ഫാ. ടോം ജന്മനാടിന്റെ സ്‌നേഹത്തണലിലെത്തി

രാമപുരം: ജന്മനാടിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമെന്നോണം ടോം ഉഴുന്നാലില്‍ ഇന്നലെ വൈകുന്നേരം രാമപുരത്തെത്തി നാടിന്റെ സ്‌നേഹം ഏറ്റുവാങ്ങി. പലരും സ്‌നേഹ ചുംബനം നല്‍കാന്‍ ഓടിയടുത്തു.

പള്ളിക്കവലയിലെ കുരിശടിയില്‍ നേര്‍ച്ച അര്‍പ്പിക്കാനെത്തിയ അച്ചന്‍ പരിശുദ്ധ കന്യകാമാതാവിനും വിശുദ്ധ ആഗസ്തീനോസിനും വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്കും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും നന്ദിയര്‍പ്പിച്ചു. അതിനൊപ്പം ജനങ്ങളും ദൈവത്തിന്റെ കാരുണ്യത്തിനു നന്ദി അറിയിച്ചു.

ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ ഹാരാര്‍പ്പണം ചെയ്തു. തുടര്‍ന്ന് തുറന്ന ജീപ്പില്‍ ദേവാലയത്തിലേക്ക് ആനയിച്ചു. ജീപ്പില്‍ നിന്നിറങ്ങവെ അദ്ദേഹം വികാരഭരിതനായി. സ്‌നേഹപ്രകടനങ്ങള്‍ ആ കണ്ണുകളെ ഈറനണിയിച്ചു. തന്റെ മോചനം ആഗ്രഹിച്ചു ദേവാലയങ്ങളില്‍ മാത്രമല്ല, രാമപുരത്തെ ക്ഷേത്രങ്ങളിലും മുസ്‌ലിം പള്ളികളിലുമൊക്കെ പ്രാര്‍ഥനകള്‍ നടന്നുവെന്നതിനെ അനുസ്മരിച്ച് ഫാ. ടോം നാടിനു നന്ദി പറഞ്ഞു.

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടം വണങ്ങിയ ശേഷം കൃതജ്ഞതാബലി അര്‍പ്പിച്ചു. തുടര്‍ന്ന് അനുമോദന സമ്മേളനത്തിനുശേഷം രാത്രി ഉഴുന്നാലില്‍ ജന്മഗൃഹത്തിലെത്തിയ ടോമച്ചനെ റോസാപ്പൂക്കള്‍ നല്‍കി ബന്ധുമിത്രാദികള്‍ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.