

ഫ്രാൻസിൽ നിന്നുള്ള ഒരു ഗണിത-നിർമ്മാണ ശാസ്ത്രജ്ഞനും ജെസ്വിട്ട് വൈദികനുമായിരുന്നു പിയറി ആംഗോ. ആധുനിക ശാസ്ത്രമേഖലയിൽ അദ്ദേഹത്തിന്റെ സമകാലീനരായ പല ശാസ്ത്രജ്ഞരെപ്പോലെ പ്രശസ്തിയും അംഗീകാരവും ലഭിച്ചില്ലെങ്കിലും അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ, പ്രത്യേകിച്ചും ജെസ്വിട്ട് സന്യാസിമാരുടെ ഇടയിൽ, അദ്ദേഹത്തിന് വലിയ ആദരവ് ലഭിച്ചിരുന്നു. മിലിട്ടറിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനം, പ്രകാശം, നയനശാസ്ത്രം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
ഫ്രാൻസിലെ റൂവൻ നഗരത്തിൽ 1640-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ചെറുപ്പകാലെത്തെക്കുറിച്ചു യാതൊരു വിവരങ്ങളും നമുക്ക് ലഭ്യമല്ല. നോർമണ്ടി പ്രദേശത്തെ വളരെ സ്വാധീനമുള്ള ഒരു നഗരമായിരുന്നു റൂവൻ. ശാസ്ത്ര വിഷയങ്ങൾ പഠിക്കാൻ തന്റെ നഗരത്തിൽ അവസരം ലഭിച്ചത് പിയറി ആംഗോയുടെ ബൗധിക വളർച്ചയെ വളരെയധികം സഹായിച്ചു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം പിയറി ആംഗോ ഈശോ സഭാ സന്യാസ സമൂഹത്തിലെ അംഗമായി ചേർന്നു. അവിടെ ലത്തീൻ, ഗ്രീക്ക് ഭാഷകളും തത്വശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളും പഠിക്കുകയും ചെയ്തു. രണ്ടു വർഷത്തെ നൊവിഷിയേറ്റ് പരിശീലനത്തിന് ശേഷം തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ നടത്തി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
വൈദികനായതിന് ശേഷവും പിയറി ആംഗോയുടെ ശ്രദ്ധ ഗണിത-ഭൗതിക ശാസ്ത്രങ്ങൾ പഠിക്കുന്നതിൽ ആയിരുന്നു. ശാസ്ത്ര വിഷയങ്ങളുടെ പഠനം അക്കാലത്തെ ജെസ്വിട്ട് സർവ്വകലാശാലകളിൽ നിർബന്ധമായിരുന്നു. മാത്രമല്ല ധാരാളം സന്യാസ വൈദികർ ഈ മേഖലയിൽ ഇക്കാലത്തു ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്.
1603-ൽ സ്ഥാപിതമായ ല ഫ്ലെച്ചെ ജെസ്വിട്ട് കോളേജ് അദ്ദേഹത്തിന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഗണിതം പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ അധ്യാപന ജീവിതം ആരംഭിച്ചത്. നീണ്ട വർഷക്കാലം ഇവിടെ അധ്യാപകനായതിന് ശേഷം 1686 മുതൽ1687 വരെ അദ്ദേഹം ഇവിടുത്തെ കോളേജിന്റെ ചുമതലക്കാരനുമായി സേവനം അനുഷ്ഠിച്ചു. ശാസ്ത്ര വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് തന്റെ വിദ്യാർത്ഥികൾക്ക് സമൃദ്ധമായി നൽകി. മിലിട്ടറി എൻജിനീയറിങ്ങിന് സഹായകമായ ഗ്രന്ഥങ്ങൾ അദ്ദേഹം ഇക്കാലത്തു രചിച്ചു. 1679-ൽ ശത്രുവിന്റെ അക്രമണത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള പ്രതിരോധ മാർഗ്ഗങ്ങളും സംവിധാനങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗ്രന്ഥത്തിന് വലിയ പ്രചാരം ലഭിച്ചു. ഗണിത ശാസ്ത്രത്തിന്റെ ഭാഗമായി ജെസ്വിട്ട് കോളേജുകൾ ഇത്തരം വിഷയങ്ങൾ പഠിപ്പിച്ചിരുന്നു.
പിയറി ആംഗോന്റെ ഏറ്റം ശ്രദ്ധേയമായ സംഭാവന പ്രകാശവുമായി ബന്ധപ്പെട്ടു നടത്തിയ ശാസ്ത്ര പരീക്ഷണങ്ങളാണ്. 1682-ൽ ഈ വിഷയത്തിൽ അദ്ദേഹം മൂന്ന് പുസ്തകങ്ങൾ പാരീസിൽ വച്ച് പ്രസിദ്ധീകരിച്ചു. ഇതിൽ പ്രകാശത്തിന്റെ സ്വഭാവവിശേഷണങ്ങളും പ്രസരണവും സംബന്ധിച്ച തത്വങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൂടാതെ കാഴ്ചയും അത് മെച്ചപ്പെടുത്താനായി കണ്ണാടി ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം എഴുതി. ഒരു മാദ്ധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ പ്രകാശത്തിനുണ്ടാകുന്ന ദിശാവ്യതിയാനത്തെക്കുറിച്ചും അദ്ദേഹം ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. പിയറി ആംഗോ പതിനേഴാം നൂറ്റാണ്ടിലെ മറ്റു ശാസ്ത്രജ്ഞരെപ്പോലെ പ്രശസ്തനായില്ലെങ്കിലും ജെസ്വിട്ട് സമൂഹത്തിലെ ശാസ്ത്രജ്ഞരുടെ ഗണത്തിൽ ഒരു പ്രമുഖ സ്ഥാനം ലഭിച്ചു. ഫ്രഞ്ച് നാഷണൽ ലൈബ്രറിയുടെ ഡിജിറ്റൽ വിഭാഗത്തിൽ ഓൺലൈനായി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്. 1694-ൽ അദ്ദേഹം അധ്യാപനം നടത്തിയിരുന്ന ല ഫ്ലെച്ചെ കോളേജിൽ വച്ചുതന്നെയാണ് അദ്ദേഹം മരിക്കുന്നത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




