ആലുവയും കൊച്ചിയും വെള്ളത്തിൽ 

മഴ വീണ്ടും കനത്തതോടെ ആലുവയും കൊച്ചിയും വെള്ളത്തിൽ മുങ്ങി. കൊച്ചി വിമാനത്താവളം ഉൾപ്പടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൂടുതൽ വെള്ളം ഇരച്ചെത്തുന്നു. ക്രമാതീതമായ വിധത്തിൽ വെള്ളം ഉയരുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.

പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട് പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കൂടാതെ ഇടുക്കി ഡാമിന്റെ ഷട്ടറുകളും കൂടുതൽ തുറക്കും എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. രാത്രി 10 മണിയോടെ കൂടുതല്‍ വെള്ളം ഇടുക്കിയില്‍ നിന്ന് പുറത്തുവിടുമെന്നാണ് അറിയിപ്പ്.  അങ്ങനെ സംഭവിച്ചാൽ ജലനിരപ്പ് ഇനിയും ഉയരും. ഇതു ജനത്തെയും ഒപ്പം തന്നെ റെസ്ക്യൂ ടീമിനെയും കൂടുതൽ ആശങ്കയിലാഴ്ത്തുന്നു.

പെരിയാറിൽ ജലനിരപ്പ് ആശങ്കാജനകമായ വിധത്തിൽ ഉയരുകയാണ്. ഇടുക്കി ഡാമിന്റെ ഷട്ടറുകളിലൂടെ കടത്തി വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 2000 ഘനമീറ്ററായി വെള്ളത്തിന്റെ തോത് ഉയര്‍ത്തും. ഇതോടെ എറണാകുളം, ആലുവ എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതൽ ജാഗരൂകരാകണം എന്ന് ഭരണകൂടം അറിയിപ്പ് നൽകി. ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം എത്തുന്നത് വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, പേരണ്ടൂര്‍, എന്നീ മേഖലകളെ വെള്ളപൊക്കത്തിന് കാരണമാകും.

ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയുടെ ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ 200 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പെരിഞ്ഞല്‍കുത്ത് ഡാം കവിഞ്ഞൊഴുകയാണ്. ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.