“പരിശുദ്ധാത്മാവിനാല്‍ നിറയുക” (യോഹ 16:5-15)

ശ്ലീഹാക്കാലം ഒന്നാം ഞായര്‍ യോഹ 16:5-15

ക്രിസ്തുരഹസ്യങ്ങള്‍ കേന്ദ്രസംഭവങ്ങളായി ധ്യാനിച്ച് മുന്നോട്ടുനീങ്ങുന്ന നാം ക്രിസ്തുവിന്റെ ഭൗതികശരീരമായ തിരുസഭാരഹസ്യത്തിന് ഊന്നല്‍ നല്‍കുന്ന ശ്ലീഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ശിഷ്യന്മാര്‍ സുവിശേഷം അറിയിക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചു. ഈ കാലഘട്ടത്തില്‍ സഭയെ വളര്‍ത്തിയ ശ്ലീഹന്മാരെ പ്രത്യേകം നാം അനുസ്മരിക്കുന്നു. ഇവരുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ‘ശ്ലീഹാ’ക്കാലം എന്ന പേരുതന്നെ. അവര്‍ ചെയ്ത അത്ഭുതാവഹമായ കാര്യങ്ങള്‍ക്കൊപ്പം ക്രിസ്തുവിനായി, സാക്ഷ്യജീവിതത്തില്‍ ഏറ്റെടുത്ത സഹന നിമിഷങ്ങളും ചുടുനിണവും സഭാസമൂഹത്തിന്റെ വളര്‍ച്ചക്ക് കാരണമായി എന്ന് നമുക്ക് മറക്കാതിരിക്കാം.

ഇന്ന് തിരുസഭ പന്തക്കുസ്താ തിരുനാള്‍ ആഘോഷിക്കുകയാണ്. ഏവര്‍ക്കും പന്തക്കുസ്താ തിരുനാള്‍ ആശംസകള്‍. പന്തക്കുസ്താ എന്ന വാക്കിന്റെ അര്‍ത്ഥം ‘അമ്പതാം ദിവസം’ എന്നാണ്. പഴയനിയമ പശ്ചാത്തലത്തില്‍ പെസഹാത്തിരുന്നാളിന്റെ അമ്പതാം ദിവസമാണ് പന്തക്കുസ്താ തിരുനാളായി കൊണ്ടാടിയിരുന്നത്. ഇത് ഒരു കാര്‍ഷിക ഉത്സവമായിരുന്നു (പുറ:23/16, 34/22). 7 ആഴ്ചയോളം നീണ്ടുനിന്ന വിളവെടുപ്പിന്റെ അവസാനത്തിലാണ് പന്തക്കുസ്താ ആഘോഷിക്കുക. പ്രകൃതിയില്‍ നിന്നും ലഭിച്ച ഐശ്വര്യത്തിന്റെയും ഭൗതിക ക്ഷേമത്തിന്റെയും ഓഹരി സമര്‍പ്പിച്ച് അതിനെ പ്രതി ദൈവത്തിന് കൃതജ്ഞതയുടെ ബലിയര്‍പ്പണം നടത്തുന്ന വിശുദ്ധദിനം.

എന്നാല്‍ പുതിയ നിയമ പശ്ചാത്തലത്തില്‍ യേശുവിന്റെ മരണോത്ഥാനശേഷം വന്ന ആദ്യ പന്തക്കുസ്തായില്‍ ശ്ലീഹാന്മാര്‍ക്ക് യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ലഭിച്ചു. ഇത് ഭൗതികനേട്ടങ്ങളുടെ ആഘോഷമല്ല, ആത്മീയ ഉണര്‍വ്വിന്റെയും പുതുജീവിതത്തിന്റെയും ആഘോഷമാണ്. പ്രകൃതിയുടെ ഐശ്വര്യത്തെയല്ല മറിച്ച് ദൈവത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവിന്റെ നിറവിനെയാണ് അനുസ്മരിക്കുക. സെഹിയോന്‍ ശാലയില്‍ ഒരുമിച്ചിരുന്ന പരിശുദ്ധ അമ്മയും ശിഷ്യരും ആത്മാഭിഷേകത്തിന്റെ അഗ്നിസ്‌നാനം പുല്‍കിയ സംഭവവികാസങ്ങള്‍ നമ്മുടെ മുന്നില്‍ പകല്‍പോലെ പന്തക്കുസ്തായെന്ന് കേള്‍ക്കുമ്പോള്‍ തെളിഞ്ഞുവരുന്നില്ലേ. ആ ആത്മാവിനാല്‍ നിറയുന്നതിന്റെ ആവശ്യകത ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ലോകം ആത്മാവില്‍ നിറഞ്ഞതിന്റെ ഓര്‍മ്മദിനമാണിന്ന്. യേശുവിന്റെ വാഗ്ദാനമായ, സത്യത്തിന്റെയും നീതിയുടെയും പരിശുദ്ധാത്മാവ് സ്വര്‍ഗ്ഗം തുറന്നിറങ്ങിയ സുന്ദരദിനത്തിന്റെ സ്മരണ. അനാദിമുതലെ സന്നിഹിതനായ ദൈവചൈതന്യമായ (ഉല്‍പ1:2) പരിശുദ്ധാത്മാവ് ചരിത്രത്തില്‍ സജീവ സാന്നിധ്യമായി കൂടെയുള്ളത് വചനത്തില്‍ നാം കാണുന്നു. അബ്രാഹത്തിനും മോശയ്ക്കും സാംസണുമൊക്കെ ആത്മാവിന്റെ ശക്തി കിട്ടിയവരില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഉല്‍പ:41/38-ല്‍ ”ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെ കണ്ടെത്താന്‍ കഴിയുമോ എന്ന് ഫറവോ ജോസഫിനെക്കുറിച്ച് പറയുന്നത് പരിശുദ്ധാത്മ നിറവിന്റെ ശക്തമായ അനുഭവങ്ങളില്‍ ഒന്നാണ്. പൂര്‍വ്വപിതാക്കന്മാരിലും പ്രവാചകരിലും ആത്മചൈതന്യം നിറഞ്ഞ നിന്റെയും ജീവിതവഴികളില്‍ നഷ്ടമാക്കിയ ആ പരിശുദ്ധ ആത്മചൈതന്യത്തിന്റെയും അനുഭവം പേറുന്ന പ്രാര്‍ത്ഥന സങ്കീര്‍ത്തനത്തില്‍ നാം കാണുന്നു. ”അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്നില്‍ നിന്നെടുത്തു കളയരുതെ” (സങ്കീ.51/11) എന്ന്.

അതായത് ക്രിസ്തുവിന്റെ പീഡകളുടെ മുന്നില്‍ ചിതറി പതറി വീണ ശിഷ്യര്‍ പന്തക്കുസ്തായില്‍ തീഷ്ണതയാര്‍ജ്ജിക്കുന്നതിലെ രഹസ്യമാണ് നാം ധ്യാനിക്കേണ്ടത്. ക്രിസ്തുവിന്റെ കുരിശിന്റെ വഴിയില്‍ ശിഷ്യരില്ല. എല്ലാവരും ചിതറിയോടി ഉടുതുണിപോലും ഉപേക്ഷിച്ചോടി. യൂദാസ് ഒറ്റിക്കൊടുത്തു. പത്രോസ് തള്ളിപ്പറഞ്ഞു. മൂന്നുവര്‍ഷക്കാലം ഒരുമിച്ചുണ്ട്, അന്തിയുറങ്ങി, യാത്രചെയ്ത്, വചനം കേട്ട് അത്ഭുതം കണ്ട് കൂടെ നടന്നിട്ടും പീഡകള്‍ക്കു മുന്നില്‍ എല്ലാം തകര്‍ന്നവര്‍ ശിഷ്യര്‍. മരണശേഷം എല്ലാം തകര്‍ന്നുവെന്ന നിരാശയുടെ ദുഃഖത്താല്‍ തങ്ങളുടെ പഴയവഴികളെ ഒന്നുകൂടി അവര്‍ പിഞ്ചെല്ലുന്നു. എമ്മാവൂസ് യാത്രയും വലയെടുത്ത് തോണി കയറി കടലില്‍ അലയുന്നതും ഇതുതന്നെ വ്യക്തമാക്കുന്നു. നിരാശരും ദുഃഖിതരും വഴിമുട്ടി ഇനിയെന്ത് എന്ന് ചിന്താഭാരവുമായി ശിഷ്യന്മാര്‍. ഇവിടെ ഉത്ഥിതന്‍ തന്ന സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും പിന്നിലെ ഒരു വാഗ്ദാനം – അത്, സഹായകന്‍, പരിശുദ്ധാത്മാവായിരുന്നു. എന്നിട്ട് അവരോട് പറഞ്ഞു. ”ഇതാ ഞാന്‍ എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ അയക്കുന്നു. ഉന്നതത്തില്‍ നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ തന്നെ വസിക്കുവിന്‍” (ലൂക്കാ 24:49).

ഇത്തരത്തിലുള്ള ആത്മനിറവിന്റെ തീവ്രഭാവമാണ് നാം പന്തക്കുസ്തായില്‍ അനുഭവിക്കുന്നത്. ഇവിടെ ക്രിസ്തുവിന്റെ വാഗ്ദാനമായ ”സഹായകന്‍” നമ്മിലേക്ക് സഹവസിക്കുകയാണ്. ഇവിടെ പരിശുദ്ധാത്മ നിറവിന്റെ പ്രതിഫലനങ്ങള്‍ നാം ശരിയായി വായിച്ചെടുക്കേണ്ടത് ശ്ലീഹന്മാരുടെ ജീവിതത്തില്‍ നിന്നാണ്. ശ്ലീഹന്മാരുടെ ജീവിതത്തിന്റെ വഴികളുടെ സഞ്ചാരപഥത്തെ ധ്യാനിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം തീര്‍ക്കുന്ന നൂതനമായ ജീവിതമാര്‍ഗ്ഗങ്ങളുടെ വെളിപാടുകള്‍ നമുക്ക് സ്വന്തമാക്കാം. പിതാവിന്റെ വാഗ്ദാനം നിങ്ങളുടെ മേല്‍ അയക്കുന്നു. ഉന്നമനത്തില്‍ നിന്നു ശക്തി ധരിക്കുന്നവരെ നഗരത്തില്‍ തന്നെ വസിക്കുവാന്‍ (ലൂക്കാ.24/49).

തന്റെ ഉത്ഥാനത്തില്‍ വിശ്വസിക്കാത്തതില്‍ പരിഭവിച്ച് അവരുടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും കുറ്റപ്പെടുത്തിയ (മര്‍ക്കോ:16/14) യേശു ഉന്നതത്തില്‍ നിന്നുള്ള ശക്തി സ്വീകരിക്കുന്നവരെ കാത്തിരിക്കാന്‍ പറഞ്ഞു. ഈ കാത്തിരിപ്പ് സഹായകനായുള്ള കാത്തിരിപ്പ് അവരെ മാറ്റിമറിച്ചു. ഒടുവില്‍ പരിശുദ്ധാത്മ അഭിഷേകം അഗ്നിയായി ഇറങ്ങി. പന്തക്കുസ്തായ്ക്ക് ശേഷം നാം കാണുന്ന ശിഷ്യന്മാരെ മുമ്പ് കണ്ടതുപോലെയല്ല നാം കാണുന്നത്. ഉത്ഥിതനിലുള്ള വിശ്വാസവും പരിശുദ്ധാത്മനിറവും ശിഷ്യരുടെ ജീവിതം മാറ്റിമറിച്ചു.

ഭീരുക്കളുടെ പേടിമാറി. ക്രിസ്തുവിനെ പ്രഘോഷിച്ചു. അത്ഭുതങ്ങള്‍ അടയാളങ്ങള്‍ സംഭവിച്ചു. ക്രിസ്തുവിന്റെ സ്‌നേഹമറിഞ്ഞവര്‍ ഒത്തുചേര്‍ന്നു സഭാസമൂഹങ്ങള്‍ രൂപപ്പെട്ടു. പരിശുദ്ധ ആത്മനിറവ് ശിഷ്യരുടെ ജീവിതം മുഴുവന്‍ മാറ്റി. ഒരു വെളുപ്പാന്‍ കാലത്ത് വന്നവഴികളെ മറന്ന് ഗുരുവിനെ തള്ളപ്പറഞ്ഞ പത്രോസു തന്നെ ഉദാഹരണം. പന്തക്കുസ്തായിലെ ആത്മനിറവിന് ശേഷം അത്ഭുതം പ്രവര്‍ത്തിക്കുന്ന പത്രോസിനെ കാണാം. അവന്റെ നിഴലെങ്കിലും ഏറ്റാല്‍ സുഖപ്പെടുമെന്ന വിശ്വാസത്തില്‍ അവന്‍ കടന്നുവന്ന വഴികളില്‍ രോഗികള്‍ കിടന്നിരുന്നുവത്രേ. അത് ആത്മനിറവില്‍ പത്രോസിന്റെ നിഴല്‍പോലും അത്ഭുതം പ്രവര്‍ത്തിച്ചത് അനുഗ്രഹ കാരണമായി.

ഇവിടെ പന്തക്കുസ്ത ഏവര്‍ക്കും ഒരു സാധ്യതയും വെല്ലുവിളിയുമാകുന്നു. ജീവിതത്തിന്റെ വഴികളില്‍ പരിശുദ്ധ ആത്മാവിന്റെ താക്കീതുകളും നെടുവീര്‍പ്പുകളും പ്രചോദനങ്ങളും തിരസ്‌ക്കരിക്കുന്നത് ശീലമാകുന്നില്ലേയെന്ന് ചിന്ത. അദൃശ്യനായ ഈ സഹായകന്റെ സഹായം ഉപേക്ഷിച്ച് നീങ്ങുന്നുവോ എന്ന് ആത്മശോധന ചെയ്യാം. ഒരു നിശ്വാസത്തിന്റെയും മിഴിയനക്കത്തിന്റെയും മാത്രം അകലത്തുള്ള നിത്യസഹായകനായ പരിശുദ്ധാത്മാനുഭവത്തിലേക്ക് കടന്നുവരാനാകുമ്പോഴാണ് നമുക്കും പന്തക്കുസ്തായുണ്ടാവുക. അതിനാല്‍ നമ്മള്‍ നിരാശരാകരുത്. ക്രിസ്ത്യാനിക്ക് നിരാശയരുത്. ദൈവവും വിശ്വാസവും അബദ്ധമാണെന്ന് പറഞ്ഞുപരത്തുന്ന ചിന്താധാരകള്‍ക്കു മുന്നിലും മരിച്ചിട്ടും ജീവിക്കുന്ന ദൈവത്തിന്റെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവില്‍ പ്രത്യാശയും വിശ്വാസവും അര്‍പ്പിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ ജീവിതം ധന്യമാകും. തീക്ഷണമാകും. സാക്ഷ്യമാകും. അതിനാല്‍ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നമുക്ക് ആത്മാവിന്റെ ഉത്കൃഷ്ടദാനങ്ങള്‍ക്കായി അഭിലഷിക്കാം. പ്രാര്‍ത്ഥിക്കാം. കര്‍ത്താവേ, അങ്ങേ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നെടുത്ത് കളയരുതെ.

വിന്‍സെന്റ് ഇടക്കരോട്ട്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.