിടുത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പിന്നാലെയാണ് എല്ലാം തകര്‍ത്തെറിഞ്ഞ ഭൂകമ്പം.

യുദ്ധം ജീവിതം തകര്‍ത്ത ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ താമസിക്കുന്ന മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തങ്ങള്‍ക്ക് ഇനി എങ്ങും പോകാനില്ലെന്നാണ് ഇവര്‍ പറയുന്നത്. തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ ജീവനോടെയുണ്ടെന്നും ചിലര്‍ പറയുന്നു. ആരെങ്കിലും അവരെ രക്ഷിക്കാന്‍ എത്തിയിരുന്നെങ്കില്‍ എന്നാണ് അവരുടെ പ്രാര്‍ത്ഥന.

വിമതരുടെ പിടിയിലുള്ള മേഖലകളിലാണ് ഏറ്റവും ദയനീയമായ അവസ്ഥ. സിറിയന്‍ പ്രതിരോധ സേന, വൈറ്റ് ഹെല്‍മെറ്റ്സ് രക്ഷാപ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ നിയന്ത്രിതമേഖലകളില്‍ സൈന്യവും വിദ്യാര്‍ത്ഥി വോളന്റിയര്‍മാരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും ഇത് പര്യാപ്തമല്ല; അതിനിടെ അതിശൈത്യവും മഴയും.

എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുക എളുപ്പമല്ല എന്നതും മറ്റൊരു സങ്കടകരമായ യാഥാര്‍ത്ഥ്യം. യുഎന്‍ അംഗരാജ്യങ്ങളോടും റെഡ് ക്രോസിനോടും മറ്റ് മനുഷ്യാവകാശ സംഘടനകളോടും സിറിയന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചു. യുഎഇ, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സിറിയക്ക് സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കീർത്തി ജേക്കബ്

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.