
ഭൂമിയെ ഒറ്റയ്ക്ക് വലംവയ്ക്കാൻ അമേരിക്കൻ പൈലറ്റായിരുന്ന വില്ലി പോസ്റ്റ് നടത്തിയ ശ്രമം വിജയകരമായി പൂർത്തീകരിച്ചത് 1933 ജൂലൈ 22 നായിരുന്നു. ഏകനായി ഭൂമിയെ ചുറ്റി വിമാനം പറത്തിയ ആദ്യത്തെ ആളായിരുന്നു അദ്ദേഹം. വിന്നി മേ എന്ന വിമാനത്തിലായിരുന്നു വില്ലിയുടെ യാത്ര. ഏഴുദിവസങ്ങളും 18 മണിക്കൂറുകളും 49 മിനിറ്റുകളും നീണ്ട യാത്ര ആരംഭിച്ചത് ജൂലൈ 15 നായിരുന്നു. 25,099 കിലോമീറ്ററുകളാണ് ലോകം ചുറ്റാൻ വില്ലി വിമാനത്തിൽ താണ്ടിയത്.
1947 ജൂലൈ 22 നാണ് സ്വതന്ത്ര ഇന്ത്യയുടെ ദേശിയപതാകയെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചത്. സ്വാതന്ത്ര്യലബ്ധിക്ക് ഏതാനം ദിവസങ്ങൾക്കു മുമ്പായിരുന്നു ഇത്. ബ്രിട്ടൻ ഇന്ത്യ വിടാൻ തീരുമാനിച്ചതിനു പിന്നാലെ രൂപീകൃതമായ ഭരണഘടനാ നിർമ്മാണസഭ 1947 ജൂൺ 23 ന് സ്വതന്ത്ര ഇന്ത്യയുടെ പതാകയെക്കുറിച്ചു പഠിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ചെറിയ മാറ്റം വരുത്തിക്കൊണ്ട് ദേശീയപ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക തന്നെ സ്വീകരിക്കാനാണ് സമിതി നിർദേശിച്ചത്. ചർക്കയ്ക്കു പകരം അശോക ചക്രവർത്തിയുടെ ധർമ്മചക്രം സ്വീകരിച്ചതായിരുന്നു പ്രധാന മാറ്റം. ഇതു സംബന്ധിച്ച പ്രമേയമാണ് 1947 ജൂലൈ 22 ന് നെഹ്റു ഭരണഘടന നിർമ്മാണസഭയിൽ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 ന് അർധരാത്രി ഇന്ത്യ സ്വതന്ത്രയായപ്പോൾ ആദ്യമായി ദേശീയപതാക ഉയർത്തിയതും അദ്ദേഹം തന്നെയാണ്.
ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് 2019 ജൂലൈ 22 നായിരുന്നു. ജൂലൈ 15 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും അവസാന നിമിഷം വാഹനത്തിൽ ഹീലിയം ചോർച്ച കണ്ടെത്തിയതോടെ അത് മാറ്റിവയ്ക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിന്റെ 3D ദൃശ്യങ്ങൾ പകർത്താനുള്ള ടെറെയ്ൻ മാപ്പിങ് ക്യാമറ, ജലസാന്നിധ്യം തിരിച്ചറിയാനുള്ള ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ, ചന്ദ്രോപരിതലത്തിനുള്ളിലെ ഘടന തിരിച്ചറിയാനുള്ള ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപേർചർ റഡാർ, സൂര്യനിൽ നിന്നുള്ള എക്സ് റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്സ് റേ മോണിറ്റർ, ലാൻഡറും റോവറും ഇറങ്ങുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ തുടങ്ങിയ സംവിധാനങ്ങളാണ് ചന്ദ്രയാൻ 2 ൽ ഉണ്ടായിരുന്നത്. ബെംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ നിർമ്മിച്ച പേടകത്തിന് 3,257 കിലോയാണ് ഭാരം; ചെലവ് 978 കോടി രൂപയും.
സുനീഷ വി എഫ്




