‘ഉടലിൽ തലയുണ്ടായിട്ടു വേണ്ടേ’ പ്രസ്താവന നടത്തിയ ജലീലിനെ ജയിലിലടയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് 

ആർച്ച്ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ കർഷകർക്ക് വേണ്ടിയുള്ള നിലപാടിനെതിരെ മുൻ മന്ത്രിയും ഭരണപക്ഷ എം.എല്‍.എ- യുമായ കെ. ടി. ജലീല്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു.വിവാദ പ്രസ്താവന നടത്തിയ ജലീലിനെ ജയിലിലടയ്ക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. 

“30 വെള്ളിക്കാശിന്റെ മോദികാലത്തെ മൂല്യമാണോ 300 രൂപ? ബിജെപി നല്‍കുന്ന റബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ?” എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിൽ ആഭ്യന്തര വകുപ്പ് ഉണ്ടങ്കിൽ പരസ്യ കൊലവിളി നടത്തുന്ന കെ. ടി ജലീലിനെ പോലുള്ളവരെ ജയിലിലടയ്ക്കാൻ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം.

ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം പക്ഷേ, ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് ചെയ്യും ?

അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് പാമ്പ്ലാനിയുടെ കർഷകർക്ക് വേണ്ടിയുള്ള നിലപാടിനെ പരാമർശിച്ച് ബിജെപി നൽകുന്ന റബറിൻ്റെ വില പോയി വാങ്ങണമെങ്കിൽ ഉടലിൽ തലയുണ്ടായിട്ട് വേണ്ടേ? എന്ന മുൻ മന്ത്രിയും ഭരണ പക്ഷ എം.എല്‍.എ -യുമായ കെ. ടി. ജലീലിനെപ്പോലെ ഒരാളുടെ പ്രസ്താവന അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉളവാക്കുന്നതാണ്. നാട് ഭരിക്കാൻ നിയുക്തനായവൻ കൊലവിളിയും ഗുണ്ടാപണിയുമായ് ഇറങ്ങിയാൽ നാടിന്റെ അവസ്ഥ എന്താകും ?

ക്രൈസ്തവരെ തലയറുത്ത് കൊന്ന സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുടെ രക്തം കെ. ടി ജലീലിലും എത്തിച്ചേർന്നോ ? 

കൊലവിളിയുമായി നടക്കുന്ന കെ. ടി ജലീലിനെ പോലുള്ള സാമൂഹിക ദുരന്തങ്ങളെ ഇടം വലം നോക്കാതെ തുറുങ്കിലടയ്ക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്.. 

ദ്വയാർത്ഥ പ്രയോഗമുള്ള കൊലവിളി നിങ്ങൾക്കെതിരല്ല എന്ന മുൻകൂർ ജാമ്യം എടുക്കുമായിരിക്കും പക്ഷെ പടിച്ചതേ പാടൂ എന്ന ഈ ക്രിമിനൽ മാനസ്സികാവസ്ഥ തച്ചുടയ്ക്കേണ്ടത് തന്നെയാണ്.

അതിജീവനത്തിനും നിലനിൽപ്പിനുമായി പൊരുതുന്ന കർഷകർക്കൊപ്പം നിന്ന് കത്തോലിക്ക കോൺഗ്രസ്‌ കർഷക പ്രതിഷേധ ജ്വാലയിൽ വെച്ച്, റബ്ബറിന് 300 രൂ വില നൽകണമെന്ന് ശക്തമായ നിലപാട് എടുത്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ അധിക്ഷേപിക്കുകയും, ഹീനമായ രീതിയിൽ സമൂഹ മാധ്യമത്തിലൂടെ വധഭീഷണി മുഴക്കുകയും ചെയ്ത കെ. ടി ജലീലിൽ ഒരു എം.എല്‍.എ ആണ് എന്ന് പറയുന്നതു പോലും മലയാളക്കരയ്ക്ക് അപമാനമാണ്.

ഉത്തരേന്ത്യയിലെ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ഭരണകക്ഷി പുംഗവർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയേ പറ്റു. 

കർഷക വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഭരണ പ്രതിപക്ഷ നേതൃത്വങ്ങൾ നടത്തുന്ന സംഘടിത ശ്രമങ്ങളും മാർ പാംപ്ലാനിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ ആവില്ല.

കേരളത്തിൽ ആഭ്യന്തര വകുപ്പ് ഉണ്ടങ്കിൽ പരസ്യ കൊലവിളി നടത്തുന്ന കെ. ടി ജലീലിനെ പോലുള്ളവരെ ജയിലിലടയ്ക്കാൻ തയ്യാറാകണം.

എങ്ങനെയൊക്കെ ശ്രദ്ധ തിരിച്ചാലും കാർഷിക വില തകർച്ചയിലും വന്യജീവി ആക്രമണത്തിലും ബഫർ സോൺ വിഷയത്തിലും സർക്കാർ മറുപടി പറഞ്ഞേ പറ്റു . അതൊഴിവാക്കാൻ എന്തിന് ഈ പേക്കൂത്തുകൾ ?

 ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഭ്രാന്താലയമാക്കരുത് ….

കത്തോലിക്ക കോൺഗ്രസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.