ജീവിതത്തെ സുവിശേഷമാക്കുന്ന കുടുംബം

sherin-chackoഷെറിന്‍ ചാക്കോ

”ജനിക്കാത്ത കുഞ്ഞിനെ കൊല്ലുന്ന രാജ്യമാണ് ഏറ്റവും ദരിദ്രമായ രാജ്യം എന്ന് എനിക്കു തോന്നുന്നു. ഒരു കുഞ്ഞിനുകൂടി ഭക്ഷണം കൊടുക്കേണ്ടിവന്നാല്‍ തങ്ങളുടെ സുഖസൗകര്യങ്ങള്‍ കുറഞ്ഞുപോകുമെന്ന് അവര്‍ ഭയെപ്പടുന്നു” (വി. മദര്‍ തെരേസ).

ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും ഭൂമിയിലെ മണല്‍ത്തരികള്‍പോലെയും നിനക്കു സന്താനങ്ങള്‍ ഉണ്ടാകുമെന്ന് ദൈവം അബ്രാഹത്തിനുകൊടുത്ത വാഗ്ദാനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ കോതമംഗലം കോഴിപ്പിള്ളി തേവര്‍കുന്നേല്‍ അനില്‍  സാലി ദമ്പതിമാര്‍ക്ക് ദൈവം ദാനമായി നല്കിയത് ഏഴ് മക്കളെയാണ്. മൂന്ന് ആണും നാലു പെണ്ണും. അമല, ക്രിസ്റ്റോ, ഗ്രെയ്സ് മരിയ, വിന്‍സെന്റ്‌, ജോസന്‍, അല്‍ഫോന്‍സ, എയ്ഞ്ചല്‍ മേരി. ഇന്നത്തെ ന്യൂജന്‍ കുടുംബങ്ങളോട് ഒത്തിരിയേറെ സന്ദേശങ്ങള്‍ പങ്കുവയ്ക്കാനുണ്ട് ഈ യുവദമ്പതികള്‍ക്കും ഇവരുടെ കുഞ്ഞുങ്ങള്‍ക്കും.

ജീവിതത്തെ സുവിശേഷമാക്കിക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്തുന്ന അനിലും സാലിയും ചുറ്റുമുള്ളവര്‍ക്ക് ഒരു അത്ഭുതമാണ്. ആഴ്ചയില്‍ ഒരുദിവസം ചിറ്റൂര്‍ ധ്യാനമന്ദിരത്തില്‍ കൗണ്‍സിലിംഗിനും ശുശ്രൂഷയ്ക്കുമായി ഈ യുവാവ് കടന്നുചെല്ലുന്നു. കുടുംബപ്രാര്‍ത്ഥന ഇല്ലാത്ത ഒരു ദിനംപോലും ഈ കുടുംബത്തില്‍ ഉണ്ടായിട്ടില്ല. 5 വയസ്സുകാരി അല്‍ഫോന്‍സയാണ് ഏറ്റവും ഉത്സാഹത്തോടെ കുടുംബപ്രാര്‍ത്ഥനയ്ക്കായി ഏറ്റവുമാദ്യം എത്തുന്നതും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നതും. പ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവര്‍ക്കും സ്തുതി ചൊല്ലിയതിനുശേഷം ഓരോരുത്തരായി അവരുടെ അന്നത്തെ സ്‌കൂള്‍ വിശേഷം പങ്കുവയ്ക്കുന്നു.

കഞ്ഞിവയ്ക്കാന്‍ ഒരു മണി അരിപോലും ഇല്ലാതിരുന്ന സാഹചര്യത്തില്‍ മക്കളുമൊത്ത് പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങിയ അനില്‍ ആരോ വിളിക്കുന്നതുകേട്ടാണ് പാതിരാത്രിയില്‍ ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ അരിയും സാധനങ്ങളുമായി നില്ക്കുന്ന പഴയസുഹൃത്തിനെയാണ് കണ്ടത്.

ഇത് പങ്കുവച്ചപ്പോള്‍ അനിലിന്റെ കണ്ണുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. എല്ലാവരും ചേര്‍ന്നുപ്രാത്ഥിച്ചാല്‍ നടക്കാത്ത ഒന്നുമില്ല എന്ന് അനില്‍ പറയുന്നു. ഈ കുടുംബത്തെ ഏറ്റവും സ്വാധീനിച്ച വചനമാണ് ”ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമപ്പിിക്കുന്നുവെന്ന് നമുക്കറിയാമല്ലോ.” (റോമാ, 8:28).

കോതമംഗലം ചെറിയപള്ളിത്താഴത്ത് അനില്‍ നടത്തുന്ന മരിയ സ്റ്റോഴ്സില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ജീവിതമാര്‍ഗം. കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുന്ന ഈ ഭവനത്തിലേക്ക് നാം കടന്നുചെല്ലുമ്പോള്‍ നമുക്കൊരു കൊച്ചുപറുദീസയായി അനുഭവവേദ്യമാകുന്നു.

കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2015 ജനുവരി മാസം ഒന്നാം  തീയതി 7 -മത്തെ കുഞ്ഞായ എയ്ഞ്ചല്‍ മേരി ജനിച്ചു. കുടുംബത്തിലെ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ ഫലമാണ് ഈ കുഞ്ഞ്. ഗര്‍ഭത്തില്‍ ഉരുവായ എട്ട് മാസത്തോളം തൂക്കം ഇല്ലാതിരുന്ന കുഞ്ഞിനെ വേണോ എന്ന് പല ഡോക്ടര്‍മാരും ചോദിച്ചു. ഇവരുടെ കണ്ണുനീരോടുകൂടിയ പ്രാര്‍ത്ഥനയുടെ ഉത്തരമാണ് ഇപ്പോള്‍ ചിരിച്ചുകളിച്ചു നടക്കുന്ന ഈ മേരി മാലാഖ.

anil-thevarkunnel-familyആശുപത്രിയില്‍വെച്ച് മൂത്തമകള്‍ അമലയുടെ കൈകളിലേക്കാണ് നേഴ്സുമാര്‍ കുഞ്ഞിനെ ആദ്യമായി കൊടുത്തത്. മറ്റുകുട്ടികള്‍ ഓടിവന്ന് എനിക്കു താ… എനിക്ക് താ… എന്ന് പറഞ്ഞ അനുഭവം കണ്ട പല നേഴ്സുമാരും ഡോക്ടര്‍മാരും തങ്ങളുടെ ജീവിതത്തിലും കൂടുതല്‍ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുകയും ഉറച്ചതീരുമാനമെടുക്കാന്‍ പ്രേരണയാകുകയും ചെയ്തു എന്ന് എന്റെ സുഹൃത്തായ നേഴ്സ് പറഞ്ഞത് ഓര്‍ക്കുന്നു. ആശുപത്രിയില്‍നിന്ന് ഭാര്യയേയും കുഞ്ഞിനെയുമായുള്ള അനിലിന്റെ വരവ് ഒന്നു കാണേണ്ടതുതന്നെയായിരുന്നു. വീടും പരിസരവും അലങ്കരിച്ച് എയ്ഞ്ചല്‍ മേരിക്ക് സ്വാഗതം എന്ന ബാനറുമായി മൂത്ത 6 കുട്ടികള്‍നിന്നത് മറ്റാരുടെയും പ്രേരണയാലല്ല, മറിച്ച് സ്വന്തം പ്രേരണയാലാണ്.

ആറാമത്തെ കുഞ്ഞ് അല്‍ഫോന്‍സ, അവള്‍ വളരെ കുഞ്ഞാണ്. വീട്ടില്‍ സന്ദര്‍ശകരായി എത്തുന്നവരോട് മഠത്തില്‍ ചേരണമെന്ന് ആവേശത്തോടെ പറയും. ‘നീ കുഞ്ഞാണ് വളരട്ടെ’ എന്ന് അമ്മ പറയുമ്പോള്‍ സ്റ്റൂളില്‍ കയറി ഞാന്‍ വലുതാണ് എന്നു പറയുന്നതും എല്ലാവരെയും അതിശയിപ്പിക്കുന്നു. വി. അമ്മത്രേസ്യായ്ക്ക് 12 വയസ്സുള്ളപ്പോള്‍ ഈശോയുടെ പക്കലേക്ക് പോകാന്‍ അതിയായി കൊതിച്ചു. അതിനായ് ഈശോയ്ക്കുവേണ്ടി മരിക്കണം എന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതുപോലെ അല്‍ഫോന്‍സാ

ഈശോയുടെ മണവാട്ടിയാകാന്‍ ഇപ്പോഴേ കൊതിക്കുന്നു. പള്ളിയിലെയും, കുടുംബകൂട്ടായ്മയുടെയും സണ്‍ഡേസ്‌കൂളിലെയും മറ്റ് സംഘടനകളുടെയും എല്ലാ പരിപാടികളിലും ഈ കുഞ്ഞുങ്ങളുടെ സജീവസാന്നിധ്യം ഉണ്ട്. പരസ്പരം കാണാതിരിക്കാന്‍ സാധിക്കാത്തവിധം പരസ്പരം സ്നേഹിക്കുന്ന ഈ കുഞ്ഞുങ്ങള്‍ ഈശോ വളര്‍ന്നതുപോലെ ‘പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളരുന്നു’ (ലൂക്കാ 2:52).

മൂത്തമകള്‍ അമല +2 വിദ്യാഭ്യാസത്തിനുശേഷം കോതമംഗലം സിഎംസി മഠത്തില്‍ ചേര്‍ന്നു. ഇപ്പോള്‍ വാഴക്കുളത്ത് D.Ed ന് പഠിക്കുന്ന വളരെ സ്മാര്‍ട്ടായ അമലയോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. എന്തുകൊണ്ട് മഠത്തില്‍പോയി? അപ്പോള്‍ അവള്‍ പറയുന്നത് ഇതാണ്. ‘എന്റെ ചെറുപ്പത്തില്‍ എന്റെ അച്ഛനും അമ്മയും വളരെ ചെറുപ്പമാണ്. ഞാന്‍ രാത്രിയില്‍ എഴുന്നേല്‍ക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും ഞങ്ങള്‍ക്കുവേണ്ടി മുട്ടിന്മേല്‍നിന്ന് കൈകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കുന്നതാണ് കാണുന്നത്. എനിക്ക് ദൈവവിളി ലഭിച്ചത് എന്റെ മാതാപിതാക്കളിലൂടെയാണ്.’

അമല ക്ലാസില്‍ വീട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തങ്ങളുടെ സഹപാഠിയുടെ വീട്ടുവിശേഷങ്ങള്‍ അത്ഭുതത്തോടെയും അഭിമാനത്തോടെയും കുറച്ച് അസൂയയോടെയുമാണ് മറ്റു കുട്ടികള്‍ ശ്രവിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.